| Wednesday, 6th August 2025, 2:13 pm

കമലിനെ വിസ്മയിപ്പിച്ച മഞ്ജു; പതിനെട്ടുകാരിയുടെ അദ്ഭുത പരകായപ്രവേശം

വി. ജസ്‌ന

വര്‍ഷം 1996, സുന്ദര്‍ ദാസിന്റെ സംവിധാനത്തില്‍ എത്തിയ സല്ലാപം എന്ന സിനിമ കണ്ടിറങ്ങുമ്പോള്‍ കമലിന്റെ മനസില്‍ ഒരേയൊരു നായിക മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആദ്യ സിനിമയിലൂടെ തന്നെ വിസ്മയിപ്പിച്ച മഞ്ജു വാര്യര്‍.

പിന്നീട് തന്റെ അടുത്ത സിനിമയിലേക്ക് ആ പെണ്‍കുട്ടിയെ നായികയാക്കാന്‍ കമല്‍ തീരുമാനിച്ചു. മറ്റൊരു സിനിമയുടെ ലൊക്കേഷനിലെത്തി മഞ്ജുവിനെ കണ്ടു. കഥ കേട്ടപ്പോള്‍ തന്നെ അവര്‍ സമ്മതമറിയിച്ചു.

ഒടുവില്‍ തന്റെ 18ാം വയസിലാണ് മഞ്ജു വാര്യര്‍ ഈ പുഴയും കടന്ന് എന്ന സിനിമയില്‍ അഭിനയിക്കാനെത്തുന്നത്. ഷോട്ടിന് മുന്നോടിയായി കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകൊടുക്കുമ്പോള്‍ മഞ്ജു ഒന്നും ശ്രദ്ധിക്കാത്തത് പോലെയാണ് തനിക്ക് തോന്നിയതെന്ന് കമല്‍ ഇന്നും പറയുന്നു.

സിനിമയെ ഈ കുട്ടി സീരിയസായി എടുക്കുന്നില്ലേ എന്നൊക്കെ കമല്‍ അപ്പോള്‍ ചിന്തിച്ചു. പക്ഷേ സ്റ്റാര്‍ട്ട് ആക്ഷന്‍ എന്ന് പറഞ്ഞ് ക്ലാപ്പ് അടിച്ചതും അദ്ഭുതപ്പെടുത്തുന്ന പരകായപ്രവേശമാണ് അയാള്‍ കണ്ടത്. അത്തരമൊരു മാജിക് മറ്റൊരു നടിയിലും കമല്‍ അതിനുമുമ്പ് കണ്ടിരുന്നില്ല.

മോഹിനി, മഞ്ജു, ചിപ്പി എന്നിങ്ങനെ മൂന്ന് നായികമാരായിരുന്നു ആ സിനിമയില്‍ ഉണ്ടായിരുന്നത്. മോഹിനി മുമ്പ് കമല്‍ സംവിധാനം ചെയ്ത ഗസല്‍ എന്ന പടത്തില്‍ നായികയായിരുന്നു. അതുകൊണ്ടാകും ഷൂട്ടിന്റെ ആദ്യദിവസങ്ങളില്‍ മോഹിനിയെപ്പോലെ തന്നെ കമല്‍ പരിഗണിക്കുന്നില്ലേ എന്നൊരു ആശങ്ക മഞ്ജുവിന് ഉണ്ടായത്.

പക്ഷേ മൂന്നുദിവസം കഴിഞ്ഞതും അതൊക്കെ മാറി. അവര്‍ നല്ലൊരു ആത്മബന്ധത്തിലേക്ക് നീങ്ങി. വളരെ സൂക്ഷ്മമായ ഭാവങ്ങള്‍ മികവോടെ അവതരിപ്പിക്കും എന്നതാണ് മഞ്ജുവിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റെന്ന് കമല്‍ ഇന്നും ഓര്‍ക്കുന്നു.

ഡയലോഗും അഭിനയിക്കേണ്ടത് എന്താണെന്നും മാത്രമാണ് ഒരു സംവിധായകന്‍ പറഞ്ഞു കൊടുക്കേണ്ടത്. എന്നാല്‍ ആ രംഗം എങ്ങനെ അഭിനയിക്കണം എന്നത് ആ അഭിനേതാവിന്റെ മാത്രം മനോധര്‍മമാണ്.

പറയേണ്ട ഡയലോഗ് എന്താണെന്നും കഥയുടെ സാഹചര്യം എന്താണെന്നും അറിഞ്ഞാല്‍ തന്റെ വേഷത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ സാധിക്കുന്ന അഭിനേതാക്കള്‍ മലയാളത്തില്‍ നിരവധിയുണ്ട്. സംവിധായകന്‍ കമലിനെ സംബന്ധിച്ചിടത്തോളം നടി മഞ്ജു വാര്യര്‍ അത്തരത്തില്‍ അദ്ഭുതപ്പെടുത്തിയ അഭിനേതാവാണ്.

ഈ പുഴയും കടന്ന് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുമെന്ന് മഞ്ജു പോലും പ്രതീക്ഷിച്ചിരുന്നില്ല. ശേഷം കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലും കമല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ട് ഒന്നിച്ചു.

പിന്നീട് വിവാഹം നടന്നതോടെ മഞ്ജുവിന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മുമ്പത്തേതിനേക്കാള്‍ ശക്തമായ ഒരു തിരിച്ചുവരവാണ് മഞ്ജു നടത്തിയത്. ആ രണ്ടാം വരവിലും കമല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ആമിയെന്ന സിനിമയിലൂടെ മാധവികുട്ടിയായി മഞ്ജു വീണ്ടും കമലിനെ വിസ്മയിപ്പിച്ചു.

Content Highlight: Directer Kamal Talks About Manju Warrier

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more