ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് ബ്ലെസി. കാഴ്ച എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം സിനിമയിൽ വന്നിട്ട് 40 വർഷങ്ങൾ പിന്നിട്ടു. ആടുജീവിതമാണ് ബ്ലെസിയുടെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
മമ്മൂട്ടിയുടെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നു കൂടിയാണ് ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’. ചിത്രത്തിൽ സാധാരണക്കാരനായ മാധവൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എന്നാൽ ‘ക്രോണിക് ബാച്ചിലർ’ പോലുള്ള സിനിമകളിൽ ഗ്ലാമറസ് ലുക്കിൽ എത്തിയ മമ്മൂട്ടിയെ മാധവനായി അവതരിപ്പിക്കുക എന്നത് സംവിധായകൻ ബ്ലെസിക്ക് മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു.
ബ്ലെസി.Photo. Screen Grab/ Youtube.
മമ്മൂട്ടിയുടെ ഗ്ലാമർ കുറച്ച് കഥാപാത്രത്തെ സാധാരണക്കാരനായി എങ്ങനെ അവതരിപ്പിക്കാമെന്നതായിരുന്നു സിനിമയുടെ തുടക്കത്തിൽ തന്റെ പ്രധാന ചിന്തയെന്ന് ദൂരദർശന് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറയുന്നു.
‘മമ്മൂക്കയുടെ ‘ക്രോണിക് ബാച്ചിലർ’ ഇറങ്ങിയ സമയത്ത് അതിന് ശേഷം കുറച്ചു കഴിഞ്ഞാണ് ഞാൻ ‘കാഴ്ച’ എന്ന സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. ‘ക്രോണിക് ബാച്ചിലറി’ലൊക്കെ അദ്ദേഹം ഭയങ്കര ഗ്ലാമറസായിട്ടുള്ള പേഴ്സണാലിറ്റിയാണ്. ‘കാഴ്ച’യിലേക്ക് അദ്ദേഹം എത്തുകയും സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തപ്പോൾ, ഈ ഗ്ലാമർ എങ്ങനെ കുറച്ച് അദ്ദേഹത്തെ സാധാരണക്കാരനായ മാധവനാക്കി മാറ്റാം എന്നതായിരുന്നു എന്റെ ചിന്ത.
അതിനായി പല രീതികളും പരീക്ഷിച്ചു. അന്ന് ഫോട്ടോഷോപ്പ് പോലുള്ള സാങ്കേതികവിദ്യകൾ വികസിച്ചുവരുന്ന സമയമാണ്. അദ്ദേഹത്തിന് താടിവെച്ചും വിഗ്ഗ് മാറ്റിയുമൊക്കെ നോക്കി. ‘മഹാനഗരം’ പോലുള്ള സിനിമകളിലും താടിയുള്ള ലുക്കിൽ അദ്ദേഹത്തെ കണ്ടിട്ടുണ്ടല്ലോ. അങ്ങനെയുള്ള പല കാര്യങ്ങളും പരിശോധിച്ചു,’ ബ്ലെസി പറഞ്ഞു.
എന്നാൽ പുറമേയുള്ള മേക്കപ്പിലൂടെ മമ്മൂട്ടിയുടെ രൂപത്തിൽ മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്ന് തോന്നി. താടി ഒട്ടിക്കുന്നതുപോലുള്ള കാര്യങ്ങൾ അഭിനേതാവിന് അസ്വസ്ഥതയുണ്ടാക്കുമെന്നും മമ്മൂട്ടിയുടെ മുഖത്ത് കരിവാരിത്തേച്ച് സൗന്ദര്യം കുറയ്ക്കാമെന്നു കരുതിയിട്ട് അതിലും കാര്യമില്ലെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
‘പുറമേയുള്ള ഇത്തരം ആർട്ടിഫിഷ്യൽ മേക്കപ്പുകൾ ചെയ്യുമ്പോൾ എല്ലാവർക്കും ഒരു അസ്വസ്ഥതയുണ്ടാകും. താടിയൊക്കെ ഒട്ടിക്കുമ്പോൾ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് അതൊന്നും നടക്കില്ലെന്ന് തോന്നി. അദ്ദേഹത്തിന്റെ മുഖത്ത് എന്തെങ്കിലും കരിവാരിത്തേച്ച് സൗന്ദര്യം കുറയ്ക്കാനും കഴിയുമെന്ന് എനിക്ക് തോന്നിയില്ല. അപ്പോഴാണ് സ്ക്രിപ്റ്റിലൂടെ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് ചിന്തിച്ചത്,’ ബ്ലെസി പറഞ്ഞു.
മമ്മൂട്ടിയുടെ രൂപത്തിൽ മാറ്റം വരുത്തുന്നതിനു പകരം, മാധവൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവവും ജീവിതപശ്ചാത്തലവും രൂപപ്പെടുത്തുന്നതിലേക്കാണ് പിന്നീട് ശ്രദ്ധ തിരിച്ചത്. കുട്ടിക്കാലം മുതൽ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുകയും ജൂനിയർ ആർട്ടിസ്റ്റെങ്കിലുമാകണമെന്ന് മോഹിച്ച് സിനിമാ ഷൂട്ടിങ്ങുകൾ നടക്കുന്നിടത്ത് പോയി നിൽക്കുകയും ചെയ്ത ഒരാളായാണ് മാധവനെ വിഭാവനം ചെയ്തത്. ആ കഥാപാത്രത്തിന്റെ സ്വഭാവത്തിൽനിന്ന് രൂപത്തിലും പെരുമാറ്റത്തിലും സ്വാഭാവികമായ മാറ്റങ്ങൾ കൊണ്ടുവരാനായിരുന്നു നമ്മളുടെ ശ്രമമെന്നും സംവിധായകൻ വ്യക്തമാക്കി.
Kaazhcha.Photo. Screen Grab/ Youtube
‘കുട്ടിക്കാലത്ത് സിനിമയിൽ അഭിനയിക്കാൻ മോഹിച്ചു നടന്ന, ഒരു ജൂനിയർ ആർട്ടിസ്റ്റെങ്കിലുമാകണമെന്ന് ആഗ്രഹിച്ച് ഷൂട്ടിങ് നടക്കുന്നിടത്തൊക്കെ പോയി നിന്നിട്ടുള്ള ഒരാളാണ് മാധവൻ. അങ്ങനെയുള്ളവർ കുറച്ചുകൂടി സെൽഫ് കോൺഷ്യസായിരിക്കും. കീശയിൽ ചീപ്പൊക്കെ കൊണ്ടുനടക്കും. എന്തെങ്കിലും എടുക്കാൻ കീശയിൽ കൈയിടുമ്പോൾ ചീപ്പും കാണും. അവസരം കിട്ടുമ്പോഴൊക്കെ ഇത്തരം കാര്യങ്ങൾ സിനിമയിൽ ചേർത്തിട്ടുണ്ട്. അങ്ങനെ മമ്മൂക്കയുടെ സൗന്ദര്യത്തെപ്പോലും നമ്മൾ ന്യായീകരിക്കാൻ ശ്രമിച്ചു,’ ബ്ലെസി പറഞ്ഞു.
മാധവന്റെ രൂപഭാവങ്ങൾക്കൊപ്പം അയാളുടെ മാനറിസങ്ങളും മമ്മൂട്ടിയുമായി സംസാരിച്ച് തീരുമാനിച്ച കാര്യങ്ങളാണെന്നും ബ്ലെസി പറയുന്നു. എപ്പോഴും മുന്നോട്ടുള്ള നോട്ടം, കാഴ്ചയിലുള്ള പ്രത്യേക രീതി, അൽപ്പം തുറന്നിട്ടുള്ള ശരീരഭാഷ എന്നിവയിലൂടെയാണ് മമ്മൂട്ടിയെ മാധവനാക്കി മാറ്റിയതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
Content Highlight: Director Blessy Talks About Mammootty and Kazcha movie