| Tuesday, 4th August 2026, 4:35 pm

ടൊവിനോ രക്ഷപ്പെടുന്ന സീനുണ്ടായിരുന്നു, പക്ഷേ അതെന്നോട് കൂടി മണ്ണടിയും; ബാലനില്‍ ഡിലീറ്റ് ചെയ്ത സീനിനെ കുറിച്ച് ചിദംബരം

അശ്വിന്‍ രാജേന്ദ്രന്‍

നിലവില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ്. മികച്ച പ്രതികരണം ലഭിച്ച തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം സീ ഫൈവിലൂടെ ചിത്രം ഒ.ടി.ടിയിലും പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ടും ബാലനിലെ കഥാപാത്രങ്ങളെ ചര്‍ച്ചയാക്കി കൊണ്ടും ഒട്ടനവധി പേര്‍ രംഗത്തെത്തിയത്. ബാലനിലെ അമ്മയും കുട്ടിയും ടൊവിനോ അവതരിപ്പിച്ച അബ്ബയും ജീന്‍ പോള്‍ ലാലിന്റെ പവിത്രന്‍ പൊലീസുമെല്ലാം സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു.

ബാലന്‍ ദി ബോയ്. Photo: District

ഇത്തരത്തില്‍ ബാലന്‍ കണ്ട ഓരോരുത്തരും സംശയും പ്രകടിപ്പിച്ച സീനുകളിലൊന്നായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അബ്ബയെ പൊലീസ് പിടികൂടുന്നത്. തന്റെ അമ്മയെ കാണാന്‍ വേണ്ടി അബ്ബയെ പൊലീസിന് കാണിച്ച് കൊടുക്കുന്ന കുട്ടി വളരെ വൈകിയണ് താന്‍ ചെയ്ത തെറ്റ് മനസിലാക്കുന്നത്. പൊലീസ് കൊണ്ട് പോകുന്നതിന് മുമ്പായി അബ്ബയോട് ക്ഷമ ചോദിക്കാന്‍ പോകുന്നതിനിടയില്‍ പവിത്രനെ തട്ടുകയും തുടര്‍ന്ന് അബ്ബയുടെ കൈയില്‍ പിടിച്ച് പറ്റിപ്പോയി എന്നും കുട്ടി പറയുന്നത് കേള്‍ക്കാം. എന്നാല്‍ ഇതിനിടയില്‍ രക്ഷപ്പെടാനുള്ള താക്കോലും അബ്ബയുടെ കൈയില്‍ കൊടുത്തിട്ടുണ്ടെന്നും പലരും പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇത്തരം തിയറികള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകന്‍ ചിദംബരം. ഈ സീന്‍ താന്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ റിലീസ് ചെയ്തിട്ടില്ലെന്നുമാണ് സംവിധായകന്‍ പുതിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘ചിത്രത്തില്‍ ടൊവിനോയുടെ അബ്ബ രക്ഷപ്പെടുന്ന സീനുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ അത് റിലീസ് ചെയ്തില്ല. അബ്ബ രക്ഷപ്പെടുന്നതായി തന്നെ ഒരു സീന്‍ ഞങ്ങള്‍ എക്‌സ്ട്രാ ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. പൊലീസ് ജീപ്പിന്റെ കോണ്‍വോയ് പോകുമ്പോള്‍ ടൊവി കൈ തുറന്ന് താക്കോല്‍ റിവീല്‍ ചെയ്യുന്നതും, അവിടെ നിന്ന് കട്ട് ചെയ്ത് കുട്ടി താക്കോല്‍ എടുത്ത് കൈയില്‍ കൊടുക്കുന്നതും പിന്നാലെ ലോറി ഡ്രൈവര്‍ വരുന്നതും എല്ലാം ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. പക്ഷേ അതെന്നോട് കൂടി മണ്ണടിയും,’ ചിദംബരം തമാശയോടെ പറയുന്നു.

ബാലന്‍ ദി ബോയ്. Photo: ZEE5

അബ്ബയെ കുറിച്ച് കൂടുതല്‍ അറിയണമെന്നുള്ള പ്രേക്ഷകരുടെ ചിന്ത മതിയെന്നും സിനിമയിലത് വെച്ച് കഴിഞ്ഞാല്‍ ഭയങ്കര ഓവറായി പോകുമെന്നും അദ്ദേഹം പറഞ്ഞു. അമ്മയും അബ്ബയും എല്ലാവരും രക്ഷപ്പെട്ടെന്നായാല്‍ അത് ക്ലൈമാക്‌സിന്റെ ഇംപാക്ട് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഇത്തരത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത് നല്ല കാര്യമാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Director Chidambaram talks about the climax scene in his movie Balan the Boy

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more