| Saturday, 30th August 2025, 7:02 am

അത് ചെയ്യാൻ ക്ഷമ വേണം; എനിക്ക് എല്ലാക്കാര്യത്തിലും വെപ്രാളമാണ്: മണിയൻപിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1976ൽ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെ സിനിമാ കരിയർ ആരംഭിച്ച നടനാണ് മണിയൻപിള്ള രാജു. നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനും കൂടിയാണ് അദ്ദേഹം.

ചെറിയ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് ഇൻഡസ്ട്രിയുടെ മുൻനിരയിൽ സ്ഥാനം നേടി. നടൻ എന്നതിന് പുറമെ നിർമാതാവ് എന്ന നിലയിലും മണിയൻപിള്ള രാജു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഇപ്പോൾ തനിക്ക് സംവിധാനം ചെയ്യാൻ താത്പര്യമില്ലെന്ന് പറയുകയാണ് മണിയൻപിള്ള രാജു.

‘സംവിധാനം ചെയ്യാൻ നല്ല ക്ഷമ വേണം. ഞാൻ വെപ്രാളം കൂടുതലുള്ള ആളാണ്. നടൻ സോമേട്ടൻ പറയും, ഇവന്റെ കാലിനടിയിൽ വീല് വെച്ചിട്ടുണ്ടോ എന്ന്. ഞാൻ. ആകെ അടങ്ങിയിരിക്കുക സിനിമ കാണുമ്പോൾ മാത്രമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

മണിയൻപിള്ളയിലെ കഥാപാത്രം, പിന്നെ താരാട്ട്, പൈതൃകം, ധിം തരികിട തോം, സെവൻസ് എന്നീ സിനിമകളിലെ കഥാപാത്രമാണ് തനിക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളെന്നും അവസാനം ചെയ്ത തുടരും എന്ന സിനിമയും ആ പട്ടികയിലുണ്ടെന്നും നടൻ പറയുന്നു.

ഓണത്തെക്കുറിച്ചുള്ള ഓർമകളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

എല്ലാവർക്കും ഓണക്കോടി വാങ്ങിക്കൊടുക്കുന്ന തിരക്കുകളിലായിരുന്നു മുൻ വർഷങ്ങളിലൊക്കെയെന്നും എന്നാൽ കഴിഞ്ഞ ഓണത്തിന് താൻ ആശുപത്രിയിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തനിക്ക് ആഘോഷിക്കാൻ വീണ്ടും ഓണം കിട്ടിയിരിക്കുന്നുവെന്നും അതൊരു ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗാവസ്ഥയിലും സിനിമയിലേക്ക് മടങ്ങിവരണമെന്ന് തന്നെയായിരുന്നു മനസിലെന്നും രോഗമായി കിടക്കുമ്പോൾ മോഹൻലാലും മമ്മൂട്ടിയും ഗണേഷ്‌കുമാറും വിജയരാഘവനുമെല്ലാം കാണാൻ വന്നുവെന്നും പറഞ്ഞ രാജു മമ്മൂട്ടിയുടെ വാക്കുകൾ ഊർജം തന്നുവെന്നും കൂട്ടിച്ചേർത്തു. ​ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നടൻ. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തനിക്ക് ക്യാൻസറായിരുന്നുവെന്ന് മണിയൻപിള്ള രാജു വെളിപ്പെടുത്തിയത്.

Content Highlight: Directing requires a lot of patience. I don’t have that much says Maniyanpilla Raju

We use cookies to give you the best possible experience. Learn more