‘ജാൻ എ മൻ’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ യുവ സംവിധായകനാണ് ചിദംബരം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബാലൻ ദി ബോയ്’ തിയേറ്ററുകളിൽ നിറഞ്ഞ കയ്യടിയോടെ പ്രദർശനം തുടരുകയാണ്.
ഇപ്പോൾ തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തെക്കുറിച്ചും, സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് അദ്ദേഹം. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് ചിദംബരം മനസ്സ് തുറന്നത്.
ചിദംബരം.Photo;LiveLaw/IMDB
‘എന്റെ ജീവിതത്തിലും എല്ലാം വിട്ടെറിഞ്ഞു നാട് വിട്ടു പോകാൻ തോന്നിയ ഒരു ഘട്ടമുണ്ടായിരുന്നു, സിനിമകളൊന്നും ഉണ്ടായിരുന്നില്ല. ഒരു പടം കഴിഞ്ഞാൽ പിന്നെ രണ്ട് മൂന്ന് വർഷത്തേക്ക് ഒരു സിനിമയും കാണില്ല. സിനിമ എനിക്ക് പറ്റിയ പണിയല്ല എന്ന് വരെ തോന്നിപ്പോയ സമയം. ആ സമയത്താണ് ഹിമാലയത്തിലൊക്കെ പോയി ജീവിക്കുന്ന ആ ഒരു റൊമാന്റിക് ലൈഫിനെക്കുറിച്ചും യാത്രകളെക്കുറിച്ചുമൊക്കെ ചിന്തിക്കുന്നത്. അങ്ങനെ ഒരു വർഷം മുഴുവൻ ഞാൻ കൊടൈക്കനാലിൽ ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് പോയി കറങ്ങി നടന്നു.
പക്ഷേ, ആ സമയത്താണ് എനിക്ക് ഒരു കാര്യം മനസ്സിലായത് ഈ ഒരു ജീവിതം എനിക്ക് പറ്റിയതല്ല, ഞാൻ സിനിമയിലേക്ക് തന്നെ തിരിച്ചുപോകണം, അവിടെ വീണ്ടും ശ്രമിക്കണം എന്ന്. സത്യത്തിൽ അത് ഭയങ്കര ബുദ്ധിമുട്ടേറിയതും ഡിപ്രസിങ് ആയതുമായ ഒരു അവസ്ഥയാണ്.
ചിദംബരം സിനിമകൾ.Photo:IMDB
കാരണം നമ്മൾ തികച്ചും ഒറ്റയ്ക്കായിരിക്കും. മാനസികമായി നല്ല കരുത്തുണ്ടെങ്കിലേ അതിനെ അതിജീവിക്കാൻ പറ്റൂ. നമുക്ക് ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ, നമ്മൾ മറ്റെന്തെങ്കിലും ചെയ്യാനാണ് ജനിച്ചതെങ്കിൽ, ഒടുവിൽ നമ്മൾ അതിലേക്ക് തന്നെ തിരിച്ചെത്തേണ്ടി വരും.
ഇല്ലെങ്കിൽ മനസ് അസ്വസ്ഥമായിക്കൊണ്ടേയിരിക്കും. കാരണം, ഉള്ളിലുള്ളത് പ്രകടിപ്പിക്കാൻ പറ്റാത്തതിനേക്കാൾ വലിയ വേദന വേറെയില്ല. മനസ്സിൽ ഒരുപാട് നല്ല കഥകളും ആശയങ്ങളും ഉണ്ടായിട്ടും ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുക എന്നത് നരകതുല്യമാണ്. യാത്രകളെ ആസ്പദമാക്കിയുള്ള സിനിമകൾക്ക് എപ്പോഴും ഒരു പ്രത്യേക ഭംഗിയുണ്ട്, ആളുകൾക്ക് അത് കാണാൻ വലിയ ഇഷ്ടവുമാണ്. ദിവസേനയുള്ള ഈ ഓട്ടപ്പാച്ചിലുകളിൽ നിന്നും ജീവിതത്തിന്റെ സ്ഥിരം ശൈലികളിൽ നിന്നും ഒക്കെ മാറി നിൽക്കുക എന്നത് ഭൂരിഭാഗം ആളുകളുടെയും ഒരു സ്വപ്നമാണ്. ആ ഒരു സ്വപ്നത്തെയാണ് ട്രാവൽ സിനിമകളിലൂടെ നമ്മൾ വിൽക്കാൻ ശ്രമിക്കുന്നത്.
Content Highligh: Director Chidambaram reveals he once wanted to quit cinema for the Himalayas