| Tuesday, 16th June 2026, 10:21 am

ഒരിക്കലും ആന്റി റിസര്‍വേഷനല്ല, അങ്ങനെയൊരു മോശം സ്‌റ്റേറ്റ്‌മെന്റ് എന്റെ ചിത്രത്തിലൂടെ പറയാന്‍ ആഗ്രഹിക്കുന്നില്ല: അഭിനവ് സുന്ദര്‍ നായക്

അശ്വിന്‍ രാജേന്ദ്രന്‍

വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകനാണ് അഭിനവ് സുന്ദര്‍ നായക്. മലയാളികള്‍ക്ക് സുപരിചിതമല്ലാത്ത പാറ്റേണില്‍ കഥ പറഞ്ഞ സംവിധായകന്‍ നസ്‌ലെനെ നായകനാക്കി ഒരുക്കിയ തന്റെ രണ്ടാമത്തെ ചിത്രമായിരുന്നു മോളിവുഡ് ടൈംസ്.

സിനിമാക്കാരനാകാന്‍ അതിയായി ആഗ്രഹിക്കുന്ന വിനീത് മാധവന്‍ എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ചിത്രത്തില്‍ റോഷന്‍ ഷാനവാസ് അവതരിപ്പിച്ച സുജിത് രാജ് എന്ന കഥാപാത്രം വിമര്‍ശിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് കഥാപാത്രത്തെ സംവിധായകനും തിരക്കഥാകൃത്തുമായ അഭിനവ് ഉപയോഗപ്പെടുത്തിയ രീതിയായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. മോളിവുഡ് ടൈംസിലെ ചില സംഭാഷണങ്ങള്‍ സംവരണത്തിനെതിരെ സംസാരിക്കുന്നതാണെന്നായിരുന്നു ചിത്രം കണ്ടിറങ്ങിയവരില്‍ പലരും അഭിപ്രായപ്പെട്ടത്.

മോളിവുഡ് ടൈംസ്. Photo: IMDB

ഇപ്പോഴിതാ ഈ ആരോപണങ്ങളില്‍ വ്യക്തത വരുത്തുന്ന സംവിധായകന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിനവ്.

‘ചിത്രം റിസര്‍വേഷന് എതിരാണെന്ന് ഒരുപാട് കുറ്റപ്പെടുത്തലുകള്‍ പലരുടെയും ഭാഗത്ത് നിന്നും വരുന്നുണ്ട്. എന്നാല്‍ ഒരിക്കലും അങ്ങനെയല്ല. റോഷന്‍ ഷാനവാസ് അവതരിപ്പിച്ച സുജിയുടെ കഥപാത്രം ചിത്രത്തില്‍ വളരെയധികം നിരാശനാണെന്ന് കാണാം. കാരണം അവന്‍ ബ്രില്ല്യന്റ് ആയ എല്ലാത്തിലും ടോപ്പറാകുന്ന ആളാണ്, പക്ഷേ അവന് എന്ത് കിട്ടിയാലും നാട്ടുകാര്‍ അല്ലെങ്കില്‍ സമൂഹം അവന് റിസര്‍വേഷന്‍ ഉള്ളതുകൊണ്ടാണ് അത് കിട്ടിയതെന്ന തരത്തിലാണ് അവനെ കാണുന്നത്.

അതൊരിക്കലും ആന്റി റിസര്‍വേഷന്‍ എന്ന ധാരണയില്‍ ചെയ്തതല്ല. ഞാനൊരിക്കലും അങ്ങനെയൊരു പ്രസ്താവന എന്റെ സിനിമയിലൂടെ പറയാന്‍ ആഗ്രഹിക്കുന്ന ആളുമല്ല. ആ കാര്യത്തില്‍ ഞാന്‍ ഇപ്പോള്‍ തന്നെ വ്യക്തത വരുത്തുകയാണ്. ഒരിക്കല്‍ കൂടെ സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് ആ കാര്യം മനസിലാവും. റിലീസിന് ശേഷം ഇങ്ങനെയൊരു കാര്യം സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. എന്തെങ്കിലും കമ്യൂണിക്കേറ്റ് ചെയ്തതില്‍ തെറ്റ് പറ്റിയോ എന്നറിയാന്‍ വീണ്ടും ചിത്രം കണ്ടു.

കമ്യൂണിക്കേഷനില്‍ ഒരു തെറ്റുമില്ല. റിസര്‍വേഷന്‍ എന്ന വാക്ക് വന്നതുകൊണ്ട് പെട്ടെന്ന് ആ ആംഗിളിലേക്ക് ചിന്ത പോയതാകും. വിനീത് മാധവനെ പോലെ തന്നെ സുജി എന്ന ക്യാരക്ടറും സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹമുള്ള വ്യക്തിയാണ്. പക്ഷേ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയിട്ട് പോലും അയാള്‍ക്ക് റിസര്‍വേഷനില്‍ കിട്ടിയതാണെന്നുള്ള രീതിയിലാണ് സമൂഹം കാണുന്നത്.

അഭിനവ് നസ്‌ലെനൊപ്പം. Photo: FilmFare

അതുകൊണ്ട് തന്നെ സുജി എന്ന കഥാപാത്രത്തിന് താന്‍ സ്വന്തം നേടിയെടുത്തതാണെന്ന ഒരു സംതൃപ്തി ഉണ്ടാകാനാണ് അയാള്‍ സിനിമയിലേക്ക് വരുന്നത്. എന്നിട്ടും അവസാനം അദ്ദേഹത്തിന് ഒരു അവാര്‍ഡ് കിട്ടുമ്പോഴും അദ്ദേഹത്തെ ഈയൊരു ആംഗിളിലാണ് അദ്ദേഹത്തെ പരിഗണിച്ചതെന്ന് അറിയുമ്പോള്‍ സുജി നിരാശനാകുകയാണ്,’ അഭിനവ് പറഞ്ഞു.

Content Highlight: Director Abhinav Sunder Nayak talks about the character Sujithraj in Mollywood times and reservation issue he portryd in his movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more