| Wednesday, 4th November 2026, 7:58 am

'ആ സിനിമ നടക്കില്ലെന്ന് ഫഹദ് പറഞ്ഞു, അങ്ങനെ വന്നപ്പോൾ ചെയ്ത സിനിമയാണ് ‘സർവ്വം മായ’: അഖിൽ സത്യൻ

അജ്മല്‍ കെ

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയനായ ആളാണ് അഖിൽ സത്യൻ. 2023 ൽ ഫഹദിനെ നായകനാക്കി സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിനുശേഷം അഖിൽ സംവിധാനം ചെയ്ത സർവ്വം മായ വലിയ വിജയമാണ് തിയേറ്ററുകളിൽ നിന്നും സ്വന്തമാക്കിയത്. നിവിൻ പോളി-അജു വർഗീസ് കൂട്ടുകെട്ടും പുതുമുഖം റിയ ഷിബുവിന്റെ ഡെലൂലുവായുള്ള പ്രകടനവുമെല്ലാം സർവ്വം മായയെ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയാക്കിയിരുന്നു.

ഇപ്പോഴിതാ കൊവിഡ്‌ പ്രതിസന്ധിക്കുശേഷം ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയുടെ തുടർനിർമാണം നടക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു. ആ സാഹചര്യത്തിൽ മറ്റൊരു ചെറിയ സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ‘സർവം മായ’യുടെ ആശയത്തിലേക്ക് താൻ എത്തുന്നതെന്ന് പറയുകയാണ് സംവിധായകൻ അഖിൽ സത്യൻ.

അഖിൽ സത്യൻ. Photo. Screen Grab/ Youtube

വർഷങ്ങൾക്കുമുമ്പ് കോളേജ് കാലത്ത് പരിചയമുണ്ടായിരുന്ന ഒരു തീപ്പൊരി എസ്.എഫ്.ഐ പ്രവർത്തകനെ പിന്നീട് ക്ഷേത്രത്തിൽ പൂജാരിയായി കണ്ടുമുട്ടിയതാണ് ചിത്രത്തിന്റെ ആദ്യ ചിന്തയ്ക്ക് കാരണമായതെന്നും അഖിൽ പറഞ്ഞു.

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ‘പാച്ചുവും അത്ഭുതവിളക്കും’ ഗോവ, ബോംബെ, ട്രെയിൻ യാത്രകൾ തുടങ്ങി വിവിധ ഇടങ്ങളിൽ ചിത്രീകരിക്കേണ്ട വലിയ സിനിമയായിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം സിനിമയുടെ തുടർനിർമാണം സാധ്യമാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായി. അങ്ങനെയാണ് വലിയ സിനിമ എന്ന തന്റെ പതിവ് ചിന്തയിൽ നിന്ന് മാറി, പരിമിതമായ സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ചെറിയ സിനിമയെക്കുറിച്ച് ആലോചിച്ചതെന്ന് അഖിൽ പറയുന്നു.

‘എന്നോട് ഫഹദ് പറഞ്ഞു, ‘പാച്ചുവും അത്ഭുതവിളക്കും’ ഇനി നടക്കാൻ സാധ്യതയില്ലെന്ന്. കാരണം അന്ന് കോവിഡ് വന്ന് തുറന്ന ഒരു സമയമാണ്. ഗോവയും ബോംബെയും ട്രെയിനുമൊക്കെയുള്ള വലിയൊരു സിനിമയാണ് അത്. അപ്പോൾ അതൊന്നുമില്ലാതെ ഒരു ചെറിയ സിനിമ ചെയ്യാമെന്ന് വെച്ച് ഇരിക്കുമ്പോഴാണ് അതിനെക്കുറിച്ച് ചിന്തിക്കുന്നത്. എങ്ങനെ ചെറിയ സിനിമ നിർമിക്കാം എന്നായിരുന്നു ആലോചന. എനിക്ക് എപ്പോഴും വലിയ സിനിമ ചെയ്യണം, അതിന് ഒരു സ്കെയിലും ഡെപ്തും വേണം എന്നൊക്കെയായിരുന്നു ആഗ്രഹം. പക്ഷേ അന്ന് അതിൽ നിന്ന് മാറി ചിന്തിക്കുകയായിരുന്നു,’ അഖിൽ പറഞ്ഞു.

അങ്ങനെയൊരു സിനിമയെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മ അമ്പലത്തിൽ പോകാൻ പറയുന്നത്. അവിടെ വെച്ച് പ്രസാദം നൽകിയ ഒരാളെ കണ്ടതാണ് പിന്നീട് ‘സർവം മായ’യുടെ കഥയിലേക്ക് നയിച്ചത്. അയാളെ കണ്ടപ്പോൾ വർഷങ്ങൾക്കുമുമ്പുള്ള ഒരു സംഭവമാണ് മനസിലേക്ക് വന്നതെന്നും അഖിൽ പറഞ്ഞു.

‘അവിടെ നിന്ന് എനിക്ക് പ്രസാദം തന്ന പയ്യനെ എനിക്ക് ഓർമയുണ്ട്. അവൻ കോളേജിൽ എസ്.എഫ്.ഐകാരൻ ആയിരുന്നു. ഭയങ്കര തീപ്പൊരിയായിരുന്നു. ഒരു രൂപയുടെ കോയിൻ വലിച്ചെറിഞ്ഞ കണ്ടക്ടറോട് ബസിൽ വെച്ച് ഷൗട്ട് ചെയ്തത് എനിക്ക് ഓർമയുണ്ട്. അത്രയും തീപ്പൊരിയായിട്ടുള്ള നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റുമായിരുന്നു. പത്ത് പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ അവനാണ് താടിയൊക്കെ വെച്ച് എനിക്ക് പ്രസാദം തരുന്നത്. ‘എടാ, നീയാണോ?’ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ‘രസല്ലേ, ബിസിനസ് അല്ലേ’ എന്നാണ് പറഞ്ഞത്,’ അഖിൽ പറഞ്ഞു.

സർവം മായ. Photo. IMDb

ഈ കൂടിക്കാഴ്ചയിൽ നിന്നാണ് ‘സർവം മായ’യിലെ കേന്ദ്ര കഥാപാത്രത്തിന്റെ ആശയം ഉണ്ടായതെന്ന് അഖിൽ വ്യക്തമാക്കുന്നു. ഒരു കാലത്ത് നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റുമായിരുന്ന ഒരാൾ സാഹചര്യങ്ങൾ കാരണം പൂജാരിയായി മാറിയാൽ എന്തായിരിക്കും സംഭവിക്കുക എന്ന ചിന്തയാണ് ചിത്രത്തിന്റെ ആദ്യത്തെ ആശയം. അതിൽ നിന്നാണ് നിരീശ്വരവാദിയായ ഒരു നമ്പൂതിരി ഗതികേടുകൊണ്ട് പൂജാരിയായി മാറുന്ന കഥയിലേക്ക് എത്തിയതെന്നും അഖിൽ കൂട്ടിച്ചേർത്തു.

‘ഒരു നിരീശ്വരവാദിയായ നമ്പൂതിരി ഗതികേടുകൊണ്ട് പൂജാരിയായി മാറിയാൽ എന്തുണ്ടാകും എന്നുള്ളതാണ് ‘സർവം മായ’ ഉണ്ടാകാനുള്ള ഫസ്റ്റ് തോട്ട്,’ അഖിൽ സത്യൻ പറഞ്ഞു.

Content Highlight: Director Akhil Sathyan explains how he got the idea for ‘Sarvam Maya’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more