| Monday, 5th January 2026, 10:54 am

എവിടെ നോക്കിയാലും എക്കോ എഫക്റ്റ്; അവസാനം പാമ്പിനെയും കണ്ടു; ദിൻജിത്ത് അയ്യത്താൻ

നന്ദന എം.സി

ആസിഫ് അലിയെയും അപർണ ബാലമുരളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘കിഷ്കിന്ധാ കാണ്ഡം’ സൂപ്പർ ഹിറ്റായതിന് ശേഷം, തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്ത് അയ്യത്താനും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘എക്കോ’.

നവംബറിൽ തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയതിന് പിന്നാലെ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും പ്രേക്ഷക പിന്തുണ നേടുകയാണ്.

Eko Official Poster, Photo: IMDb

മലയാള സിനിമ എന്നും വ്യത്യസ്തമായ ആശയങ്ങളും അവതരണങ്ങളും പരീക്ഷിക്കാറുണ്ടെന്നതിന് മികച്ച ഉദാഹരണമാണ് എക്കോ എന്ന ഈ സിനിമ.

‘എക്കോ’യുടെ ഷൂട്ടിംഗ് സെറ്റിൽ ഒരുപാട് മറക്കാനാകാത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ഈ ചിത്രം എന്നും ദിൻജിത്ത് മുൻപേ പറഞ്ഞിരുന്നു.

ഇപ്പോഴിതാ രേഖ മേനോനുമായുള്ള ഒരു അഭിമുഖത്തിൽ, ‘എക്കോ’യുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായ മറ്റൊരു അപൂർവ അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.

‘ഈ കാര്യം ഇതുവരെ ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാനും, സന്ദീപും, പ്രൊഡ്യൂസർ ജയറാമുമാണ് ഒരു റൂമിൽ താമസിച്ചിരുന്നത്. അത് ഒരു വില്ല ടൈപ്പ് സ്ഥലമായിരുന്നു.

Eko Official Poster, Photo: IMDb

ഒരു ദിവസം ജയറാം എന്നോട് പറഞ്ഞു, ‘എടാ, ഞാൻ ഒരു പാമ്പിനെ കണ്ടു’ എന്ന്. ബാത്ത്റൂമിലാണെന്നും പറഞ്ഞു. ഞാൻ വിശ്വസിച്ചില്ല. ‘ചുമ്മാ പേടിപ്പിക്കില്ലേ’ എന്നാണ് ഞാൻ പറഞ്ഞത്.

ഞാൻ വിശ്വസിക്കില്ലെന്ന് മനസിലാക്കിയതുകൊണ്ട് തന്നെ അവൻ ഒരു വീഡിയോ എടുത്തിരുന്നു. അത് കണ്ടപ്പോൾ മനസ്സിലായി നല്ല വിഷമുള്ള ഒരു പാമ്പിന്റെ കുഞ്ഞായിരുന്നു അത്.

ആ ദിവസമായിരുന്നു ജയറാം വന്നത്. അന്ന് തന്നെ പാമ്പിനെ കാണുകയും ചെയ്തു. അതുവരെ അവിടെ ഞാൻ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അതിനുശേഷം എനിക്ക് നല്ല ടെൻഷനായി. അടുത്ത ദിവസം അവൻ പോയി, ഞാൻ വീണ്ടും ഒറ്റയ്ക്കായി.
രാത്രി ഉറങ്ങുമ്പോൾ എല്ലായ്പ്പോഴും മനസിൽ ഉണ്ടായിരുന്നു ആ പാമ്പ് എവിടെയെങ്കിലും ഉണ്ടാകുമോ എന്ന്. കെയർടേക്കറോട് എല്ലായിടവും നന്നായി വൃത്തിയാക്കാൻ പറഞ്ഞിരുന്നു.

Eko Official Poster, Photo: IMDb

പിറ്റേന്ന് രാവിലെ ബോട്ടിലിൽ നിന്ന് വെള്ളം എടുത്ത് കുടിക്കുമ്പോൾ, കാലിന് അടിയിലൂടെ എന്തോ ഇഴഞ്ഞുപോയി. അത് ആ പാമ്പ് തന്നെയായിരുന്നു.

അത് ഒരു സൗണ്ട് ബോക്സിന്റെ അടിയിലേക്ക് കയറി. പിന്നീട് കെയർടേക്കർ വന്നുനോക്കിയപ്പോൾ, അതിന്റെ അടിയിൽ രണ്ട് പാമ്പുകൾ ഉണ്ടായിരുന്നു,’ ദിൻജിത്ത് അയ്യത്താൻ പറഞ്ഞു.

അതിനു ശേഷം അവിടെ നിന്നും മാറിയെന്നും, ‘എക്കോ’യ്ക്ക് ശേഷം എവിടെയെങ്കിലും പോകുമ്പോൾ സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊരു സാന്നിധ്യം ഉണ്ടാകുമെന്ന് എപ്പോഴും തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നായ്ക്കളെ അതുപോലെ ഇടയ്ക്കിടെ കാണാറുണ്ടെന്നും അവ അദ്ദേഹത്തെ നോക്കുന്നതായി തോന്നാറുണ്ടെന്നും ദിൻജിത്ത് കൂട്ടിച്ചേർത്തു.

Content Highlight: Director Dinjith Ayyathan talks about his experience making Eko

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more