മലയാളത്തില്‍ പ്രൊഫഷണല്‍ റെസ്‌ലിങ്ങിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ആദ്യ ചിത്രമാണ് ചത്താ പച്ച. അദ്വൈത് നായര്‍ എന്ന നവാഗത സംവിധായകന്‍ പ്രൊ റെസ്‌ലിങ്ങിനെ കൊച്ചിയുടെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടപ്പോള്‍ മലയാളികള്‍ക്ക് ഒരു പുതിയ ദൃശ്യാനുഭവം കൂടിയാണ് ചിത്രം സമ്മാനിച്ചത്. 2026ല്‍ മോളിവുഡിലെ ആദ്യ ഹിറ്റും ചത്താ പച്ചയിലൂടെ പിറവിയെടുത്തു.
അര്‍ജുന്‍ അശോകന്‍, വിശാഖ് നായര്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രമായി കാമിയോ റോളില്‍ മമ്മൂട്ടിയുമെത്തിയിരുന്നു. പത്ത് മിനിറ്റ് മാത്രം സ്‌ക്രീന്‍ ടൈമുള്ള കഥാപാത്രമായിരുന്നെങ്കിലും ആദ്യ സീന്‍ മുതല്‍ കഥയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു വാള്‍ട്ടര്‍.
വാള്‍ട്ടറായി മമ്മൂട്ടി
ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ചും വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ അദ്വൈത് നായര്‍. നവാഗത സംവിധായകര്‍ക്ക് എന്നും പിന്തുണ നല്‍കുന്ന താരമാണ് മമ്മൂട്ടിയെന്നും ആ ലിസ്റ്റിലേക്ക് തന്റെ പേരും ചേര്‍ത്തുവെച്ചു എന്നും അദ്വൈത് പറഞ്ഞു. ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്വൈത് നായര്‍. Photo: Screengrab/YouTube
‘എല്ലാത്തിനും മുകളിലുള്ള സപ്പോര്‍ട്ടായിരുന്നു വാള്‍ട്ടര്‍ നമുക്ക് തന്നത്. നവാഗത സംവിധായകര്‍ക്ക് മമ്മൂക്ക അവസരം നല്‍കും എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ഹീ ഈസ് വെല്‍ നോണ്‍ ഫോര്‍ ഗിവിങ് ചാന്‍സസ് റ്റു ഡെബ്യൂ ഡയറക്ടേഴ്‌സ്. ആ ലിസ്റ്റിലേക്ക് എന്റെ പേരും ചേര്‍ത്തുവെച്ചു. ഒരുപാട് നന്ദി. യൂ ആര്‍ എ ഹീറോ മമ്മൂക്കാ… ഇപ്പോള്‍ വാള്‍ട്ടറിന്റെ പിള്ളേരില്‍ ഞാനും ഒരാളാണ്. താങ്ക്യൂ മമ്മൂക്കാ,’ അദ്വൈത് പറഞ്ഞു.
ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചത്താ പച്ച ഈയടുത്ത് പുറത്തുവന്നതില്‍ വെച്ച് മികച്ച ടെക്നിക്കല്‍ ക്രൂവുള്ള ചിത്രം കൂടിയാണ്. ശങ്കര്‍- എഹ്സാന്‍- ലോയ് കോംബോയുടെ സംഗീതവും മുജീബ് മജീദിന്റെ ബി.ജി.എമ്മും ചിത്രത്തെ കൂടുതല്‍ ഗംഭീരമാക്കുന്നുണ്ട്.
കലൈ കിങ്സനാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് ഷിഹാന്‍ ഷൗക്കത്തും റിതേഷ് രാമകൃഷ്ണനുമാണ്.
Content Highlight: Director Adwaith Nair on the movie Chatha Pacha and Mammootty