| Friday, 13th February 2026, 6:05 pm

മുല്ലപ്പെരിയാര്‍ വിഷയത്തെ ഇത്രയും നന്നായി അഡ്രസ് ചെയ്ത പടം വേറെ കാണില്ല, തലൈവര്‍ തമ്പി തലൈമയിലിലെ ഡയറക്ടര്‍ ബ്രില്യന്‍സ് വൈറല്‍

അമര്‍നാഥ് എം.

പൊങ്കലിന് അപ്രതീക്ഷിതമായി തിയേറ്ററുകളിലെത്തും വമ്പന്‍ സിനിമകളെ മലര്‍ത്തിയടിച്ച് വിജയിക്കുകയും ചെയ്ത ചിത്രമാണ് തലൈവര്‍ തമ്പി തലൈമയില്‍. ഫാലിമിക്ക് ശേഷം നിതേഷ് സഹദേവ് സംവിധാനം ചെയ്ച ചിത്രത്തില്‍ ജീവയാണ് നായകനായി വേഷമിട്ടത്. താരത്തിന്റെ കംബാക്കായി ടി.ടി.ടി മാറി. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയ ചിത്രം കഴിഞ്ഞദിവസമാണ് ഒ.ടി.ടിയിലെത്തിയത്.

നാഗര്‍കോവില്‍ ജില്ലയിലെ ഒരു സാധാരണ ഗ്രാമത്തില്‍ ഒരുരാത്രിയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ജീവരത്‌നം എന്ന രാഷ്ട്രീയക്കാരന്‍ തന്റെ പഞ്ചായത്തിലെ ഒരു വീട്ടില്‍ നടക്കുന്ന കല്യാണം കൂടാന്‍ എത്തുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളും കോമഡിയുടെ പശ്ചാത്തലത്തില്‍ കാണിച്ച ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡയറക്ടര്‍ ബ്രില്യന്‍സാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഏറെക്കാലമായി കേരളവും തമിഴ്‌നാടും തമ്മിലുള്ള മുല്ലപ്പെരിയാര്‍ വിഷയത്തെ വളരെ സമര്‍ത്ഥമായി അവതരിപ്പിച്ച ചിത്രമാണ് ടി.ടി.ടിയെന്നാണ് പോസ്റ്റില്‍ പറയുന്നത്. ചിത്രത്തിലെ പ്രധാന ലൊക്കേഷനായ രണ്ട് വീടുകള്‍ക്കും അതിന് പിന്നില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ ടാങ്കിനും കഥയില്‍ വലിയ പ്രധാന്യമുണ്ട്.

ഒരുപാട് കാലമായി തമ്മില്‍ ശത്രുതയില്‍ കഴിയുന്ന രണ്ട് വീടുകള്‍ക്കടക്കം അന്നാട്ടിലെ എല്ലായിടത്തേക്കും വെള്ളമെത്തിക്കുന്നത് ആ ടാങ്കാണ്. രണ്ട് വീട്ടുകാരുടെയും പഴയകാലം വാട്ടര്‍ ടാങ്കുമായി കണക്ടഡാണ്. ചിത്രത്തിന്റെ അവസാനം ഈ വാട്ടര്‍ ടാങ്ക് തകരുകയും രണ്ട് വീടുകളിലും വെള്ളം കയറുന്നതും കാണിക്കുന്നുണ്ട്.

ഒരു നാടിന്റെ മുഴുവന്‍ വെള്ളം കുടിയെ രണ്ട് വീട്ടുകാരുടെയും ഈഗോ ഇല്ലാതാക്കിയെന്നും പരസ്പരമുള്ള വാശികൊണ്ട് ഒന്നും നേടിയില്ലെന്ന് ചിത്രം പറഞ്ഞുവെക്കുകയും ചെയ്യുന്നുണ്ടെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. ചിത്രം റിലീസ് ചെയ്ത ജനുവരി 15 എന്ന തിയതിക്കും മുല്ലപ്പെരിയാറുമായി ബന്ധമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ച ജോണ്‍ പെനിക്വിക്കിന്റെ ജന്മവാര്‍ഷികത്തിലാണ് തലൈവര്‍ തമ്പി തലൈമയില്‍ റിലീസായതെന്നും ഇത് യാദൃശ്ചികമാകാമെന്നും പോസ്റ്റില്‍ കുറിച്ചു. മൂവീ സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ സൂരജ് മോഹന്‍ എന്നയാളാണ് പോസ്റ്റ് പങ്കുവെച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ മറ്റൊരു ഡയറക്ടര്‍ ബ്രില്യന്‍സും ഇതിനിടെ വൈറലായി.

സിനിമയിലുടനീളം വെള്ള ഡ്രസ് ധരിച്ചെത്തുന്ന നായകന്‍ ഇരുവീട്ടുകാരുടെയും പ്രശ്‌നങ്ങളില്‍ പെട്ട് പ്രതിസന്ധിയിലാകുന്നുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു. ഒടുവില്‍ ടാങ്ക് തകര്‍ന്ന് വെള്ളം മുഴുവന്‍ ഇരച്ചെത്തുകയും നായകന്റെ വസ്ത്രത്തില്‍ ചെളി പുരളുകയും ചെയ്യുന്നുണ്ട്. എത്ര നല്ല രാഷ്ട്രീയക്കാരനായാലും അവനെ മോശക്കാരനാക്കുന്നതില്‍ സമൂഹത്തിന് പങ്കുണ്ടെന്ന് പറഞ്ഞുവെക്കുകയാണെന്നും പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. മൂവീ സ്ട്രീറ്റിലാണ് ഈ പോസ്റ്റും പ്രത്യക്ഷപ്പെട്ടത്.

Content Highlight: Director Brilliance in Thalaivar Thambi Thalaimayil movie viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more