| Wednesday, 3rd September 2025, 8:21 am

തരംഗത്തിന്റെ പരാജയം എന്നെ ബാധിച്ചു; ആ സിനിമക്ക് ശേഷം ഞാന്‍ വെറുതേ ഇരുന്നിട്ടില്ല: ഡൊമനിക് അരുണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഓണം റിലീസായി തീയേറ്ററുകളില്‍ എത്തിയ സിനിമ ഇതിനോടകം കോടികള്‍ സ്വന്തമാക്കി കഴിഞ്ഞു. ഡൊമനിക് അരുണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തന്റെ ആദ്യ ചിത്രമായ തരംഗത്തിന് ശേഷം അരുണ്‍ സംവിധാനം ചെയ്ത സിനിമയാണ് ലോക. ബോക്‌സ് ഓഫീസില്‍ പരാജയമായി തീര്‍ന്ന ചിത്രമായിരുന്നു 2017ല്‍ പുറത്തിറങ്ങിയ തരംഗം. ഇപ്പോള്‍ തരംഗം സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഡൊമനിക് അരുണ്‍.

‘ ആദ്യ സിനിമ പരാജയപ്പെട്ടപ്പോള്‍ അത് എന്നെ ബാധിച്ചിരുന്നു. ഇത് ഇങ്ങനെയല്ലേ പരിപാടി, നമ്മള്‍ വിചാരിക്കുന്നത് പോലെ നടക്കില്ലേ എന്നൊരു ചിന്ത ഉണ്ടായിരുന്നു. അങ്ങനെയുള്ള സെല്‍ഫ് ഡൗട്ടൊക്കെ തോന്നിയ സമയമാണ് അത്. പിന്നെ അടുത്ത ഒരു ഐഡിയ കിട്ടുമ്പോഴേക്കും നമ്മള്‍ ഇത് മറക്കും. പിന്നെ കുറച്ചുകൂടെ ഓക്കെയാകും. ആ സിനിമ കഴിഞ്ഞിട്ട് ഞാന്‍ വെറുതേ ഇരിക്കുക ഒന്നും അല്ലായിരുന്നു. ഇതിനിടയില്‍ കുറച്ച് എഴുത്തും പരിപാടിയുമൊക്കെയുണ്ടായിരുന്നു.

ഒരു സിനിമ ഓള്‍മോസ്റ്റ് ചെയ്യാനിരുന്നിപ്പോഴാണ് കൊവിഡ് വന്നത്. അങ്ങനെയൊരു പ്രൊജക്ട് കൊവിഡ് സമയത്ത് ചെയ്യാന്‍ കഴിയില്ലായിരുന്നു. പിന്നെ അങ്ങനെയൊരു സിറ്റുവേഷനില്‍ ചെറിയ പടം ചെയ്യാമെന്ന് വിചാരിച്ചു. അതും പല കാരണങ്ങള്‍ കൊണ്ട് മാറി പോയി. മാറി പോകുമ്പോഴും ഞാന്‍ വിചാരിച്ചത് നമുക്ക് ഇഷ്ടമുള്ള ഒരു സംഭവം ചെയ്താല്‍ മതി വെറുതേ ഒരു പടം ചെയ്യേണ്ടെന്നാണ്,’ ഡൊമനിക് അരുണ്‍ പറയുന്നു.

തരംഗം

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, ശാന്തി ബാലചന്ദ്രന്‍, ബാലു വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ സിനിമയാണ് തരംഗം. തമിഴ് ചലച്ചിത്ര താരം ധനുഷ് നിര്‍മിച്ച ഈ സിനിമയില്‍ സൈജു കുറുപ്പ്, നേഹ അയ്യര്‍, അലെന്‍സിയര്‍, മനോജ് കെ ജയന്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍, തുടങ്ങിയവരും അഭിനയിക്കുന്നു.

Content Highlight: Director Dominic Arun talks about the failure of his debut film Tharangam

We use cookies to give you the best possible experience. Learn more