| Wednesday, 31st May 2023, 10:52 am

എനിക്കാകെ അറിയാവുന്ന സിനിമാനടന്‍ ഇന്നസെന്റാണ്, ആ കഥാപാത്രം അദ്ദേഹത്തിന് വേണ്ടി ഡിസൈന്‍ ചെയ്തതാണ്: അഖില്‍ സത്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് നേരിട്ടറിയുന്നൊരു സിനിമാനടന്‍ ഇന്നസെന്റ് മാത്രമാണെന്നും അദ്ദേഹവുമായി വളരെ ക്ലോസ് ആയിരുന്നെന്നും അഖില്‍ സത്യന്‍. ‘പാച്ചുവിന്റെ അത്ഭുതവിളക്ക്’ എന്ന സിനിമയിലെ ഇന്നസെന്റിന്റെ കഥാപാത്രം അദ്ദേഹത്തിന് വേണ്ടി മാത്രം ഡിസൈന്‍ ചെയ്തതാണെന്നും അദ്ദേഹത്തിന് ഈ സിനിമ കാണാന്‍ കഴിയാത്തത് തനിക്കൊരു നെവര്‍ എന്‍ഡിങ് സങ്കടമാണെന്നും അഖില്‍ സത്യന്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഖില്‍ സത്യന്‍.

‘ പാച്ചുവിന്റെ അത്ഭുതവിളക്കിലെ ഇന്നസെന്റ് അങ്കിളിന്റെ കഥാപാത്രം അദ്ദേഹത്തിന് വേണ്ടി മാത്രം ഡിസൈന്‍ ചെയ്തതാണ്. ഞാന്‍ എഴുതുമ്പോള്‍ തന്നെ അങ്കിള്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമായി പ്രസന്റ് ചെയ്യണമെന്നുണ്ടായിരുന്നു.

അങ്കിളിന് ആദ്യം സംശയമുണ്ടായിരുന്നു. എന്നോട് പറഞ്ഞു, ഷര്‍ട്ടും പാന്റുമൊക്കെ ഇട്ടിട്ട് കുറേയായെന്ന്. പക്ഷേ ഇട്ട് കണ്ടപ്പോള്‍ സന്തോഷമായിരുന്നു. വളരെ ഇഷ്ടമായിരുന്നു അങ്കിളിന് ഈ സിനിമ. നല്ല വിഷമമുണ്ട് അങ്കിളിന് ഇത് കാണാന്‍ കഴിഞ്ഞില്ലാലോ എന്നോര്‍ത്ത്. അത് ഇപ്പോഴും ഒരു നെവര്‍ എന്‍ഡിങ് സങ്കടമാണ്.

പ്രിവ്യൂ ഒന്നും തന്നെ കാണാന്‍ സാധിച്ചില്ല അദ്ദേഹത്തിന്. സിനിമ എഡിറ്റൊക്കെ ചെയ്ത് വരാന്‍ ഒരുപാട് സമയമെടുത്തു. ഞാന്‍ ലാപ്‌ടോപില്‍ കാണിച്ച് കൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ അപ്പോളൊരു യാത്രയിലായിരുന്നു. പിന്നെ കൊവിഡ് റിസ്‌ക്ക് വരേണ്ടെന്ന് കരുതി പോവാന്‍ കഴിഞ്ഞില്ല.

എനിക്ക് നേരട്ടറിയുന്നൊരു ഫിലിം ആക്ടര്‍ പുള്ളി മാത്രമാണ്. ഇരുപത്തിയഞ്ച് വയസ് കഴിഞ്ഞിട്ടാണ് ഫിലിം ആക്ടേഴ്‌സിനെ കാണുന്നത് പോലും. എനിക്കും അനൂപിനും (അനൂപ് സത്യന്‍) ആരുമായും വലിയ പരിചയമില്ല. പക്ഷേ അങ്കിള്‍ അങ്ങനെയായിരുന്നില്ല. വളരെ ക്ലോസ് ആയിരുന്നു.

ഈ സിനിമയിലെ കഥാപാത്രം മോഡേണ്‍ ഡ്രസൊക്കെയാണ് ഇടുന്നതെങ്കിലും അദ്ദേഹം അതൊക്കെ ചെയ്യുന്ന രീതി വളരെ രസമായിട്ടാണ്, ‘ അഖില്‍ പറഞ്ഞു.

തന്റെ അച്ഛന്റെ സിനിമകളില്‍ തന്റെയും സഹോദരന്‍ അനൂപ് സത്യന്റെയും ഇന്‍പുട്ട് എടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘പിന്‍ഗാമി’ തനിക്ക് വളരെ ഇഷ്ടമുള്ള സിനിമയാണെന്നും അങ്ങനെയുള്ള സിനിമകള്‍ തന്റെ അച്ഛന്‍ ചെയ്യണമെന്നാഗ്രഹമുണ്ടെന്നും അഖില്‍ പറഞ്ഞു.

‘ അച്ഛന്റെ കഴിഞ്ഞ അഞ്ച് സിനിമകളില്‍ എന്റെയും അനൂപിന്റെയും ഇന്‍പുട്ട് എടുക്കാറുണ്ട്. അച്ഛന്‍ ഡിഫറന്റ് സംഭവങ്ങള്‍ ശ്രമിക്കണമെന്നെനിക്കാഗ്രഹമുണ്ട്. ‘പിന്‍ഗാമി’ എനിക്ക് വളരെ ഇഷ്ടമുള്ള സിനിമയാണ്. അച്ഛന്‍ അങ്ങനെയുള്ള സിനിമകളെടുക്കണമെന്നാഗ്രഹമുണ്ട്.

പക്ഷേ അച്ഛന്റെ താല്‍പര്യമാണ് പ്രധാനം. നമുക്കൊരിക്കലും ഫോഴ്‌സ് ചെയ്യാന്‍ കഴിയില്ലലോ. അച്ഛന്റെ കംഫര്‍ട്ട് സോണ്‍ ഞാന്‍ റെസ്‌പെക്ട് ചെയ്യുന്നു. എന്നാലും അതിനകത്ത് എന്തെങ്കിലും പുതിയ എലമെന്റ്‌സ് കൊണ്ടുവരാന്‍ കഴിയുമോയെന്ന് ഞാനും അനൂപും ആലോചിക്കാറുണ്ട്, ‘ അഖില്‍ പറഞ്ഞു.


Content Highlights: Director Akhil Sathyan about Innocent

We use cookies to give you the best possible experience. Learn more