മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഷോര്‍ട് ഫിലിമായ റിഫ്‌ളെക്ഷനിലൂടെയും ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോയിലൂടെയും മലയാളികള്‍ക്ക് പരിചിതനായ സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. കണ്‍വെന്‍ഷണല്‍ സിനിമാ മേക്കിങ് രീതികളില്‍ നിന്നും വ്യത്യസ്തമായി ചിത്രങ്ങളൊരുക്കുന്ന ബിജോയ്‌യുടെ ഏറ്റവും പുതിയതായി വരാനിരിക്കുന്ന ചിത്രമാണ് ഹിന്ദി ഭാഷയില്‍ ഒരുങ്ങിയ തു യാ മെയ്ന്‍.
ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആദ്യമായി ചെയ്ത ഷോട് ഫിലിമില്‍ മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ നായകനായതിനെക്കുറിച്ച് ബിജോയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്റെ ആദ്യത്തെ സംവിധാന സംരഭമായിരുന്നിട്ട് കൂടി ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കാന്‍ താരമെത്തിയതിനെക്കുറിച്ചും പുതുമുഖമെന്ന നിലയില്‍ തന്നോട് സഹകരിച്ചിതിനെക്കുറിച്ചുമാണ് ബിജോയ് വാചാലനായത്.
റിഫ്‌ളെക്ഷന്‍. Photo: Mohanlal/ Youtube.com
‘ഭാഗ്യമെന്ന് മാത്രമേ ലാലേട്ടന്‍ ഷോര്‍ട് ഫിലിമില്‍ വന്നതിനെക്കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂ. വിഷ് ലിസ്റ്റില്‍ ഇട്ടുവെച്ച പേരുകളിലൊന്നാണ് ലാലേട്ടന്റേത്. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മാനേജര്‍ ആരാണെന്നോ ആരെയാണ് വിളിക്കേണ്ടതെന്നോ ഒന്നും അറിയില്ലായിരുന്നു. ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷം ചെന്നൈയിലുള്ള സുരേഷ് ബാലാജിയെ ട്രാക്ക് ഡൗണ്‍ ചെയ്തു. പുള്ളി ചോദിച്ചപ്പോള്‍ ഇതിന് മുമ്പ് ഒന്നും ചെയ്തിട്ടില്ല എന്റെ ആദ്യത്തെ പ്രൊജക്ടാണിതെന്ന് ഞാന്‍ പറഞ്ഞു.
ആദ്യം അദ്ദേഹത്തോട് കഥ പറയാന്‍ ആവശ്യപ്പെട്ടു. കഥ കേട്ട് കഴിഞ്ഞ് ഒക്കെയാണെന്നും ലാലേട്ടന്‍ ഓക്കെ പറഞ്ഞാല്‍ തനിക്കിത് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഒരു എന്റയര്‍ ടീം എന്റെ ഒപ്പമുണ്ടെന്നായിരുന്നു എന്റെ മറുപടി. സത്യത്തില്‍ ആരുമില്ലായിരുന്നു. ആലപ്പുഴയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ആയിരുന്നു ലാലേട്ടന്‍.
കഥ കേട്ട് കഴിഞ്ഞ് എപ്പോഴാണ് നിനക്ക് ചിത്രം ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹം ആദ്യം ചോദിച്ചത്. യെസ് എന്നാണ് പറയുന്നതെന്ന് എനിക്കപ്പോഴും മനസിലായില്ല. ബോംബെയില്‍ ഞാന്‍ ഒരു നാടകത്തിന് വേണ്ടി വരുന്നുണ്ട് അപ്പോള്‍ ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ചെയ്യാം എന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്നിട്ടും മനസിലാവാതെ ഞാന്‍ ചോദിച്ചു നമ്മളിത് ചെയ്യുകയല്ലേ സാര്‍ എന്ന്. തീര്‍ച്ചയായും നമുക്കിത് ചെയ്യാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്,’ ബിജോയ് പറയുന്നു.
ലാലേട്ടന്‍ ബിജോയ്‌ക്കൊപ്പം. Photo: Onlookers media
താരം യെസ് പറഞ്ഞതിന് ശേഷം തിരിച്ച് ചെന്ന് ഷൂട്ടിന് വേണ്ടി ആവശ്യമുള്ളതെല്ലാം ഒരുക്കിയെന്നും വളരെ സ്വീറ്റായ ആളാണ് അദ്ദേഹമെന്നും സംവിധായകന്‍ പറയുന്നു. നല്ല ഒരു ടീം എനിക്കുണ്ടായിരുന്നെങ്കിലും സെറ്റില്‍ എപ്പോള്‍ എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നെന്നും അതിനാല്‍ തന്നെ വളരെ സമാധാനത്തോടെ ക്ഷമയോടെയായിരുന്നു അദ്ദേഹം സെറ്റില്‍ തന്നോട് പെരുമാറിയതെന്നും ബിജോയ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം കരിയര്‍ തുടങ്ങാനുള്ള അവസരം കിട്ടിയത് ഒരു നിമിത്തമാണെന്നും എന്റെ കരിയറില്‍ അതിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Bejoy Nambiar talks about how Mohanlal helped him to start his career
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ