| Saturday, 12th September 2026, 2:11 pm

യൂറോപ്യന്‍ സൈനികര്‍ ഉക്രൈനില്‍ എത്തിയാല്‍ നേരിട്ടുള്ള യുദ്ധം; കടുത്ത മുന്നറിയിപ്പുമായി പുടിന്‍

അഞ്ജു ചന്ദ്രന്‍

മോസ്‌കോ: ഉക്രൈനില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സൈനികരെ വിന്യസിപ്പിച്ചാല്‍ അത് റഷ്യക്കെതിരായ നേരിട്ടുള്ള യുദ്ധമായി കണക്കാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. ഉക്രൈനില്‍ യൂറോപ്യന്‍ സൈനിക സാന്നിധ്യം ഉണ്ടാകുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി കാണുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.

ഉക്രൈനിലെ യുദ്ധത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കിടെ യൂറോപ്യന്‍ രാജ്യങ്ങള്‍ സൈനികരെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ റഷ്യ നിരീക്ഷിക്കുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉക്രൈനിലേക്ക് വിദേശ സൈനികരെ അയക്കാനുള്ള ഏതൊരു തീരുമാനവും സംഘര്‍ഷത്തിന്റെ സ്വഭാവം തന്നെ മാറ്റുമെന്നും റഷ്യ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉക്രൈനില്‍ സൈനികരെ വിന്യസിക്കുന്നതിനെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.  ഉക്രൈന്‍ സൈന്യത്തിന് പിന്തുണ നല്‍കുന്നതിനും ഭാവിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൈനിക സാന്നിധ്യം പരിഗണിക്കണമെന്ന നിലപാടാണ് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവച്ചത്.

എന്നാല്‍, ഇത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് റഷ്യ. യൂറോപ്യന്‍ സൈനികര്‍ ഉക്രൈനില്‍ എത്തിയാല്‍ റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് സാഹചര്യം നീങ്ങുമെന്ന മുന്നറിയിപ്പാണ് പുടിന്‍ നല്‍കിയത്.

ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുടിന്റെ പുതിയ പ്രസ്താവന. യൂറോപ്പും റഷ്യയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയാണ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഉയരുന്നത്.

Content Highlights: Direct war if European troops arrive in Ukraine; Putin issues stern warning to Western nations.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more