2025ല്‍ പ്രേക്ഷകരെയാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര തിയേറ്ററുകളിലേക്കെത്തിയത്. വലിയ ഹൈപ്പൊന്നുമില്ലാതെയെത്തിയ ചിത്രം ആദ്യ ദിനത്തിലെ ഷോകള്‍ക്ക് ശേഷം കത്തിക്കയറുകയും ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറുകയും ചെയ്യുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രം കേരളത്തില്‍ പ്രചാരത്തിലുള്ള നാടോടിക്കഥകളിലെ കഥാപാത്രങ്ങളായ ചാത്തനെയും നീലിയെയുമടക്കം സൂപ്പര്‍ഹീറോ പരിവേഷത്തില്‍ അവതരിപ്പിച്ചായിരുന്നു കഥ പറഞ്ഞിരുന്നത്.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: X.com
കേരളത്തിന് പുറമെ മറ്റ് ഇന്‍ഡസ്ട്രികളിലും വലിയ രീതിയില്‍ ചര്‍ച്ചയായ ചിത്രം 300 കോടിയിലധികം നേടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായും മാറിയിരുന്നു. നീലിയായി കല്ല്യാണി പ്രിയദര്‍ശന്‍ വേഷമിട്ട ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയ്ക്ക് ശേഷം ചാത്തനായി ടൊവിനോയെത്തുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനായ ഡൊമിനിക് അരുണ്‍. ലോകഃയുടെ ആദ്യഭാഗം വലിയ വിജയമായത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിലേക്കെത്തുമ്പോള്‍ സ്‌റ്റോറി ലൈനില്‍ മാറ്റമുണ്ടാകില്ലെന്ന് സംവിധായകന്‍ പറയുന്നു.
‘ആദ്യ ഭാഗം വിജയമായതിനാല്‍ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ കാര്യമായ മാറ്റമുണ്ടാകില്ല. കാരണം വരാനിരിക്കുന്ന ചാപ്റ്ററുകള്‍ക്ക് ഇതിനോടകം തന്നെ ഒരു സ്ട്രക്ച്ചര്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അത് നമുക്കൊരിക്കലും മാറ്റാന്‍ സാധിക്കില്ല. ഇത്തരത്തിലൊരു ലോകം അവതരിപ്പിച്ചത് കൊണ്ട് തന്നെ അതിനെ എങ്ങനെ കൂടുതല്‍ എക്‌സൈറ്റിങ് ആക്കി മാറ്റാം എന്ന് മാത്രമാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ചാപ്റ്റര്‍ വണ്ണില്‍ ലഭിച്ചതില്‍ നിന്നും വ്യത്യസ്തമായി എന്ത് പുതിയ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ സാധിക്കുക എന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്. അത് ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതാണ് എന്നിരുന്നാലും അതിന് സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്,’ ഡൊമിനിക് അരുണ്‍ പറഞ്ഞു.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: X.com
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയില്‍ കല്ല്യാണി പ്രിയദര്‍ശനും ടൊവിനോ തോമസിനും പുറമെ നസ്‌ലെന്‍, ചന്തു സലീം, ദുല്‍ഖര്‍ സല്‍മാന്‍, സാന്‍ഡി മാസ്റ്റര്‍, തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും അവസാന ഭാഗത്ത് പരാമര്‍ശിക്കുന്ന മൂത്തോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടി ആണെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു. ലോകഃയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ നടക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlight: Director Dominic Arun talks about upcoming installments of Lokah cinematic universe