അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്‌ലെൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. പ്രഖ്യാപനം മുതൽക്കേ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’എന്ന ചിത്രത്തിന് ശേഷം അഭിനവ് ചെയ്യുന്ന ചിത്രം എന്ന രീതിയിലും മോളിവുഡ് ടൈംസ് ശ്രദ്ധ നേടുന്നു.
ചെറുപ്പം മുതൽ സിനിമ സ്വപ്നം കാണുന്ന ഒരു ചെറുപ്പക്കാരന്റെ സിനിമയിലേക്കുള്ള യാത്രയും അയാൾ കടന്നു പോകുന്ന വഴികളുമാണ് ചിത്രം സംസാരിക്കുന്നത്. ‘വിനീത് മാധവൻ’ എന്ന കഥാപാത്രത്തെയാണ് നസ്‌ലെൻ അവതരിപ്പിച്ചിരിക്കുന്നത്. മോളിവുഡ് ടൈംസ് ഒരു ബയോഗ്രഫി അല്ല, എന്നാൽ ഒരു പേർസണൽ ഫിലിം ആണെന്നാണ് ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായക് പറയുന്നത്. അഭിനവ് സ്വന്തം ജീവിതം തന്നെയാണ് സിനിമയാക്കിയിരിക്കുന്നത് എന്ന സോഷ്യൽ മീഡിയ ചർച്ചകൾക്കു മറുപടിയായാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ‘എം.പവർ ബൈ മാധവൻ’ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോളിവുഡ് ടൈംസ്’.Photo: Reddit
‘മോളിവുഡ് ടൈംസ്’ എനിക്ക് വളരെ പേഴ്സണൽ ആയ ഒരു ചിത്രമാണ്. കാരണം, എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രം ചെയ്യുമ്പോൾ ഒബ്ജക്ടീവ് ആയിരിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രം എഴുതുമ്പോൾ ഒരു കോ-റൈറ്റർ വേണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഇതൊരു ബയോഗ്രഫി ചിത്രമല്ല; എന്നാൽ എന്റെ വ്യക്തിപരമായ അനുഭവങ്ങൾ ഉൾപ്പെടുത്തുമ്പോൾ മറ്റൊരാളുടെ കാഴ്ചപ്പാടുകൾ കൂടി ഉൾപ്പെടുത്തണമെന്ന് തോന്നി.
ഞാൻ തനിയെ എഴുതിയാൽ അതിനൊരു ഒബ്ജക്ടിവിറ്റി ലഭിക്കില്ല. കോ-റൈറ്ററായ രാമു സുനിൽ അത് നല്ല രീതിയിൽ ചെയ്തിട്ടുമുണ്ട്. ‘സംസാരം ആരോഗ്യത്തിന് ഹാനീകരം’ എന്ന ചിത്രത്തിൽ ഞാൻ എഡിറ്ററായി വർക്ക് ചെയ്യുന്ന സമയത്ത് രാമു സുനിൽ അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്നുമുതൽ ഉണ്ടായ സൗഹൃദം ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിന്റെ എഴുത്തിലും ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ സിനിമാ ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്താണ് മോളിവുഡ് ടൈംസ് ചെയ്തത്.’ അഭിനവ് പറഞ്ഞു.
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.Photo:Cinema Express
വിനീത് ശ്രീനിവാസൻ നായകനായി 2022 ൽ പുറത്തിറങ്ങിയ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ആണ് അഭിനവിന്റെ ആദ്യ ചിത്രം. ചിത്രത്തിലെ വിനീതിന്റെ മികച്ച പ്രകടനത്തോടൊപ്പം തന്നെ തുടക്കക്കാരനായ സംവിധായകൻ അഭിനവും മുകുന്ദനുണ്ണിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും അഭിനവ് അഭിമുഖത്തിൽ പങ്കുവെച്ചു. ജൂൺ 5 ന് ആണ് ‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളിൽ എത്തുന്നത്.
Content Highlights: Director Abhinav Sunder Nayak says ‘Mollywood Times’ is not a biography, but a very personal film