| Tuesday, 21st April 2026, 9:18 pm

പൃഥ്വി മമ്മൂക്കയെ പോലെ കൊള്ളില്ലെങ്കില്‍ കൊള്ളില്ലെന്ന് മുഖത്ത് നോക്കി പറയും: ദീപു കരുണാകരന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ചയാളാണ് ദീപു കരുണാകരന്‍. പിന്നീട് ക്രേസി ഗോപാലന്‍ എന്ന വിജയചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ദീപു തേജാഭായി ആന്റ് ഫാമിലി, വിന്റര്‍, കരിങ്കുന്നം സിക്‌സസ്, ഫയര്‍മാന്‍ തുടങ്ങി ഒട്ടനവധി നല്ല ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.

ഇന്ദ്രജിത്ത് സുകുമാരനെയും അനശ്വര രാജനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ മിസിസ് ബാച്ച്‌ലര്‍ എന്ന ചിത്രമാണ് ദീപുവിന്റെ സംവിധാനത്തില്‍ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. തന്റെ ആദ്യ ചിത്രമായ ക്രേസി ഗോപാലന്‍ സംവിധാനം ചെയ്ത ശേഷം പൃഥ്വിരാജിനെ നായകനാക്കി തേജാഭായി ആന്റ് ഫാമിലി എന്ന ചിത്രം സംവിധാനം ചെയ്ത അനുഭവത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ദീപു കരുണാകരന്‍. Photo: ETV Bharath

‘ക്രേസി ഗോപാലന്‍ ദിലീപേട്ടന്റെ സിനിമയായതിനാല്‍ അതിന് ശേഷം ആ സംവിധായകന്‍ വേറെ സിനിമ ചെയ്യില്ലെന്ന് ഒരു അടക്കം പറച്ചിലുണ്ടായിരുന്നു. അയാള്‍ പിന്നെ ഒരു പടം ചെയ്താല്‍ അത് വിജയിക്കില്ലെന്ന് ആള്‍ക്കാര്‍ ചുമ്മാ പറഞ്ഞ് പ്രചരിപ്പിക്കുന്നതായിരുന്നു . കാരണം അത് ദിലീപേട്ടന്റെ സ്‌ക്രിപ്റ്റാണ്, ദിലീപേട്ടന്റെ സംവിധാനമാണ് എന്നെല്ലാമാണ് ഇത്തരക്കാര്‍ പറയുക.

അങ്ങനെയാണെങ്കില്‍ കോമഡി എനിക്ക് എഴുതാന്‍ കഴിയുമെന്ന് പ്രൂവ് ചെയ്യുന്ന ഒരു സിനിമയായിരുന്നു തേജാഭായി ആന്റ് ഫാമിലി. അന്ന് കഥയെല്ലാം റെഡിയായ ശേഷമാണ് പൃഥ്വിയെ സമീപിക്കുന്നത്. കാരണം അദ്ദേഹം മമ്മൂക്കയെ പോലെയാണ്. എത്രയൊക്കെ സൗഹൃദമുണ്ടായാലും അത് എക്‌സ്‌പ്രെസ് ചെയ്യുന്ന ആളൊന്നുമല്ല. കൊള്ളില്ലെങ്കില്‍ കൊള്ളില്ലെന്ന് മുഖത്ത് നോക്കി പറയും. ദീപുവാണ്, കൊച്ചിലേ മുതല്‍ എന്റെ സുഹൃത്താണ് അല്ലെങ്കില്‍ എന്റെ ഫാമിലിയായിട്ട് നല്ല അടുപ്പം ഉള്ള ആളാണ് എന്നാല്‍ ഇയാള്‍ പറയുന്ന കഥ ഞാന്‍ കേട്ടേക്കാം നല്ല അഭിപ്രായം പറഞ്ഞേക്കാം എന്നൊന്നും അദ്ദേഹം ചിന്തിക്കില്ല,’ ദീപു പറഞ്ഞു.

തേജാഭായി ആന്റ് ഫാമിലി . Photo: JIO Hotstar

ക്രേസി ഗോപാലന് ശേഷം പൃഥ്വിരാജിനെ നായകനാക്കി 2011ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തേജാഭായി ആന്റ് ഫാമിലി. പൃഥ്വിരാജിന്റെ കരിയറിലെ മികച്ച കോമഡി ചിത്രങ്ങളിലൊന്നായ തേജാഭായിയില്‍ സുരാജ് വെഞ്ഞാറമൂട്, അഖില ശശിധരന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Director Deepu Karunakaran Talks about Similarities in the character of Mammootty and Mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more