| Monday, 25th May 2026, 1:56 pm

നസ്‌ലെന്‍ 'നോ' പറഞ്ഞിരുന്നെങ്കില്‍ ഈ സിനിമ ഞാനെഴുതില്ലായിരുന്നു: അവന്‍ മാത്രമായിരുന്നു ചോയ്സ്': അഭിനവ് സുന്ദര്‍ നായക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ കയ്യൊപ്പ് ചാര്‍ത്തിയ സംവിധായകനാണ് അഭിനവ് സുന്ദര്‍ നായക്.

അഭിനവിന്റെ പുതിയ ചിത്രമായ ‘മോളിവുഡ് ടൈംസ്’ പ്രഖ്യാപനം മുതല്‍ക്കേ സിനിമാലോകത്ത് വലിയ ചര്‍ച്ചയാണ്. നടന്‍ നസ്‌ലെന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ജൂണ്‍ 5 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

നസ്‌ലെനെ മനസ്സില്‍ കണ്ടുകൊണ്ട് മാത്രമാണ് ‘മോളിവുഡ് ടൈംസി’ന്റെ തിരക്കഥ ഒരുക്കിയതെന്നും, തനിക്ക് ആ കഥാപാത്രമായി നസ്‌ലെന്‍ അല്ലാതെ മറ്റൊരു ചോയ്സ് ഉണ്ടായിരുന്നില്ലെന്നും പറയുകയാണ് അഭിനവ്. നസ്‌ലെന്‍ നോ പറഞ്ഞിരുന്നെങ്കില്‍ താന്‍ തിരക്കഥ പോലും എഴുതില്ലായിരുന്നെന്നും അഭിനവ് പറഞ്ഞു.

ഒരു സിനിമയ്ക്കായി കഥ എഴുതിയ ശേഷം അതിലേക്ക് അനുയോജ്യനായ നടനെ തിരയുന്ന പതിവ് രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ രീതിയെന്ന് അഭിനവ് സുന്ദര്‍ നായക് പറയുന്നു.

‘തിരക്കഥ എഴുതുന്നതിന് മുന്‍പ് തന്നെ ഞാന്‍ നസ്‌ലെനെ വിളിച്ചു സംസാരിച്ചിരുന്നു. ‘നിന്നെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. നീ ഇതിന് ഓക്കെ പറഞ്ഞാല്‍ മാത്രമേ ഞാന്‍ ഈ സിനിമ എഴുതാന്‍ തുടങ്ങുകയുള്ളൂ എന്ന് പറഞ്ഞു.

അഭിനവ് സുന്ദര്‍ നായിക് Photo: MPower By Maathevan

എഴുതിക്കഴിഞ്ഞ ശേഷം തിരക്കഥ വായിച്ചിട്ട് നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ധൈര്യമായി ‘നോ’ പറയാം, അതിലൊന്നും എനിക്ക് ഒരു കുഴപ്പവുമില്ല. പക്ഷേ എന്റെ കൂടെ ഒരു വര്‍ക്ക് ചെയ്യാന്‍ നിനക്ക് താല്പര്യമുണ്ടോ എന്നതിന് ഒരു ‘യെസ് ഓര്‍ നോ’ ഇപ്പോള്‍ പറയണം’ എന്നായിരുന്നു പറഞ്ഞത്.

‘നിങ്ങള്‍ എഴുതിക്കോളൂ, നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ ഞാനും ആഗ്രഹിക്കുന്നുണ്ട്’ എന്നായിരുന്നു നസ്‌ലെന്റെ മറുപടി,’ അഭിനവ് പറഞ്ഞു. നസ്‌ലെന്‍ അന്ന് ആ പ്രൊജക്റ്റിനോട് താത്പര്യം കാണിച്ചിരുന്നെങ്കില്‍ ഈ സിനിമ തന്നെ സംഭവിക്കില്ലായിരുന്നു എന്നും അഭിനവ് പറയുന്നു.

നസ്‌ലെന്‍ അന്ന് ‘നോ’ ആയിരുന്നു പറഞ്ഞതെങ്കില്‍ ഞാന്‍ ഈ സിനിമ എഴുതുമായിരുന്നില്ല. കാരണം ഈ സിനിമ നസ്‌ലെന് വേണ്ടി മാത്രം ഉള്ളതാണ്. അവനല്ലാതെ മറ്റൊരു നടനെ ആ സ്ഥാനത്ത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു.

തനിക്ക് ഒരു നടനോട് വ്യക്തിപരമായി വലിയ ഇഷ്ടം തോന്നിയാല്‍ മാത്രമേ അവര്‍ക്ക് വേണ്ടി ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ സാധിക്കുകയുള്ളൂ എന്നും അഭിനവ് അഭിമുഖത്തില്‍ പറഞ്ഞു.

മോളിവുഡ് ടൈംസ് Photo: Instagram/Naslen

‘ഒരു നടനോട് അതിയായ ഇഷ്ടം തോന്നിയാല്‍ മാത്രമേ എനിക്ക് അയാള്‍ക്ക് വേണ്ടി ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ പറ്റുകയുള്ളൂ. അത് എന്റെ ഒരു പ്രോബ്ലം ആണ്. അതൊരു വീക്ക്‌നെസ് ആണെന്ന് എനിക്ക് നന്നായി അറിയാം. നസ്‌ലെനെ എനിക്ക് അത്രയും ഇഷ്ടമാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് വേണ്ടി മാത്രം ഞാന്‍ ഈ സിനിമ എഴുതിയത്,’ അഭിനവ് സുന്ദര്‍ നായക് പറഞ്ഞു.

നിവിന്‍ പോളിയെ അത്രയേറെ ഇഷ്ടപ്പെട്ടതുകൊണ്ടായിരുന്നു ‘മുകുന്ദന്‍ ഉണ്ണി’യുടെ തിരക്കഥ നിവിനെ മനസ്സില്‍ കണ്ട് എഴുതിയത്. എന്നാല്‍ ചില കാരണങ്ങളാല്‍ നിവിന്‍ പോളി ആ പ്രൊജക്റ്റിനോട് ‘നോ’ പറയുകയായിരുന്നു. അതിന് ശേഷമാണ് ആ കഥാപാത്രം വിനീത് ശ്രീനിവാസനിലേക്ക് എത്തിയത്.

അഭിനവ് സുന്ദര്‍ നായക് എന്ന ക്രാഫ്റ്റ്സ്മാന്റെ മേക്കിങ് ശൈലിയും നസ്‌ലെന്റെ സ്‌ക്രീന്‍ പ്രെസന്‍സും ഒന്നിക്കുമ്പോള്‍ ‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളില്‍ വലിയൊരു വിരുന്ന് തന്നെയായിരിക്കും സമ്മാനിക്കുകയെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

Content Highlight: Director Abhinav SundarNaik About Naslen

Latest Stories

We use cookies to give you the best possible experience. Learn more