| Friday, 12th December 2025, 10:47 am

അടി കപ്യാരേ കൂട്ടമണിക്ക് രണ്ടാം ഭാഗം ചെയ്യാന്‍ എനിക്ക് താത്പര്യമില്ല: സംവിധായകന്‍ എ.ജെ. വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്കിടയില്‍ പ്രത്യേക ഫാന്‍ ബേസുള്ള എന്റര്‍ടൈനറുകളിലൊന്നാണ് അടി കപ്യാരേ കൂട്ടമണി. മലയാളത്തില്‍ ആദ്യമായി ഒരു മെന്‍സ് ഹോസ്റ്റല്‍ പ്രധാന ലൊക്കേഷനായെത്തിയ ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. 10 വര്‍ഷത്തിനിപ്പുറവും ചിത്രത്തിന് രണ്ടാം ഭാഗമുണ്ടായേക്കുമെന്ന് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇപ്പോഴിതാ രണ്ടാം ഭാഗത്തിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ എ.ജെ. വര്‍ഗീസ്. ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന ചിന്ത തനിക്കില്ലായിരുന്നെന്ന് വര്‍ഗീസ് പറഞ്ഞു. തനിക്ക് അങ്ങനെയൊരു പ്ലാന്‍ ഇല്ലായിരുന്നെന്നും എന്നാല്‍ ടെയ്ല്‍ എന്‍ഡില്‍ അങ്ങനെയൊരു സീന്‍ വെക്കാമെന്ന് അവസാനനിമിഷം തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു എ.ജെ വര്‍ഗീസ്.

‘ഒന്നാമത് എനിക്ക് സീക്വലുകളോട് താത്പര്യമില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് ഫസ്റ്റ് പാര്‍ട്ടിനോട് നീതി പുലര്‍ത്തുന്നതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഒന്നുകില്‍ അതിന് മേലെയോ അല്ലെങ്കില്‍ അതിനൊപ്പമോ നില്‍ക്കണം. എന്നാലേ സീക്വല്‍ ചെയ്യാന്‍ പാടുള്ളൂ. അതിനനുസരിച്ചുള്ള സബ്ജക്ട് നമുക്ക് കിട്ടിയാല്‍ മാത്രമേ ഇത് നടക്കുള്ളൂ. അങ്ങനെയൊരു സബ്ജക്ട് ഇല്ലാത്തതുകൊണ്ടുതന്നെ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല.

അടി കപ്യാരേ കൂട്ടമണി നിര്‍ത്തിയ സ്ഥലത്ത് നിന്ന് നമുക്ക് തുടങ്ങാന്‍ പറ്റില്ല. അധിഷ്ട ലക്ഷ്മിയുടെ വീട്ടില്‍ പെട്ടുപോകുന്ന ഭാനുവിനെ കാണിച്ചിട്ടാണ് പടം അവസാനിക്കുന്നത്. അവിടുന്ന് ഒരു ആണ്‍കുട്ടിക്ക് പുറത്തുചാടാന്‍ വലിയ പ്രയാസമൊന്നുമില്ലല്ലോ. അത് മാത്രമല്ല, ആ പടത്തില്‍ അഭിനയിച്ചവരുടെ പ്രായവും കൂടി. അതുകൊണ്ട് ആ ഒരു ഏരിയ നമുക്ക് കാണിക്കാന്‍ പറ്റില്ല,’ എ.ജെ. വര്‍ഗീസ് പറയുന്നു.

വേറെയൊരു കഥ കിട്ടിയാല്‍ മാത്രമേ അടി കപ്യാരേ കൂട്ടമണിക്ക് സീക്വല്‍ ഒരുക്കുകയുള്ളൂവെന്ന് വര്‍ഗീസ് പറയുന്നു. ഇപ്പോള്‍ അതിന് ചെറിയൊരു ലീഡ് കിട്ടിയിട്ടിട്ടുണ്ടെന്നും എല്ലാം ഓക്കെയാവുകയാണെങ്കില്‍ അത്തരമൊരു കഥയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുകേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, നമിത പ്രമോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. കോമഡി എന്റര്‍ടൈനറായി ഒരുങ്ങിയ ചിത്രം വലിയ വിജയമായിരുന്നു നേടിയത്. രണ്ടാം ഭാഗത്തിന് സൂചന നല്കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്.

Content Highlight: Director A J Varghese about the sequel of Adi Kapyare Koottamani

We use cookies to give you the best possible experience. Learn more