| Wednesday, 9th July 2025, 7:45 pm

ജെ.എസ്.കെ: ഇനിയും മാറ്റങ്ങൾ പറഞ്ഞേക്കാം; നിരവധി സിനിമകൾക്ക് സംഭവിച്ചിട്ടുണ്ട്: പ്രവീൺ നാരായണൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ വിവാദത്തിൽ പ്രതികരണവുമായി ചിത്രത്തിൻ്റെ സംവിധായകൻ പ്രവീൺ നാരായണൻ. ചിത്രത്തിൻ്റെ പബ്ലിസിറ്റിക്ക് വേണ്ടി അണിയറപ്രവർത്തകർ തന്നെ ചെയ്യുന്നതാണോ എന്ന ചോദ്യത്തിൽ റിപ്പോർട്ടർ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വലിയ സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എങ്കിലും ആശ്വാസകരമായ കുറച്ചുകാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

പണം മുടക്കിയാല്‍ പബ്ലിസിറ്റി ചെയ്യാന്‍ പറ്റുന്നതാണെന്നും ഇപ്പോള്‍ നടക്കുന്നതൊന്നും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാര്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രാക്ടിക്കലി ചിന്തിച്ചാല്‍ മനസിലാക്കാന്‍ പറ്റുന്ന കാര്യമാണിതെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ മാറ്റങ്ങള്‍ ചെയ്തുകഴിഞ്ഞാലും ഇനിയും മാറ്റങ്ങള്‍ വരാമെന്നും പറഞ്ഞ അദ്ദേഹം പല സിനിമകള്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

‘വലിയ സമ്മര്‍ദത്തിലൂടെയാണ് ഈ നിമിഷവും കടന്നുപോകുന്നത്. എങ്കിലും ആശ്വാസകരമായ കുറച്ച് കാര്യങ്ങള്‍ നടന്നു എന്നൊരു സത്യമാണ്. അതിന്റെയൊരു റിലാക്‌സേഷനുണ്ട്.

പബ്ലിസിറ്റി എന്നുപറയുന്നത് രണ്ടോ അല്ലെങ്കില്‍ മൂന്നോ കോടി മുടക്കിയാല്‍ നമുക്ക് കിട്ടുന്നതേ ഉള്ളു. പക്ഷെ, അതിനേക്കാളുപരി അത് പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് സുരേഷ് ഗോപിയെപ്പോലൊരു കേന്ദ്ര മന്ത്രി, സി.ബി.എഫ്.സി പോലൊരു ഓട്ടോണമസ് ബോഡി പിന്നെ ഫെഫ്ക, ഉണ്ണികൃഷ്ണന്‍ സാറ്, പ്രൊഡ്യൂസേഴ്‌സ്, സംഘടനകള്‍ എന്റെ സിനിമക്ക് വേണ്ടിയിട്ട് ഇറക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ ഞങ്ങള്‍ അത്രയേറെ മിടുക്കന്‍മാര്‍ ആയിരിക്കണമല്ലോ.

അതൊന്നും ഒരിക്കലും സാധ്യമായ കാര്യമല്ല. പ്രാക്ടിക്കലി ചിന്തിച്ചാല്‍ മനസിലാക്കാന്‍ പറ്റുന്ന കാര്യങ്ങളേ ഉള്ളൂ. അങ്ങനെയൊന്നും അല്ല ഒരിക്കലും. നമ്മള്‍ ഈ നിമിഷം നില്‍ക്കുന്നത് മുള്ളിലാണ്. നമ്മള്‍ നാളെ ഇവര്‍ പറഞ്ഞ മാറ്റങ്ങള്‍ കൊണ്ടുകൊടുത്ത് കഴിയുമ്പോള്‍ ഇനിയും മാറ്റങ്ങള്‍ വരാം. പല സിനിമകള്‍ക്കും ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നമ്മള്‍ എങ്ങനെയെങ്കിലും സിനിമ ഇറക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്,’ പ്രവീൺ നാരായണൻ പറയുന്നു.

Content Highlight: Directer Praveen Narayan Responds to JSK Controversy

We use cookies to give you the best possible experience. Learn more