സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് അടൂർ ഗോപാലകൃഷ്ണൻ. തന്റെ ആദ്യ ചിത്രമായ സ്വയംവരം (1972) പുറത്തിറങ്ങിയതോടെ 1970 കളിൽ അടൂർ മലയാള സിനിമയിൽ പുതിയ തരംഗത്തിന് തുടക്കമിട്ടു. പിന്നീട് മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
കൊടിയേറ്റം, എലിപ്പത്തായം, വിധേയൻ, മതിലുകൾ, കഥാപുരുഷൻ, അനന്തരൻ തുടങ്ങിയ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം പത്മശ്രീ പത്മഭൂഷൺ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നൽകികൊണ്ട് രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ‘പദയാത്ര’യാണ് അടൂരിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.
അടൂർ ഗോപാലകൃഷ്ണൻ. Photo. Screen Grab/ Youtube
ഇപ്പോഴിതാ മലയാളത്തിൽ ഹിറ്റായ ഒരു സിനിമ കാണാൻ തിയേറ്ററിലെത്തിയെങ്കിലും പാതിവഴിയിൽ ഇറങ്ങിപ്പോയാലോ എന്ന് തോന്നിയ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. വലിയ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ എന്തുകൊണ്ടാണ് ആളുകൾ ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് അറിയാനായിരുന്നു തിയേറ്ററിൽ പോയത്. എന്നാൽ സിനിമ തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോൾത്തന്നെ അസഹനീയമായി തോന്നിയെന്നും അടൂർ പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
മലയാളത്തിൽ ഇപ്പോൾ ഭേദപ്പെട്ട സിനിമകൾ ഉണ്ടാകുന്നുണ്ടെന്നാണ് അടൂരിന്റെ അഭിപ്രായം. അപൂർവമായേ തിയേറ്ററിൽ പോയി സിനിമ കാണാറുള്ളൂവെന്നും അടുത്തിടെ ഏറെ ഇഷ്ടപ്പെട്ട ചിത്രം ‘ഉള്ളൊഴുക്ക്’ ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സിനിമയിലേക്ക് പുതുതായി കടന്നുവരുന്ന സംവിധായകരും അണിയറപ്രവർത്തകരും തങ്ങളുടെ ആദ്യചിത്രങ്ങൾ കാണിച്ച് അഭിപ്രായം തേടാറുണ്ടെന്നും അടൂർ വ്യക്തമാക്കി.
പുതിയ സിനിമകളുമായി എത്തുന്നവരെ നിരാശപ്പെടുത്താറില്ലെന്നാണ് അടൂർ പറയുന്നത്. തമിഴ്നാട്ടിൽനിന്നും കൊൽക്കത്തയിൽനിന്നുമെല്ലാം നിരവധി പേർ സിനിമയുമായി എത്താറുണ്ട്. സിനിമയിൽ ഇഷ്ടപ്പെട്ട കാര്യങ്ങളും കൂടുതൽ ശ്രദ്ധിക്കേണ്ട മേഖലകളും അവരോട് തുറന്നുപറയുകയാണ് പതിവ്. എന്നാൽ, പ്രേക്ഷകപ്രീതി നേടിയ ഒരു സിനിമ കാണാൻ പോയപ്പോഴുണ്ടായ അനുഭവം വ്യത്യസ്തമായിരുന്നുവെന്നും സംവിധായകൻ തുറന്നു പറഞ്ഞു.
‘പ്രത്യേകതയുള്ള സിനിമകളെക്കുറിച്ച് കേട്ടാൽ തിയേറ്ററിൽ പോയി കാണുന്ന ശീലം മുമ്പുണ്ടായിരുന്നു. കുറച്ചുനാൾ മുൻപ് ഒരുപാട് ദിവസം പ്രദർശിപ്പിക്കുകയും വലിയ അഭിപ്രായം നേടുകയും ചെയ്ത ഒരു സിനിമ കാണാൻ പോയി. ആളുകൾ എന്തുകൊണ്ടാണ് ആ സിനിമ ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് അറിയുകയായിരുന്നു ലക്ഷ്യം. എന്നാൽ, സിനിമ തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോൾത്തന്നെ അസഹനീയമായി തോന്നി. ഇന്റർവെൽ സമയത്ത് കാപ്പി കുടിക്കാൻ പോകുന്നതുപോലെ പുറത്തിറങ്ങി സ്ഥലംവിട്ടാലോ എന്ന് വരെ ആലോചിച്ചു,’ അടൂർ പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണൻ. Photo. Screen Grab/ Youtube
സീറ്റിൽ തലകുനിച്ചിരിക്കുമ്പോഴായിരുന്നു തിയേറ്ററിനുള്ളിൽനിന്ന് ഒരാൾ അടുത്തെത്തി ചോദ്യം ഉന്നയിച്ചതെന്നും അടൂർ പറഞ്ഞു. ‘സാർ, ഇത്തരം വഷളൻ സിനിമകളൊക്കെ കാണാൻ വരാറുണ്ടോ?’ എന്നായിരുന്നു അയാളുടെ ചോദ്യം. ഇതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായെന്നും അടൂർ വ്യക്തമാക്കി.
Content Highlight: Director Adoor Gopalakrishnan shares an experience where, despite going to the theatre to watch a hit Malayalam film, he felt like walking out halfway through