സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ് 2014ല്‍ പുറത്തിറങ്ങിയ രാഞ്ഛന. ധനുഷിനെ നായകനാക്കി ആനന്ദ് എല്‍. റായ് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. കുന്ദന്‍ എന്ന കഥാപാത്രമായി ബോളിവുഡിലേക്കുള്ള എന്‍ട്രി മികച്ചതാക്കാന്‍ ധനുഷിന് സാധിച്ചിരുന്നു. റിലീസ് ചെയ്ത് 10 വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രം ഇന്‍സ്റ്റഗ്രാം റീലുകളിലെ നിറസാന്നിധ്യമാണ്.
കഴിഞ്ഞദിവസം രാഞ്ഛന റീ റിലീസ് ചെയ്തിരുന്നു. എന്നാല്‍ റീ റിലീസ് ചെയ്ത പതിപ്പിന്റെ ക്ലൈമാക്‌സ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഒറിജിനല്‍ വേര്‍ഷന്റെ ക്ലൈമാക്‌സില്‍ ധനുഷിന്റെ കഥാപാത്രം മരിക്കുന്നതായാണ് കാണിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ പതിപ്പിന്റെ ക്ലൈമാക്‌സില്‍ മാറ്റമുണ്ടായിരുന്നു.
ധനുഷിന്റെ കഥാപാത്രം ക്ലൈമാക്‌സില്‍ മരിക്കാതെ തിരിച്ചുവരുന്ന ഹാപ്പി എന്‍ഡിങ്ങാണ് കാണിച്ചത്. എ.ഐ. ഉപയോഗിച്ച് എഡിറ്റ് ചെയ്ത പതിപ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇപ്പോഴിതാ ഈ പതിപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആനന്ദ് എല്‍. റായ്. തനിക്ക് അറിവില്ലാത്ത കാര്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.
‘റീ റിലീസ് ചെയ്തത് പോലും എന്റെ അറിവില്ലാതെ നടന്ന കാര്യമാണ്. എ.ഐ ഉപയോഗിച്ച് മാറ്റം വരുത്തിയ ഈ വേര്‍ഷനെ ഞാന്‍ ഒരിക്കലും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. അണിയറപ്രവര്‍ത്തകരുടെ അംഗീകാരമില്ലാത്ത പതിപ്പാണ് അത്. ഞങ്ങളുടെ വര്‍ക്കിനെയും ആശയത്തെയും ഒരു മെഷീന്‍ മോഡിഫൈ ചെയ്യുന്നത് ശരിയായ നടപടിയായി തോന്നുന്നില്ല.
അതിനെ വലിയൊരു കണ്ടുപിടിത്തമായി അവതരിപ്പിച്ചത് മര്യാദയില്ലാത്ത പ്രവൃത്തിയാണ്. ചതിക്കപ്പെട്ടതുപോലെയാണ് അത് കണ്ടപ്പോള്‍ തോന്നിയത്,’ ആനന്ദ് എല്‍. റായ് പറഞ്ഞു.
ബനാറസിലെ പുരോഹിത കുടുംബത്തിലുള്ള കുന്ദന് അതേ നാട്ടിലുള്ള സോയ എന്ന മുസ്‌ലിം യുവതിയോട് പ്രണയം തോന്നുകയും അതേത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. ധനുഷിന്റെ അതിഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാണാന്‍ സാധിച്ചത്. സോനം കപൂറാണ് സോയ എന്ന കഥാപാത്രമായി വേഷമിട്ടത്.
എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു. ധനുഷ്- ആനന്ദ് എല്‍. റായ്- എ.ആര്‍. റഹ്‌മാന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന തേരേ ഇഷ്‌ക് മേന്‍ അവസാനഘട്ട ചിത്രീകരണത്തിലാണ്. ‘രാഞ്ഛനയുടെ ലോകത്ത് നിന്ന് അടുത്ത പ്രണയകഥ’ എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.
Content Highlight: Direcor Aanand L Rai reacts to the Re release of Raanjhanaa movie and altered climax