| Sunday, 14th September 2025, 9:44 am

കുട്ടി നീലിയുടെ പ്രകടനം എടുത്തു പറയണം; അപകടം പിടിച്ചതായിരുന്നു ആ രംഗങ്ങളുടെ ചിത്രീകരണം: ഡൊമിനിക് അരുണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ വിജയകുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തില്‍ എത്തിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ ചിത്രമായാണ് ലോകഃ ഒരുങ്ങിയത്. മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത സൂപ്പര്‍ഹീറോ ഴോണറിലെത്തിയ ഈ ചിത്രം പല റെക്കോര്‍ഡുകളും ഇതിനോടകം തകര്‍ത്ത് കഴിഞ്ഞു.

സിനിമയുടെ വിജയത്തില്‍ മനസുതുറക്കുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് ടീമിനാണെന്നാണ് അരുണ്‍ പറയുന്നത്. ചെറിയ ബജറ്റില്‍ സിനിമ തീര്‍ത്തതില്‍ പ്രൊഡക്ഷന്‍ ടീമിന്റെ പങ്ക് വളരെ വലുതാണെന്നും സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ തന്നെ ലിമിറ്റഡ് ബജറ്റില്‍ ചെയ്യേണ്ടിവരും എന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും ഡൊമിനിക് കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ വലിയ സംഭവം എന്ന് തോന്നുന്ന പലതും വളരെ പരിമിതമായ ഇടങ്ങളില്‍ ചെയ്തതാണ്. കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നതുകൊണ്ടാണ് നന്നായി തീര്‍ക്കാന്‍ പറ്റിയത്. ജെയ്ക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും കല്യാണിയും നസ്‌ലെനും ഉള്‍പ്പെടെ എല്ലാ നടീ നടന്മാരുടെയും പ്രകടനവും പിന്തുണയുമെല്ലാം സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്,’ ഡൊമനിക് പറഞ്ഞു.

എടുത്തു പറയേണ്ടത് നീലിയുടെ കുട്ടിക്കാലം ചെയ്ത ദുര്‍ഗ സി.വിനോദിന്റെ പ്രകടനമാണെന്ന് അദ്ദേഹം പറയുന്നു. ഏറെ അപകടം പിടിച്ചതായിരുന്നു ആ രംഗങ്ങളുടെ ചിത്രീകരണമെന്നും എന്നാല്‍ ദുര്‍ഗയും മാതാപിതാക്കളും പൂര്‍ണ പിന്തുണയുമായി കൂടെ നിന്നുവെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

‘നീലിയില്‍ നിന്നാണ് സിനിമ തുടങ്ങിയത്. ബാക് സ്റ്റോറികളും മറ്റ് പ്ലോട്ടുകളുമെല്ലാം അതില്‍ നിന്ന് വികസിച്ചു വന്നതാണ്. ഇതൊരു ലോകമാണ്. ചില കഥാപാത്രങ്ങളൊക്കെ എന്തിനു വന്നു എന്നു തോന്നിയേക്കാം. അവരാരും വെറുതേ വന്നു പോകുന്നവരല്ല. എല്ലാവരുടെയും കഥകള്‍ക്ക് വരും ഭാഗങ്ങളില്‍ പൂര്‍ത്തീകരണം ഉണ്ടാകും,’ അരുണ്‍ പറയുന്നു.

Content highlight:  Director Dominic Arun says the credit for the success of LOKAH movie  goes to the team

We use cookies to give you the best possible experience. Learn more