| Tuesday, 16th December 2025, 5:53 pm

ഡോക്ടേഴ്‌സിനെതിരെയല്ല ഫാര്‍മ; അവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്തതാണ്: പി.ആര്‍. അരുണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരോഗ്യരംഗത്തെയും അവയവദാനത്തെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ചിത്രമായിരുന്നു ജോജു ജോര്‍ജ് നായകനായ ജോസഫ്. കുത്തക മരുന്നു കമ്പനികളെയും ആശുപത്രികളെയും ആസ്പദമാക്കി വരുന്ന ഫാര്‍മ വെബ്‌സിരീസ് ഒരിക്കലും ഇത്തരത്തില്‍ ഒരു തെറ്റിദ്ധാരണ ആളുകള്‍ക്കിടയില്‍ ഉണ്ടാക്കില്ലെന്ന് പറയുകയാണ് സംവിധായകന്‍ പി.ആര്‍ അരുണ്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡെഡിക്കേറ്റ് ചെയ്ത വെബ് സിരീസാണ് ഫാര്‍മയെന്നും ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍ പറയുന്നു.

നിവിന്‍ പോളി. Photo: screen grab/pharma trailer/ jio hotstar

ജോജു ജോര്‍ജ് നായകനായെത്തിയ ‘ജോസഫ്’ എന്ന ചിത്രത്തിന്റെ റിലീസിനു ശേഷം അവയവദാനത്തിനെതിരെ പ്രേക്ഷകര്‍ക്കിടയില്‍ തെറ്റിദ്ധാരണക്ക് കാരണമായിരുന്നു. മരുന്നു കമ്പനികളുമായ് ബന്ധപ്പെട്ട് കഥ പറയുന്ന ഫാര്‍മയില്‍ ഇത്തരത്തിലുള്ള തെറ്റിദ്ധാരണക്ക് സാധ്യതയുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഇത്തരത്തിലുള്ള വിവാദങ്ങളും ചര്‍ച്ചകളും ഞാനും കേള്‍ക്കാറുണ്ട്, പക്ഷേ ഞാന്‍ വിശ്വസിക്കുന്നത് ഫാര്‍മ എന്ന വെബ് സിരീസിന്റെ ലോങ് ഫോര്‍മാറ്റിലുള്ള കഥ ഒരിക്കലും അത്തരത്തിലൊരു കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുന്നില്ല എന്നാണ്. കാരണം ഈ സ്റ്റോറി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് ഡോക്ടേഴ്‌സിനാണ്. ഈ ലോകത്ത് ഏറ്റവും വലിയ സൂപ്പര്‍ ഹീറോസ് ഡോക്ടേഴ്‌സും പാരാമെഡിക്ക്‌സുമാണ്. അവരാണ് ഈ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ഓര്‍ഗന്‍ ഡൊണേഷനായാലും മരുന്ന് ഡിസൈഡ് ചെയ്യേണ്ടതായാലും ഡോക്ടര്‍മാരാണ് എന്ന് ആവര്‍ത്തിച്ച് പറയുന്ന കഥയാണ് ഇത്. ഞാനൊരു സെയില്‍സ്മാനായി ജോലി ചെയ്തയാളാണ്. അതുകൊണ്ട് തിരക്കഥയില്‍ അത്തരത്തില്‍ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടോ എന്നറിയാന്‍ ഡോക്ടേഴ്‌സിനെക്കൊണ്ട് വായിപ്പിച്ചിരുന്നു.അവരുടെ എല്ലാ വിധ ഫീഡ്ബാക്കുകളും ഇന്‍കോര്‍പ്പറേറ്റ് ചെയ്താണ് സ്‌ക്രീന്‍പ്ലേ ഒരുക്കിയത്,’ അരുണ്‍ പറഞ്ഞു.

ഫാര്‍മ. Photo: screen grab/ pharma teaser/ jio hotstar

ഫാര്‍മയുടെ കഥ ജനങ്ങള്‍ക്കുള്ള ബോധവത്കരണമാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും പലയിടത്തും കേട്ടുകേള്‍വിയുള്ള കഥയാണെങ്കിലും ഇത്തരത്തിലൊരു സിനിമയായി വരണമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിവിന്‍ പോളി ആദ്യമായി നായകനായെത്തുന്ന വെബ് സിരീസായ ഫാര്‍മ ജിയോ ഹോട്‌സ്റ്റാറാണ് റിലീസ് ചെയ്യുന്നത്. കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നരേന്‍, ശ്രുതി രാമചന്ദ്രന്‍, വീണ നന്ദകുമാര്‍, ബിനു പപ്പു, മുത്തു മണി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ഡിസംബര്‍ 19 നാണ് സീരീസ് പുറത്തിറങ്ങുക.

Content Highlight: director arun talks about pharma web series that it is dedicated for doctors

We use cookies to give you the best possible experience. Learn more