കണ്ടുതീര്‍ക്കാന്‍ ഒരുപാട് പ്രയാസപ്പെട്ട സിനിമയെന്നാണ് ഒ.ടി.ടി റിലീസിന് ശേഷം പലരും ഭ ഭ ബയെ വിശേഷിപ്പിക്കുന്നത്. വന്‍ ഹൈപ്പിലെത്തി നിര്‍മാതാവിന് കനത്ത നഷ്ടം സമ്മാനിച്ച സിനിമകളില്‍ മുന്‍പന്തിയില്‍ ഇനി ഭ ഭ ബയും കാണുമെന്ന് ഉറപ്പാണ്. ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ഭ ഭ ബ ട്രോളന്മാരുടെ പ്രധാന ഇരയായി മാറി.
ഇക്കിളിയിട്ടാല്‍ പോലും ചിരിവരാത്ത തമാശകളും സ്പൂഫ് എന്ന പേരില്‍ ഓരോ ആര്‍ട്ടിസ്റ്റുകളും കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളുമെല്ലാം ചിത്രത്തെ അസഹനീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ വിളിച്ചുകൊണ്ടുവന്ന് ഗില്ലി ബാല എന്ന കഥാപാത്രം കൊടുത്തതും വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്.
എന്നാല്‍ ചിത്രത്തിന്റെ റേഞ്ച് എത്രത്തോളമുണ്ടാകുമെന്ന് പറയാതെ പറഞ്ഞ ഒരു ഡയറക്ടര്‍ ബ്രില്യന്‍സ് ചൂണ്ടിക്കാണിക്കുകയാണ് സോഷ്യല്‍ മീഡിയ. ബോക്‌സ് ഓഫീസില്‍ വലിയൊരു ബോംബായി ഭ ഭ ബ മാറുമെന്ന് ആദ്യമേ ദിലീപ് പറഞ്ഞിട്ടുണ്ടെന്നാണ് പുതിയ കണ്ടുപിടിത്തം. ഷാനു എന്ന ഐ.ഡി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായത്.
‘പടത്തിലെ ആദ്യത്തെ ചെയ്‌സ് സീന്‍ കഴിയാന്‍ നേരം പേട്ടന്റെ ‘ബോംബ് വരുന്നേ, സൂക്ഷിച്ചോ’ എന്ന ഡയലോഗ് കഴിഞ്ഞ് നേരെ വരുന്നത് പടത്തിന്റെ ടൈറ്റിലാണ്. ഇതൊരു വാര്‍ണിങ് അല്ലെങ്കില്‍ ഫോര്‍ത്ത് വാള്‍ ബ്രേക്കിങ്ങാണെന്ന് തിരിച്ചറിയുന്നത് വീണ്ടും കണ്ടപ്പോഴാണ്’ എന്നാണ് ഷാനു പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.
ഭ ഭ ബ Photo: Shanu/ Facebook
ഇത്രയും ദുരന്തമായ ഒരു പടത്തില്‍ സംവിധായകന്‍ അറിയാതെ വെച്ച നല്ലൊരു ബ്രില്യന്‍സാണ് ഇതെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയുടെ കമന്റ് ബോക്‌സില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു. ‘നോ ലോജിക്’ എന്നെഴുതിവെച്ചിട്ട് എന്ത് വിവരക്കേടും കാണിക്കാമെന്ന എഴുത്തുകാരുടെ വിചാരം ഇതോടെ തീര്‍ന്നെന്നും കമന്റുകളുണ്ട്. ഈയടുത്ത് ഇത്രയും മോശം സിനിമ വേറെ ഉണ്ടായിട്ടില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
കാര്‍ ചെയ്‌സ് സീനും പിന്നീട് കാണിച്ച ബ്ലാസ്റ്റിന്റെ വി.എഫ്.എക്‌സും ഹോളിവുഡ് ലെവലാണെന്നും പരിഹാസമുണ്ട്. ക്ലൈമാക്‌സ് ഫൈറ്റില്‍ ഹെലികോപ്റ്ററില്‍ കമാന്‍ഡോകള്‍ വന്നിറങ്ങുന്ന രംഗമെല്ലാം ആര്‍ട്ടിഫിഷ്യലാണെന്ന് പറയുകയേയില്ലെന്നും ചിലര്‍ പരിഹാസിച്ചു. പ്രേക്ഷകരോട് എന്തെങ്കിലും പകയുണ്ടോ എന്നും ചോദ്യമുയരുന്നു.
ഭ ഭ ബ Phot: Screen Grab/ Sree Gokulam Movies
40 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഹിറ്റാകാന്‍ 70 കോടിയെങ്കിലും വേണമെന്നിരിക്കെ ആകെ 46 കോടി മാത്രമാണ് ഭ ഭ ബ നേടിയത്. അഭിനേതാക്കളായ നൂറിന്‍ ഷെരീഫും ഫഹീം സഫറുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ദിലീപ് നായവേഷത്തിലെത്തിയതില്‍ തുടര്‍ച്ചയായി നാലാമത്തെ ബിഗ് ബജറ്റ് ചിത്രവും പരാജയമായിരിക്കുകയാണ്.
Content Highlight: Director Brilliance in Bha Bha Ba movie viral