മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി 2023ൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത പടമാണ് ആയിഷ. സിനിമയെക്കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ചിത്രത്തിലൂടെ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമെന്ന് പറയുകയാണ് സംവിധായകൻ ആമിർ പള്ളിക്കൽ. കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ആയിഷ ഉൾപ്പെടുത്തിയതിനെക്കാൾ വലിയ നേട്ടമായി താൻ കാണുന്നത് മമ്മൂട്ടിയുടെ അഭിപ്രായത്തെയാണെന്നും ആമിർ പറഞ്ഞു.
‘ഞാൻ ഈയിടെ മമ്മൂക്കയെ കണ്ടപ്പോൾ ആയിഷ കണ്ടിട്ട് മമ്മൂക്ക അതിനെ ക്കുറിച്ച് സംസാരിച്ചു. അപ്പോൾ എനിക്ക് ആയിഷയിൽ നിന്നുണ്ടായ ഏറ്റവും വലിയ അച്ചീവ്‌മെന്റ് എന്താണെന്ന് വെച്ചാൽ, അത് മമ്മൂക്ക പറഞ്ഞ ഒന്നോ രണ്ടോ വാക്കുകളാണ്. അതായിരിക്കും ആയിഷക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ അംഗീകാരം,’ ആമിർ പറഞ്ഞു.
ആമിർ പള്ളിക്കൽ. Photo. Screen Grab/ Youtube
കളങ്കാവൽ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടിയെ കണ്ടതെന്നും അന്ന് അദ്ദേഹം ആയിഷയിലെ കാര്യങ്ങൾ കൃത്യമായി ഓർത്തെടുത്ത് സംസാരിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ആമിർ പറയുന്നു.
‘ജോർജ് ചേട്ടനാണ് എന്നെ മമ്മൂക്കയ്ക്ക് പരിചയപ്പെടുത്തുന്നത്. ഞാൻ ആമിർ എന്ന് പറഞ്ഞപ്പോൾ തന്നെ എന്നോട് ഏത് പടമാണ് ചെയ്തതെന്ന് ചോദിച്ചു. ഞാൻ ആയിഷ എന്ന് പറഞ്ഞു. ‘നമ്മുടെ മഞ്ജു വാര്യറുടെ പടം, ഷൂട്ടിങ് ഒക്കെ ദുബായിൽ ആയിരുന്നില്ലേ’ എന്നൊക്കെ ചോദിക്കുകയും എന്നിട്ട് അതിനെ കുറിച്ച് സംസാരിച്ചു,’ ആമിർ പറഞ്ഞു.
സിനിമയിൽ ദുബായിലെ ആയിഷയുടെ ജീവിതമാണ് കൂടുതലായി കാണിച്ചതെന്നും നിലമ്പൂരിലെ ജീവിതം കൂടി കുറച്ചു ഉൾപ്പെടുത്താമായിരുന്നുവെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടതായി ആമിർ പറഞ്ഞു. എന്നാൽ ചിത്രത്തിലെ കഥാപാത്രം ദുബായിൽ രണ്ട് വർഷമല്ല, ഇരുപത് വർഷത്തോളം ജീവിച്ചിരുന്നുവെന്ന് താൻ പറഞ്ഞെന്നും ആമിർ വ്യക്തമാക്കി.
‘നിങ്ങൾ എന്തുകൊണ്ട് നാട്ടിലെ നിലമ്പൂർ ആയിഷയുടെ കഥ കൂടുതൽ കാണിച്ചില്ല, അത് ഇനി ഇപ്പൊ ആരും കാണിക്കുകയില്ലല്ലോ എന്ന് മമ്മൂക്ക ചോദിച്ചു. അവിടെയൊക്കെ നിങ്ങൾ ഗംഭീരമായിട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ഇവിടത്തേയും കൂടെ കുറച്ച് കാണിക്കാമായിരുന്നു. അവർ ആകെ രണ്ട് വർഷമല്ലേ അവിടെ പോയി നിന്നിട്ടുള്ളൂ എന്നും എന്നോട് ചോദിച്ചു,’ ആമിർ പള്ളിക്കൽ കൂട്ടിച്ചേർത്തു.
മമ്മൂട്ടി സിനിമ കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഓർത്തുവെച്ചതിലാണ് തനിക്ക് ഏറ്റവും വലിയ സന്തോഷമെന്നും ആമിർ പറഞ്ഞു.
ആയിഷ. Photo. IMDb
‘സിനിമ കഴിഞ്ഞിട്ട് രണ്ട് വർഷമോ എന്തോ കഴിഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് ഞാൻ മമ്മൂക്കയെ കാണുന്നത് പോലും. നമ്മുടെ ഒരു പടം മൂപ്പർ കണ്ടിട്ട് അത് മനസിൽ ഓർത്തുവെച്ചിട്ട് എന്നോട് കൃത്യമായി പറഞ്ഞു എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരം.
കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ ആയിഷ ഉൾപ്പെടുത്തിയതാണോ മമ്മൂക്ക പറഞ്ഞതാണോ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം എന്ന് ചോദിച്ചാൽ, അത് മമ്മൂക്ക പറഞ്ഞതാണ്. മമ്മൂക്കയുടെ ഒരു കമന്റ് കിട്ടുക എന്ന് പറയുന്നത് തന്നെ വളരെ ഹൈ കിട്ടുന്ന ഒന്നാണ്,’ ആമിർ പറഞ്ഞു.
Content Highlight: Director Aamir pallikal talks about mammootty