| Sunday, 19th July 2026, 3:00 pm

2026ല്‍ മലയാള സിനിമ ഒരു ബൊഫേ പോലെയാണ്, എല്ലാ തരത്തിലുള്ള ചിത്രങ്ങളുമുണ്ട്: ചിദംബരം

അശ്വിന്‍ രാജേന്ദ്രന്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള സിനിമ വലിയ രീതിയില്‍ ആഘോഷിച്ച സംവിധായകനാണ് ചിദംബരം എസ്. പൊതുവാള്‍. 2021ല്‍ പുറത്തിറങ്ങിയ ജാന്‍.എ.മന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിദംബരം 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സിലൂടെ തന്റെ പേര് ഇന്ത്യന്‍ സിനിമാ ലോകത്ത് അടയാളപ്പെടുത്തുകയായിരുന്നു.

തമിഴ്നാട്ടില്‍ നിന്നടക്കം അറുപത് കോടിയിലധികം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരുന്നു. എന്നാല്‍ മഞ്ഞുമ്മലിന് ശേഷം ചിദംബരം സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ബാലന്‍ ദി ബോയ് ആണ് സംവിധായകന്റെ പൊട്ടന്‍ഷ്യല്‍ പ്രേക്ഷകര്‍ക്ക് വെളിപ്പെടുത്തി നല്‍കിയത്.

Photo: SpotboyE

ബാലനൊപ്പം ഒട്ടനവധി ചിത്രങ്ങളായിരുന്നു 2026ന്റെ ആദ്യ പകുതിയില്‍ പുറത്തിറങ്ങിത്. വമ്പന്‍ ഹിറ്റുകളായ വാഴ 2വും, ദൃശ്യം 3യും ആട് 3യും ഒപ്പം മികച്ച നിരൂപക പ്രശംസ നേടി മോഹിനിയാട്ടവും ബാലന്‍ ദി ബോയിയും ചേര്‍ന്നപ്പോള്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതി എല്ലാ വിധത്തിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയായിരുന്നു. അതേസമയം ബത്‌ലഹേം കുടുംബ യൂണിറ്റും, ഖലീഫയും ഐ നോബഡിയും അടക്കം വമ്പന്‍ ചിത്രങ്ങളാണ് അടുത്ത മാസം തിയേറ്ററുകളിലേക്കെത്താനിരിക്കുന്നതും.

ഇപ്പോഴിതാ 2026ലെ മലയാള സിനിമയെ കുറിച്ച് ചിദംബരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഈ വര്‍ഷം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഭയങ്കര നല്ല വര്‍ഷമാണ്. ഒരുപാട് നല്ല ചിത്രങ്ങള്‍ ഇതുവരെ പുറത്തിറങ്ങി ഇനിയും ഒരുപാട് നല്ല ചിത്രങ്ങള്‍ വരാനിരിക്കുന്നുമുണ്ട്. ഞങ്ങള്‍ ബാലന്‍ റിലീസ് ചെയ്യാന്‍ വേണ്ടി ഒരു ഗ്യാപ്പ് വരെ നോക്കിയിരിക്കുകയായിരുന്നു. എല്ലാം നല്ല വലിയ സിനിമകളായിരുന്നു. ഒരു ബൊഫേ പോലെയാണ് എനിക്ക് തോന്നിയത്. എല്ലാ വിധത്തിലുള്ള ചിത്രങ്ങളുമുണ്ട്. ഏതാണ് തെരഞ്ഞെടുക്കേണ്ടതെന്ന സംശയത്തിലാണ് നമ്മള്‍.

ബാലന്‍ ദി ബോയ്. Photo: District

മറ്റുള്ള ഇന്‍ഡസ്ട്രികളില്‍ ഒരേ പാറ്റേണിലുള്ള പത്ത് ചിത്രങ്ങള്‍ വരുമ്പോള്‍ നമുക്ക് വ്യത്യസങ്ങളായ ഴോണറിലുള്ള ചിത്രങ്ങളാണ് വരുന്നത്. മറ്റ് ഭാഷകളില്‍ അത് നടക്കുന്നത് സങ്കടകരമായ കാര്യമാണ്. അവിടെ ഒരു റൂറല്‍ ഡോണിന്റെ കഥ ഹിറ്റാവുകയാണെങ്കില്‍ പിന്നെ കുറച്ച് കാലത്തേക്ക് അതേ പാറ്റേണിലായിരിക്കാം ചിത്രങ്ങള്‍ വരുന്നത്. അതാണ് പാന്‍ ഇന്ത്യന്‍ എന്നാണ് അവരുടെ ധാരണ. എന്താണ് പാന്‍ ഇന്ത്യന്‍ എന്നുള്ളത് വേറെ തന്നെ ഒരു ചര്‍ച്ചയാണ്,’ ചിദംബരം പറഞ്ഞു.

Content Highlight: Director Chidambaram S Poduval talks about Versatility of Malayalam Cinema in 2026

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more