സംവിധായകന്‍ അരുണ്‍ അനിരുദ്ധിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അതിരടി’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ പല സര്‍പ്രൈസ് റോളുകളും പ്രേക്ഷകര്‍ക്ക് ചിരി സമ്മാനിക്കുന്നവയായിരുന്നു.
ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും തങ്ങളായിത്തന്നെ സ്‌ക്രീനിലെത്തി പ്രേക്ഷകരെ വളരെ എളുപ്പത്തില്‍ തന്നെ കയ്യിലെടുത്തു. സ്വയം ട്രോളാന്‍ പോലും മടിയില്ലാതെ അവര്‍ ഈ സിനിമയുടെ ഭാഗമായത് എങ്ങനെയാണെന്ന് പറയുകയാണ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍ അനിരുദ്ധ്. വിനീതല്ലാതെ മറ്റാര് ചെയ്തിരുന്നെങ്കില്‍ ആ കഥാപാത്രം അത്രയും മികച്ചതാകില്ലായിരുന്നെന്നും അരുണ്‍ പറഞ്ഞു.
തുടക്കത്തില്‍ ഒരു സാധാരണ കോളേജ് ഫെസ്റ്റ് അല്ലെങ്കില്‍ ബാന്‍ഡ് പരിപാടിയായി പ്ലാന്‍ ചെയ്ത സീന്‍, പിന്നീട് വലിയൊരു സെലിബ്രിറ്റി സര്‍പ്രൈസ് ആക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് അരുണ്‍ പറയുന്നു.
അരുണ്‍ അനിരുദ്ധ് Photo: Cue Studio/ Screen Grab
‘പോള്‍സണുമായി ആലോചിച്ചപ്പോള്‍, പണ്ട് ‘നമ്പര്‍ 20 മദ്രാസ് മെയിലില്‍’ മമ്മൂട്ടിയെ മമ്മൂട്ടിയായിത്തന്നെ കാണിച്ചപ്പോള്‍ തിയേറ്ററിലുണ്ടായ ഒരു ഹൈ ഉണ്ടല്ലോ, അത് ഓര്‍മ വന്നു. പുള്ളിക്ക് അതില്‍ ഏതെങ്കിലും ഒരു ക്യാരക്ടര്‍ നെയിം ആയിരുന്നെങ്കില്‍ ആ ഇംപാക്ട് ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് എന്തുകൊണ്ട് വിനീത് ശ്രീനിവാസനെത്തന്നെ ഇതിലേക്ക് കൊണ്ടുവന്നുകൂടാ എന്ന് ആലോചിച്ചു. അങ്ങനെയാണ് വിനീതേട്ടനിലേക്ക് എത്തിയത്. പുള്ളി വന്നതോടെ പരിപാടി മൊത്തത്തില്‍ മാറി,’ അരുണ്‍ പറഞ്ഞു.
ധ്യാന്‍ ശ്രീനിവാസനെക്കുറിച്ചുള്ള റഫറന്‍സുകളും ഫോര്‍ത്ത് വാള്‍ ബ്രേക്ക് ചെയ്യുന്ന രീതിയിലുള്ള തമാശകളും വിനീത് സ്വയം പറയുന്നതോടെ തിയേറ്ററുകള്‍ ചിരിയിലാവുകയായിരുന്നു.
എന്നാല്‍ വിനീതിനൊപ്പം കോമഡിയില്‍ കൗണ്ടറുകള്‍ അടിച്ചുനില്‍ക്കാന്‍ ഒരാള്‍ കൂടി വേണമെന്ന ചിന്ത സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാനിലേക്ക് എത്തിച്ചെന്നും അരുണ്‍ പറയുന്നു.
അതിരടി Photo: Theatrical Release Poster
‘ടൊവിയും ഗ്യാങ്ങും ബേസിലുമൊക്കെ ഗ്രൂപ്പായി നിന്ന് ഗിവ് ആന്‍ഡ് ടേക്ക് കോമഡികള്‍ ചെയ്യുമ്പോള്‍, വിനീതേട്ടന്റെ പ്രശ്‌നം പറയാന്‍ ഇവിടെ ആരുമില്ലാത്ത അവസ്ഥയായിരുന്നു. അങ്ങനെയാണ് ഷാന്‍ റഹ്മാനെക്കുറിച്ച് ആലോചിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ത്തന്നെ എനിക്ക് ചിരി വന്നു.
കാമരാജ് ഐറ്റമൊക്കെ പുള്ളി ചെയ്യുന്നത് ഓര്‍ത്തപ്പോള്‍ ഇത് അടിപൊളിയാകുമെന്ന് കരുതി. പുള്ളിയെ കണ്ട് കാര്യം പറഞ്ഞപ്പോള്‍, ‘ഇതൊക്കെ എനിക്ക് ചെയ്യാന്‍ പറ്റുമോ’ എന്നൊരു സംശയം ചോദിച്ചു. പക്ഷേ ഷൂട്ട് സമയത്തൊക്കെ ഞങ്ങള്‍ ചിരിച്ചു മരിക്കുകയായിരുന്നു. കുട്ടന്റെ വീട്ടിലെ സീനിലൊക്കെ ഷാന്‍ സ്വന്തം കയ്യില്‍ നിന്നിട്ട ഡയലോഗുണ്ട് ‘അമ്മപ്പുതപ്പോ ഏത് അമ്മപ്പുതപ്പ്’ എന്നൊക്കെ ചോദിക്കുന്നത്.’ അരുണ്‍ പറഞ്ഞു.
സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ വേളയിലും ഈ കോമ്പോ തങ്ങള്‍ക്ക് തന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
‘സിനിമയുടെ മിക്‌സിങ് നടക്കുമ്പോള്‍ വിനീതേട്ടന്‍ എന്നെ വിളിച്ചിരുന്നു. ഈ പരിപാടി കൃത്യമായി വര്‍ക്കൗട്ടായിട്ടുണ്ടെന്ന് പുള്ളി പറഞ്ഞു. സത്യത്തില്‍ പുള്ളിയില്ലാതെ ഈ പടം പൂര്‍ണ്ണമാകില്ല. പ്രത്യേകിച്ച് ക്ലൈമാക്‌സിലെ ടൊവിയുടെ ആ പോര്‍ഷന്‍ ഉണ്ടല്ലോ, അതില്‍ വിനീതേട്ടന്‍ ഒരു കമ്പോസറും സിംഗറും കൂടിയായതുകൊണ്ടാണ് അത് അത്രമാത്രം വര്‍ക്കായത്. വേറൊരു ആളായിരുന്നെങ്കില്‍ ഇത് ഒരിക്കലും നടക്കില്ലായിരുന്നു.’ അരുണ്‍ പറഞ്ഞു.
വിനീത്-ഷാന്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ സെല്‍ഫ് ട്രോളുകളും ടൊവിനോയുടെ മാസ് പ്രകടനവുമായി ‘അതിരടി’ തിയേറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുകയാണ്.
Content Highlight: Director Arun Anirudh about Vineeth Sreenivasan Impact on Athiradi Movie