| Tuesday, 23rd June 2026, 4:29 pm

'പൈസ തന്നു വിളിച്ചിട്ടും ഞാൻ പോയിട്ടില്ല, പിന്നെയാ നിന്റെ ലൊക്കേഷനിൽ' സലീമേട്ടന്റെ ഓർമ്മകളിൽ സംവിധായകൻ ചിദംബരം

കെ.എസ് ഷാബിന

മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് വൻ വിജയങ്ങൾ സമ്മാനിച്ച യുവ സംവിധായകനും തിരക്കഥാകൃത്തുമാണ് ചിദംബരം. തിയേറ്ററുകളിൽ ചരിത്രവിജയം നേടിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സർവൈവൽ ത്രില്ലറിന് ശേഷം, ‘ബാലൻ ദി ബോയ്’ എന്ന പുതിയ ചിത്രത്തിലൂടെ മറ്റൊരു മികച്ച സിനിമാ അനുഭവം കൂടി പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് അദ്ദേഹം ഇപ്പോൾ.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഗണപതി, ജീൻ പോൾ ലാൽ എന്നിവർക്കൊപ്പം സലിം കുമാറിന്റെ മകൻ ചന്ദു സലിമും മഞ്ഞുമ്മൽ ബോയ്സിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ, മലയാള സിനിമയോട് വിടപറഞ്ഞ പ്രിയ നടൻ സലിം കുമാറുമായുള്ള മനോഹരമായ ചില ഓർമ്മകൾ പങ്കുവെക്കുകയാണ് ചിദംബരം.

മഞ്ഞുമ്മൽ ബോയ്സ്.Photo:IMDB

റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ബാലൻ’ എന്നീ സിനിമകളുടെ ഷൂട്ടിങ് സമയത്ത് സലീമേട്ടനൊപ്പം ചിലവഴിച്ച നിമിഷങ്ങൾ അദ്ദേഹം ഓർത്തെടുത്തത്.

‘സലീമേട്ടൻ ഞങ്ങൾക്ക് വെറുമൊരു നടനല്ല, ഞങ്ങളുടെ കുടുംബത്തിലെ ഒരാളെപ്പോലെയാണ്. ‘മഞ്ഞുമ്മൽ ബോയ്സ്’ ചെയ്യുന്ന സമയത്ത് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി നേരിട്ടാണ് ലൊക്കേഷനിലേക്ക് ക്ഷണിച്ചത്. ‘സലീമേട്ടാ, ഫ്രീ ആകുമ്പോൾ ഒന്ന് ലൊക്കേഷനിലേക്ക് വരാമോ?’ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഇതായിരുന്നു: ‘പിന്നെ… ഇവിടെ പൈസ തന്നു വിളിച്ചിട്ട് പോലും ഞാൻ പോയിട്ടില്ല, അപ്പോഴാണ് നിന്റെ ലൊക്കേഷനിൽ വരുന്നത്!’

ചന്ദു സലിം, സലിം കുമാർ.Photo: SouthLive

അങ്ങനെ ഒന്നു കളിയാക്കിയെങ്കിലും അദ്ദേഹം വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം അദ്ദേഹത്തിന്റെ മകൻ ചന്ദു ആ സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു. മാത്രമല്ല, ഞങ്ങളോടുള്ള ആ സ്നേഹം അത്ര വലുതായിരുന്നു. നിർഭാഗ്യവശാൽ ഇന്ന് അദ്ദേഹം നമുക്കൊപ്പമില്ല, ആ വലിയ നഷ്ടം നികത്താനാകാത്തതാണ്.

എന്റെ പുതിയ ചിത്രമായ ‘ബാലൻ’ (ബാലൻ ദി ബോയ്)-ന്റെ ലൊക്കേഷനിലും സലീമേട്ടൻ വന്നിരുന്നു. അന്ന് ഞങ്ങൾ ഒരുമിച്ചിരുന്ന് ലഞ്ച് കഴിക്കുകയും ഒരുപാട് സമയം സംസാരിക്കുകയും ചെയ്തു. ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങാൻ അണിയറപ്രവർത്തകർ വന്ന് ‘റെഡി’ എന്ന് പറഞ്ഞപ്പോൾ, ‘അതൊക്കെ അവിടെ നിൽക്കട്ടെ, നമുക്ക് കുറച്ചുകൂടി സംസാരിക്കാനുണ്ട്’ എന്നായിരുന്നു സലീമേട്ടന്റെ മറുപടി. അദ്ദേഹം പറഞ്ഞതുപോലെ ക്രൂ മുഴുവൻ ഞങ്ങൾക്കായി കാത്തുനിന്നു. കുറെ നേരം സംസാരിച്ച് കഴിഞ്ഞ ശേഷമാണ് അന്ന് ഞങ്ങൾ ഷൂട്ടിങ് വീണ്ടും തുടങ്ങിയത്,’ ചിദംബരം ഓർത്തെടുത്തു.

Content Highlight: Director Chidambaram opens up about his special bond with the late Salim Kumar

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more