| Tuesday, 7th July 2026, 1:10 pm

സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കുന്ന ആളാണ് ബേസില്‍; അവന്റെ വളര്‍ച്ചയില്‍ അഭിമാനമുണ്ട്: അഭിനവ് സുന്ദര്‍ നായിക്

ആര്യ. പി

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റെ പേര് എഴുതി ചേര്‍ത്ത സംവിധായകനാണ് അഭിനവ് സുന്ദര്‍ നായക്.

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച അഭിനവിന്റെ ഏറ്റവും പുതിയ ചിത്രം നസ്‌ലെനെ നായകനാക്കി ഒരുക്കിയ മോളിവുഡ് ടൈംസാണ്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തിര’യിലൂടെയാണ് അഭിനവ് അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. ആനന്ദം, ഗോദ തുടങ്ങിയ ചിത്രങ്ങള്‍ എഡിറ്റ് ചെയ്തതിലൂടെ എഡിറ്റിങ്ങിലും കയ്യൊപ്പ് പതിപ്പിക്കാന്‍ അഭിനവിനായി.

ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളുടെ ട്രെയിലര്‍ എഡിറ്റര്‍ കൂടിയാണ് അഭിനവ്.

തിരയില്‍ ബേസിലിനൊപ്പമാണ് അസിസ്റ്റന്റായി അഭിനവും എത്തുന്നത്. ബേസിലുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളാണ് താനെന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് ബേസിലെന്നും അഭിനവ് പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിനവ് സുന്ദര്‍ നായിക്, ബേസില്‍ ജോസഫ് ഗണേഷ് രാജ്‌ photo: simply.mollywood/instagram

‘ബേസിലിന്റെ രണ്ടാമത്തെ സിനിമയായ ഗോദ ഞാനാണ് എഡിറ്റ് ചെയ്തത്. ഗോദ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു. ബേസിലിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്ന് പറയുന്നത് ഭയങ്കര ഫണ്‍ ആണ്. മാത്രമല്ല ബേസില്‍ ഇപ്പോഴത്തെ ലീഡിങ് ആക്ടര്‍ കൂടിയാണ്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്ന് വെച്ചാല്‍, എന്താണ് പറയുക, അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. അതിന് മുകളില്‍ ഒരു ഡയറക്ടര്‍ എന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കുന്ന ആളാണ്,’ അഭിനവ് പറയുന്നു.

തിരയുടെ സമയത്ത് വിനീതില്‍ നിന്നും ഒരുപാട് ചീത്ത കേട്ടിരുന്നെന്ന് അഭിമുഖത്തില്‍ അഭിനവ് പറഞ്ഞിരുന്നു. ഗോദയുടെ സമയത്ത് ബേസിലില്‍ നിന്നും വഴക്ക് കേട്ടിരുന്നോ എന്ന ചോദ്യത്തിന്   ബേസിലിന് ശരിക്കും തന്നെ പേടിയാണെന്നായിരുന്നു അഭിനവിന്റെ മറുപടി.

‘ഞാന്‍ ഒരു സീന്‍ കട്ട് ചെയ്തുകഴിഞ്ഞാല്‍, അഭിനവ് അത് കട്ട് ചെയ്തു, ഒന്നും പറയാന്‍ പറ്റില്ലല്ലോ എന്നൊക്കെ അജു ചേട്ടന്റെ അടുത്ത് പോയി പറഞ്ഞിട്ടുണ്ട്.

എന്തിന് കട്ട് ചെയ്യാന്‍ വിട്ടു എന്ന് അജു ചേട്ടന്‍ ചോദിക്കുമ്പോള്‍ അവന്‍ കട്ട് ചെയ്തതാണ്. എനിക്ക് വേണ്ടാന്ന് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. അവന്‍ ആ സീന്‍ വേണ്ടാന്ന് പറഞ്ഞു. അതുകൊണ്ട് അത് വേണ്ട എന്നൊക്കെ പറയും.

ബേസില്‍ എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളാണ്. പണ്ടുതൊട്ടേ സുഹൃത്താണ്. ഇപ്പോള്‍ ഞാന്‍ അവന്റെ വളര്‍ച്ചയില്‍ ഒരുപാട് അഭിമാനിക്കുന്നുമുണ്ട്,’ അഭിനവ് പറഞ്ഞു.

ഗോദയുടെ മുന്‍പാണ് ആനന്ദം റിലീസ് ആകുന്നതെന്നും എഡിറ്റര്‍ എന്ന നിലയില്‍ എന്റെ ആദ്യത്തെ ഹിറ്റാണ് ആനന്ദമെന്നും അഭിനവ് പറഞ്ഞു.

അതിന് മുന്‍പ് ഞാന്‍ എഡിറ്റ് ചെയ്ത സിനിമകളൊന്നും അത്ര വിജയിച്ചിട്ടുണ്ടായിരുന്നില്ല. നല്ല കോള്‍സ് ഒന്നും വന്നിട്ടുമില്ലായിരുന്നു. ആനന്ദവും ഗോദയും കഴിഞ്ഞ ശേഷം ഒരുപാട് കോളുകള്‍ വന്നു. പക്ഷേ അപ്പോഴേക്കും ഞാന്‍ സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു,’ അഭിനവ് പറഞ്ഞു.

Content Highlight: Director Abhinav Sunder Naik about Basil Joseph Career Growth

ആര്യ. പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more