| Monday, 24th November 2025, 6:05 pm

ജിംഖാനയും പടക്കളവും ഇറങ്ങുന്നതിന് മുന്‍പാണ് സന്ദീപിനെ എക്കോയിലേക്ക് വിളിച്ചത്, ധൈര്യം തന്നത് ആ കഥാപാത്രം: ദിന്‍ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിഷ്‌കിന്ധാ കാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബാഹുല്‍ രമേഷ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ ക്ക് മികച്ച പ്രതികരണമാണ് മലയാള സിനിമ ആരാധകര്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്.

അശോകന്‍, വിനീത്, നരേന്‍, ബിനു പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി വേഷമിട്ടത് യുവനടനായ സന്ദീപ് പ്രദീപാണ്. എക്കോയിലേക്ക് സന്ദീപ് എത്തിയതിനെ കുറിച്ചും സന്ദീപിന്റെ ചിത്രത്തിലെ പ്രകടനത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ദിന്‍ജിത്ത്.

‘അന്താക്ഷരി എന്ന ചിത്രത്തിലെ അഭിനയം കണ്ട് ബാഹുല്‍ രമേശാണ് സന്ദീപിനെ ചിത്രത്തിലേക്ക് നിര്‍ദേശിച്ചത്, അന്താക്ഷരിയുടെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് കണക്ടായില്ല. പക്ഷേ ഫാലിമിയിലെ കഥാപാത്രത്തെക്കുറിച്ചറിഞ്ഞപ്പോഴാണ് അവനെ ഞാന്‍ നോട്ടീസ് ചെയ്തത്. മികച്ച ടൈമിംഗോടെയാണ് സന്ദീപ് ആ കഥാപാത്രം ചെയ്തത്. അതുകൊണ്ട് തന്നെയാണ് മറ്റുള്ളവരില്‍ നിന്നും ആ കഥാപാത്രം വേറിട്ടുനിന്നത്.

സന്ദീപിന് പകരം വേറെയാരെങ്കിലും ആ കഥാപാത്രം ചെയ്തിരുന്നുവെങ്കില്‍ ആ കഥാപാത്രം നോട്ടീസബിള്‍ ആവില്ല. ഈ ചിത്രത്തിലൂടെയാണ് സന്ദീപിന്റെ ടാലന്റ് മനസ്സിലായത്, അയാളുടെ വേഴ്സെറ്റാലിറ്റിയും എക്കോയിലെ കഥാപാത്രത്തിന് അനുയോജ്യമായിരുന്നു.

തീരുമാനമെടുക്കുന്നതിന് മുന്‍പ് സന്ദീപിന്റെ വരാനിരിക്കുന്ന സിനിമകളായ ജിംഖാനയെയും പടക്കളത്തിനെയും കുറിച്ച് അന്വേഷിച്ചിരുന്നു. രണ്ടു ചിത്രങ്ങളും ഏറെക്കുറെ വിജയിക്കുമെന്നുറപ്പായതിന് ശേഷമാണ് നിര്‍മ്മാതാവിനോട് സന്ദീപിനെക്കുറിച്ച് പറഞ്ഞത്.

കാരണം ചിത്രത്തിന്റെ സാമ്പത്തികമായ വിജയവും ഇന്‍ഡസ്ട്രിയിലെ പുതുമുഖങ്ങളെന്ന നിലയില്‍ ഞങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ഇതിന് ഒരു പരിധി വരെ കിഷ്‌കിന്ധാ കാണ്ഡത്തിന് ലഭിച്ച വിജയവും സഹായകരമായിട്ടുണ്ട്’ സംവിധായകന്‍ പറഞ്ഞു.

‘ സിനിമയിലെ കഥാപാത്രമായി ഇഴുകിച്ചേരുന്നതില്‍ സന്ദീപിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്, ഞങ്ങളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. രണ്ടു മൂന്ന് ദിവസത്തിനകം തന്നെ സന്ദീപ് ഞങ്ങളുദ്ദേശിച്ച രീതിയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.

അവനും ഈ കഥാപാത്രം പുതിയൊരു അനുഭവമായിരുന്നു. ജിംഖാനയില്‍ നിന്നും പടക്കളത്തില്‍ നിന്നും വ്യത്യസ്തമായി ആരുമായും ബന്ധമില്ലാത്ത കഥാപാത്രമായിരുന്നു എക്കോയിലേത്. ഇത്തരത്തിലൊരു വെല്ലുവിളി നേരിടുന്ന കഥാപാത്രം സന്ദീപിനെ പോലൊരു യുവനടന്‍ ഏറ്റെടുത്ത് മികച്ച അഭിനയം കാഴ്ച്ചവച്ചതില്‍ സന്തോഷമുണ്ട്’ ദിന്‍ജിത്ത് പറയുന്നു.

ഒരുപാട് ഇംപ്രവൈസേഷനും റീ ടേക്കുകള്‍ക്കുമുള്ള സാഹചര്യം ഷൂട്ടിങ്ങിനിടയില്‍ ഇല്ലായിരുന്നുവെന്നും അതിനാല്‍ തന്നെ തങ്ങളുദ്ദേശിച്ച രീതിയിലുള്ള പ്രകടനം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സന്ദീപിന് നല്‍കാനായെന്നും സംവിധായകന്‍ പറഞ്ഞു.

2019 ല്‍ ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’ യാണ് സന്ദീപിന്റെ ആദ്യ ചിത്രം.

Content Highlight: Director Bahul Ramesh about Sandeep Pradeep and Eko Movie

We use cookies to give you the best possible experience. Learn more