| Wednesday, 15th July 2026, 6:45 pm

സിനാന്‍ എന്നെ സംബന്ധിച്ച് ലോട്ടറിയാണ്; ആക്ടിങ്ങിന്റെ കാര്യത്തില്‍ 'ഹെവി ലിഫ്റ്റിങ്' ചെയ്തിരിക്കുന്നതും അവനാണ്: ചിദംബരം

ആര്യ.പി

ബാലനിലെ വ്യത്യസ്ത വേഷങ്ങളിലേ് കാസ്റ്റ് ചെയ്ത അഭിനേതാക്കളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ചിദംബരം. സിനിമകളിലേക്ക് ആളുകളെ എങ്ങെയാണ് ഇത്ര കൃത്യമായി തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിനാണ് ചിദംബരം മറുപടി പറയുന്നത്.

കഥാപാത്രത്തിന് യോജിച്ച മുഖം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും എന്നാല്‍ അഭിനയം കൂടി ഉണ്ടെങ്കില്‍ നമ്മുടെ പണി എളുപ്പമാവുമെന്നും ചിദംബരം പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിശേഷന്‍, സിനാന്‍ എന്നിവരുടെ പെര്‍ഫോമന്‍സുകളെ മുന്‍നിര്‍ത്തിയാണ് ചിദംബരം സംസാരിച്ചത്.

‘ഫേസ് തന്നെയാണ് പ്രധാനം. പിന്നെ അവരെ നമുക്ക് എങ്ങനെയെങ്കിലും അഭിനയിപ്പിച്ച് എടുക്കാം, പക്ഷേ കുറച്ച് അഭിനയം കൂടി വേണം. എന്നാല്‍ മാത്രമേ പണി എളുപ്പമാവുള്ളൂ. എനിക്ക് നല്ല അഭിനേതാക്കളെ തന്നെയാണ് കിട്ടിയത്. പ്രൊഫഷണല്‍ ആക്ടേഴ്‌സ് ആകുമ്പോള്‍ അതിന് പല ഗുണങ്ങളുണ്ട്. നമ്മള്‍ക്ക് കുറേ സമയം ലാഭമാകും. നമുക്ക് വേണ്ടതിനപ്പുറം അവര്‍ തരും. ഇത് പുതിയ ആള്‍ക്കാരാണ്. ആളുകള്‍ക്ക് ഒന്നും കണക്ട് ചെയ്യാന്‍പറ്റരുത് എന്നതുകൊണ്ടാണ് പുതിയ ആളുകളെ തേടിയത്.

മുഹമ്മദ് സിനാന്‍ photo:onmanorama

ചെറിയ വേഷമാണെങ്കില്‍ പോലും ആ കഥാപാത്രത്തിന്റെ അവസ്ഥ മുഖത്ത് കാണിക്കാന്‍ കഴിയുന്നവരെയാണ് തെരഞ്ഞെടുത്തത്. ഉദാഹരണത്തിന്, ചായക്കടക്കാരന്റെ വേഷം ചെയ്ത ആള്‍. അദ്ദേഹം അവശനാണ്. ആരോഗ്യവാനായ ആളെ അവിടെ ഇട്ടാല്‍ വര്‍ക്കല്ല. അയാള്‍ക്ക് ഒരു മുടന്തൊക്കെ കൊടുത്തിട്ട് ചെയ്യിപ്പിച്ചു. അതുപോലെ അയാള്‍ക്ക് ഒരു സ്വാതിക പരിവേഷം വേണം.

അതുപോലെ അമ്മച്ചിയുടെ കഥാപാത്രം. അവര്‍ ഇവളേക്കാള്‍ ഡോമിനേറ്റിങ് ആയ ഒരാളാകണം.അതുകൊണ്ടാണ് ആ വേഷത്തിന് അല്പം വണ്ണമുള്ള ഒരാളെ തെരഞ്ഞെടുത്തത്. ആ മരിച്ചുകിടക്കുന്ന ഷോട്ടൊക്കെ ആലോചിച്ചപ്പോള്‍ അങ്ങനെയുള്ള ഒരാളെ തെരഞ്ഞെടുത്തതാണ്.

പിന്നെ ഷംനത്ത. ഷംനത്തയുടെ കാസ്റ്റിങ് പലര്‍ക്കും അപ്രതീക്ഷിതമായിരുന്നു. ഒറ്റ തവണ കഥ പറഞ്ഞുകൊടുത്തപ്പോള്‍ തന്നെ അവര്‍ അത് മനോഹരമായി ചെയ്തു. ചേച്ചിയൊക്കെ പ്രൊഫഷണലാണ്. അവര്‍ക്കൊപ്പം ചെറുപ്പത്തിലേ വര്‍ക്ക് ചെയ്ത ആളാണ് ഞാന്‍. അത്രയും നാളായിട്ട് അവരെ അറിയാം.

പിന്നെ ചെറിയ ബാലനായി അഭിനയിച്ച ആദിശേഷന്‍. കുട്ടികളെക്കൊണ്ട് അഭിനയിപ്പിക്കുക എന്നത് വെല്ലുവിളിയാണെങ്കിലും, ഈ സിനിമയിലെ കുട്ടികള്‍ കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കുന്നവരായിരുന്നു. ഉദാഹരണത്തിന് ‘അമ്മ നിന്നെ ഉപേക്ഷിച്ചു പോവുകയാണ്’ എന്ന് പറഞ്ഞപ്പോള്‍ ആ മാറ്റം അവരുടെ മുഖത്ത് വന്നിരുന്നു.

അമ്മ എക്‌സിറ്റ് ചെയ്യുന്ന സീനില്‍, ഞാന്‍ കട്ട് വിളിച്ചില്ല. ഞാന്‍ പറയാതെ തന്നെ അവന്‍ വന്ന് ബാഗ് എടുത്തു പോയി, അമ്മയെ കെട്ടിപ്പിടിച്ചു.

അതുപോലെ സിനാന്‍. സിനാന്‍ എനിക്ക് ലോട്ടറിയാണ്. സിനാന്‍ ആണ് ആക്ടിങ്ങിന്റെ കാര്യത്തില്‍ ‘ഹെവി ലിഫ്റ്റിങ്’ ചെയ്തിരിക്കുന്നത്. ആദിശേഷന്റേത് നല്ല പെര്‍ഫോന്‍സ് ആണെങ്കിലും അവന്‍ കുട്ടിയാണെന്ന വേറൊരു കൗതുകം ഉണ്ടല്ലോ. മറ്റേത് ഒരു ടീനേജര്‍ അല്ലേ. അത് കാരി ഓഫ് ചെയ്യുക, എന്നിട്ടും അവനിലേക്ക് ആളുകള്‍ക്ക് എംപതൈസ് ചെയ്യാന്‍ പറ്റി. അത്തരത്തില്‍ ഹെവി ലിഫ്റ്റിങ് ചെയ്തിരിക്കുന്നത് അവന്‍ തന്നെയാണ്,’ ചിദംബരം പറഞ്ഞു.

Content Highlight: Director Chidambaram about Balan The Boy actor Muhammed Zinaan

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more