കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരുടെയും മനസ്സ് നിറച്ച് മികച്ച പ്രതികരണവുമായി മുന്നേറുകയാണ് അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. ഒരിടവേളക്ക് ശേഷം തന്റെ സേഫ് സോണായ എന്റര്‍ടെയിനര്‍ റോളിലേക്ക് തിരിച്ചെത്തിയ നിവിനും മലയാളികളുടെ ഇഷ്ട കോംബോയായ അജു-നിവിന്‍ കൂട്ടുകെട്ടുമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം.
Photo: Book My Show
ഹൊറര്‍ ഴോണര്‍ വിഭാഗത്തിലിറങ്ങിയ ചിത്രത്തില്‍ തിരുമേനിയായി വേഷമിട്ട അജുവിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും ലഭിച്ചത്. ചിത്രത്തില്‍ അജുവിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും താരത്തിന്റെ പ്രകടനത്തെക്കുറിച്ചും സംവിധായകന്‍ അഖില്‍ സത്യന്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.
ചിത്രത്തിലേക്ക് തിരുമേനിയുടെ കഥാപാത്രം ചെയ്യാനായി ആദ്യം അജുവിന് പകരം മറ്റൊരു താരത്തെയായിരുന്നു സമീപിച്ചതെന്നും എന്നാല്‍ നിവിന്റെ നിര്‍ദേശപ്രകാരമാണ് അജു വര്‍ഗീസിനെ ചിത്രത്തിലേക്ക് വിളിച്ചതെന്നും സംവിധായകന്‍ പറയുന്നു. ആദ്യം തനിക്ക് അജുവിന് ഈ കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന സംശയമുണ്ടായിരുന്നുവെന്നും വടക്കന്‍ സെല്‍ഫിയില്‍ നിന്നും തികച്ചും വ്യത്യസ്തമായതിനാലാണ് അങ്ങനെ തോന്നിയതെന്നും ആര്‍.ജെ. ജിബിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ വളരെ പക്വതയുള്ള ഒരു കഥാപാത്രത്തെയാണ് നര്‍മത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. ആദ്യം എനിക്ക് സംശയമുണ്ടായിരുന്നെങ്കിലും എന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു അജുവിന്റെ പെര്‍ഫോമന്‍സ്. എനിക്ക് അജുവിന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ നെടുമുടി വേണു അങ്കിളിനെയാണ് ഓര്‍മ വന്നത്. കാരണം നമ്മള്‍ ഇതു വരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി തികച്ചും ഫ്രെഷായ ഒരു പ്രകടനമായിരുന്നു അദ്ദേഹം കാഴ്ച്ച വെച്ചത്.
Photo: OTT Play
ഇത്രയും കാലത്തെ എക്‌സ്പീരിയന്‍സ് വെച്ചുള്ള അദ്ദേഹത്തിന്റെ ക്രാഫ്റ്റ് സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിലെ പൂജകളായാലും എല്ലാം അദ്ദേഹം പഠിച്ച് വളരെ എഫേര്‍ട്ട് ഇട്ട് ചെയ്ത പൂജകളാണ്. എന്റെ പടത്തില്‍ എനിക്ക് ഏറ്റവും അഭിമാനകരമായ പ്രകടനം കാഴ്ച്ചവെച്ചുവെന്ന് തോന്നിയത് അദ്ദേഹമാണ്,’ അഖില്‍ സത്യന്‍ പറയുന്നു.
നേരത്തേ ചിത്രത്തിലെ അജുവിന്റെ പ്രകടനത്തെക്കുറിച്ചുള്ള നിവിന്‍ പോളിയുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ഓരോ സീനിനും മുമ്പ് ഒരേ സീന്‍ പല രീതിയില്‍ അജു അഭിനയിച്ച് കാണിക്കാറുണ്ടായിരുന്നുവെന്നും ഏത് വേണമെന്ന് സംവിധായകനോട് ചോദിക്കാറുണ്ടായിരുന്നു എന്നും നിവിന്‍ പോളി പറഞ്ഞിരുന്നു. നടനെന്ന രീതിയില്‍ അജു വര്‍ഗീസിന് വലിയ മാറ്റം വന്നിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു നിവിന്റെ പ്രതികരണം.
ചിത്രത്തിലെ ഡെലൂലു എന്ന പ്രേതമായെത്തിയ റിയ ഷിബുവടക്കം മികച്ച പ്രതികരണമാണ് അഭിനേതാക്കള്‍ക്ക് ലഭിച്ചത്. ചിത്രത്തില്‍ മധു വാര്യര്‍, അല്‍ത്താഫ്, അരുണ്‍ അജികുമാര്‍, ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Director Akhil Sathyan talks about Aju Varghese performance in sarvam maya movie