| Tuesday, 10th February 2026, 3:25 pm

ഞങ്ങൾക്ക് രണ്ടാൾക്കും ആ നടിയെയാണിഷ്ടം; ഒരേ റീലുകളാണ് അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യുന്നത്: അഖിൽ സത്യൻ

നന്ദന എം.സി

മലയാള സിനിമ ഇൻഡസ്ട്രിയിൽ മികച്ച ചിത്രങ്ങൾ സമ്മാനിച്ച വർഷമായിരുന്നു 2025. ആ വർഷം പ്രേക്ഷകശ്രദ്ധ നേടിയ പ്രധാന ചിത്രങ്ങളിലൊന്നാണ് അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’. പതിവ് ക്ളീഷേ പ്രേതസങ്കൽപ്പങ്ങളിൽ നിന്ന് മാറി, ഒരു വേറിട്ട യക്ഷിയെ അവതരിപ്പിച്ചുകൊണ്ടാണ് അഖിൽ സത്യൻ ഈ ചിത്രം വ്യത്യസ്തമാക്കിയത്. ജെൻ-സി വൈബുള്ള അവതരണവും ‘ഡെലൂലു’ എന്ന പ്രേതവും പ്രേക്ഷകർക്ക് പുതുമയുള്ള അനുഭവമായി മാറുകയും ചെയ്തു.

ചിത്രത്തിലെ നിവിൻ പോളിയുടെ ശക്തമായ പ്രകടനവും അജു വർഗീസുമായുള്ള കൂട്ടുകെട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. വലിയ ഒരു ഇടവേളയ്ക്കുശേഷമുള്ള നിവിൻ പോളിയുടെ കംബാക്ക് പ്രകടനമായി ‘സർവ്വം മായ’ മാറിയതായാണ് പ്രേക്ഷക വിലയിരുത്തൽ.

അഖിൽ സത്യൻ, Photo: Akhil Sathyan/ Facebook

സംവിധായകൻ അഖിൽ സത്യനും നിവിൻ പോളിയും തമ്മിലുള്ള സൗഹൃദമാണ് ഈ ചിത്രത്തിന്റെ ആത്മാവെന്ന് അഖിൽ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സംവിധായകനും നടനും ചേർന്ന് ചെയ്ത ജോലി മാത്രമല്ല, രണ്ട് സുഹൃത്തുകൾ ആസ്വദിച്ച് ചെയ്തൊരു സിനിമയാണിതെന്നും അഖിൽ പറയുന്നു.

നിവിനുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കവെ, ഇരുവരും തമ്മിലുള്ള നിരവധി സാമ്യങ്ങളും അഖിൽ പറഞ്ഞു. ഐ.ടി. മേഖലയിൽ നിന്നാണ് ഇരുവരും സിനിമയിലേക്ക് എത്തിയതെന്നും, ഒരാളുടെ ചിരി കണ്ടാൽ കാരണം അറിയാതെ കൂടെ ചിരിക്കുന്ന സ്വഭാവം തങ്ങൾക്ക് ഇരുവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിംഗ് സമയത്തെ അവരുടെ കുട്ടിക്കളി പോലും സഹതാരങ്ങൾ തമാശയായി പരാതിപ്പെട്ടിട്ടുണ്ടെന്നും അഖിൽ പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിൻ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകവെയായിരുന്നു ഈ അനുഭവങ്ങൾ പങ്കുവെച്ചത്.

തൃഷ, Photo: Trisha Krishnan/Facebook

‘നിവിനും എനിക്കും കട്ലറ്റ് ഇഷ്ടമാണ്. അതിലുപരി, ഞങ്ങൾ രണ്ടാളും തൃഷ ഫാൻസാണ്. ഒരേ റീലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യാറുണ്ട്. എല്ലാറ്റിനുമുപരി, ഞങ്ങൾക്ക് രണ്ടുപേരും പ്രേതങ്ങളെ പേടിയാണ്,’ അഖിൽ പറഞ്ഞു.

അതുകൊണ്ടുതന്നെ, പ്രേതസിനിമ ചെയ്യുമ്പോൾ സംവിധായകനും നായകനും പേടിക്കാത്ത ഒരു പ്രേതത്തെ സൃഷ്ടിക്കണമെന്ന് തീരുമാനിച്ചെന്നും, പതിവ് രീതികളിൽ നിന്ന് മാറി ചിന്തിച്ചാണ് ‘സർവ്വം മായ’യിലെ പ്രേത കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്നും അഖിൽ കൂട്ടിച്ചേർത്തു.
ചിത്രത്തിൽ തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകിയത് നിവിൻ പോളി–അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചതാണെന്നും, അജുവിനെ ചിത്രത്തിലേക്ക് നിർദേശിച്ചത് നിവിൻ തന്നെയായിരുന്നുവെന്നും അഖിൽ സത്യൻ പറഞ്ഞു.

Content Highlight: Director Akhil Sathyan talk about Actor Nivin Pauly

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more