| Monday, 14th November 2022, 6:30 pm

കല്യാണത്തിന് ശേഷം പേര് മാറ്റിയ ഒരാളാണ് ഞാന്‍ , ബാംഗ്ലൂര്‍ ഡേയ്‌സില്‍ ലൈറ്റായിട്ടാണെങ്കിലും അതിനേക്കുറിച്ച് പറയേണ്ടതുണ്ടായിരുന്നു: അഞ്ജലി മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വണ്ടര്‍ വുമണ്‍. നിത്യ മേനെന്‍, നാദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയെക്കുറിച്ചും ചെയ്യുന്ന സിനിമകളില്‍ താന്‍ ഉള്‍പ്പെടുത്താറുള്ള ഘടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അഞ്ജലി.

സിനിമകളില്‍ പ്രേക്ഷകരെ ചിന്തിപ്പിക്കേണ്ടതാണെന്ന് തോന്നുന്ന കാര്യങ്ങള്‍ ഇമോഷനിലൂടെ ഉള്‍പ്പെടുത്താനാണ് താന്‍ ശ്രദ്ധിക്കാറുള്ളതെന്നും വിവാഹ ശേഷം സ്ത്രീകള്‍ പേര് മാറ്റി പങ്കാളിയുടെ പേര് കൂടെ ചേര്‍ക്കുന്നതിനെക്കുറിച്ച് എങ്ങനെയാണ് തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും അഞ്ജലി പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

”നമ്മള്‍ ഭയങ്കരമായിട്ട് കളിയാക്കിയിട്ട് ഒന്നും കാര്യമില്ല. ചെറുതായിട്ട് ഒന്ന് ട്രോളി വിട്ടാല്‍ മതി. എവിടെ എങ്കിലും ആള്‍ക്കാരെ ഒന്ന് കോള്ളിക്കാന്‍ ആയാല്‍ മതി എന്നാണ് ഞാന്‍ കരുതാറുള്ളത്. വലിയ പ്രസംഗങ്ങള്‍ നടത്തിയിട്ട് ഒന്നും കാര്യമില്ല. ഒരു ഇമോഷനിലൂടെ ആളുകള്‍ കാര്യം തിരിച്ചറിയുമ്പോഴാണല്ലൊ ഓര്‍മയില്‍ നില്‍ക്കുകയുള്ളു. അതിപ്പോള്‍ തമാശയും ആവാം. സമൂഹത്തിലെ എന്തെങ്കിലും പ്രശ്‌നം ചൂണ്ടികാണിക്കാനാണെങ്കിലും ഇമോഷനിലൂടെ ആളുകളിലെത്തിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.

ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഒരു സീനുണ്ട്. കുട്ടന്‍ ദിവ്യയോട് ചോദിക്കും കല്യാണം കഴിഞ്ഞാല്‍ നിന്റെ പേരെന്താണെന്ന്. അപ്പോള്‍ ദിവ്യ പറയുന്നത് ദിവ്യ ദാസ് എന്നാക്കുമെന്നാണ്. അപ്പോള്‍ അജു ചോദിക്കുന്നുണ്ട്, ട്രാന്‍സ്ഫര്‍ ഓണര്‍ഷിപ്പ് ആണോയെന്ന്. പെട്ടെന്ന് അവള്‍ പറയും എല്ലാവരും ചെയ്യുന്നതല്ലെയെന്ന്. അപ്പോള്‍ അജു ചോദിക്കും ആണുങ്ങള്‍ ചെയ്യുന്നില്ലല്ലോയെന്ന്.

അത് വളരെ ലൈറ്റായിട്ടുള്ള മാറ്റമാണ്. എന്നാല്‍ ഞാന്‍ സ്വന്തം കല്യാണത്തിന് ശേഷം പേര് മാറ്റിയ ഒരാളാണ്. സിനിമയില്‍ ഞാന്‍ അത് ഉള്‍ക്കൊള്ളിച്ചു. അത് അത്രയും ലൈറ്റായിട്ട് വന്നാലും പറയേണ്ടതുണ്ട്. അതിന് പ്രാധാന്യമുണ്ട്. അതുകൊണ്ട് ഞാന്‍ അത് ഉള്‍ക്കൊള്ളിച്ചു. അങ്ങനെ ചെറിയ ചെറിയ കാര്യങ്ങള്‍ നമ്മള്‍ അവിടെ ഇട്ട് പോകുമ്പോള്‍ അത് കഥാപാത്രത്തെ കൂടുതല്‍ മനസിലാക്കി തരും,” അഞ്ജലി മോനോന്‍ പറഞ്ഞു.

അതേസമയം സോണി ലിവിലൂടെയാണ് വണ്ടര്‍ വുമണ്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. സിനിമ നവംബര്‍ 18നാണ് റിലീസ് ചെയ്യുന്നത്.

content highlight: director anjali menon about her films

Latest Stories

We use cookies to give you the best possible experience. Learn more