| Saturday, 1st October 2022, 7:47 pm

ഡിവില്ലിയേഴ്‌സ് 360° ബാറ്ററാണെങ്കില്‍ അതിനെ വെല്ലുന്ന ഒരാള്‍ ഇവിടെ ഉണ്ട്; 360° റണ്‍ ഔട്ടുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

വിജയത്തോടെയാണ് ഇന്ത്യ വനിതാ ഏഷ്യാ കപ്പിന് തുടക്കം കുറിച്ചത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പടപ്പുറപ്പാട് തുടങ്ങിയത്.

ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം നടത്തിയത്. ബാറ്റിങ്ങില്‍ ജെമിയ റോഡ്രിഗസും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും കരുത്തായപ്പോള്‍ ബൗളിങ്ങില്‍ ദയാന്‍ ഹോമലത, പൂജ വസ്ത്രാര്‍ക്കര്‍ ദീപ്തി ശര്‍മ എന്നിവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

ബാറ്റിങ്ങിനും ബൗളിങ്ങിനും പുറമെ ഇന്ത്യയുടെ ഫീല്‍ഡിങ് ഡിപ്പാര്‍ട്‌മെന്റും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ശ്രീലങ്കന്‍ താരങ്ങളെ റണ്‍ ഔട്ടാക്കിയതിലൂടെ ആ പ്രകടനം കാണികള്‍ക്ക് വ്യക്തമായിരുന്നു.

ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ കരുത്ത് വിളിച്ചോതിയ ഒരു റണ്‍ ഔട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ശ്രീലങ്കയുടെ മൂന്നാം നമ്പര്‍ ബാറ്ററായ മാല്‍ഷ ഷെഹാനിയെ പുറത്താക്കിയ ദീപ്തി ശര്‍മയുടെ ത്രോയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.

അഞ്ചാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഈ റണ്‍ ഔട്ട് പിറന്നത്. ബാക്ക്‌വാര്‍ഡ് പോയിന്റിലേക്ക് സിംഗിളിന് ശ്രമിച്ച ഷെഹാനിയെ ഒരു ഡയറക്ട് ഹിറ്റിലൂടെ ദീപ്തി പുറത്താക്കുകയായിരുന്നു.

ബോള്‍ കയ്യിലെടുത്ത് 360° തിരിഞ്ഞായിരുന്നു നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് താരം തകര്‍പ്പന്‍ ത്രോ ചെയ്തത്. ദീപ്തിയുടെ ഡയറക്ട് ഹിറ്റില്‍ വിക്കറ്റ് വീഴുന്നത് നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു ഷഹാനിക്കായത്.

അതേസമയം, മികച്ച വിജയമായിരുന്നു ഇന്ത്യ ആദ്യ മത്സരത്തില്‍ തന്നെ സ്വന്തമാക്കിയത്.

ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപത്തു ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചമാരിയുടെ നീക്കം ശരിവെക്കുന്ന പ്രകടനമായിരുന്നു ശ്രീലങ്കന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്.

ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും സ്മൃതി മന്ദാനയും പെട്ടെന്ന് തന്നെ പുറത്തായിരുന്നു. 11 പന്തില്‍ നിന്നും പത്ത് റണ്‍സുമായി ഷെഫാലിയും ഏഴ് പന്തില്‍ നിന്നും ആറ് റണ്‍സുമായി മന്ദാനയും കൂടാരം കയറി.

എന്നാല്‍ വണ്‍ ഡൗണായി ജെമിയ കളത്തിലെത്തിയതോടെ കളി മാറി. ഒന്നിന് പിന്നാലെ ഒന്നായി ബൗണ്ടറികളടിച്ച് ജെമിയ ലങ്കന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു.

ഒടുവില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരിക്ക് മുമ്പില്‍ ക്ലീന്‍ ബൗള്‍ഡാവുമ്പോള്‍ 53 പന്തില്‍ നിന്നും 76 റണ്‍സായിരുന്നു ജെമിയയുടെ സമ്പാദ്യം. 11 ഫോറും ഒരു സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

നാലാമതിറങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും ഒട്ടും മോശമാക്കിയില്ല. 30 പന്തില്‍ നിന്നു രണ്ട് ഫോറും ഒരു സിക്‌സറുമടക്കം 33 റണ്‍സാണ് ക്യാപ്റ്റന്‍ ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

ഒടുവില്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 150 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് ഇന്ത്യയേക്കാള്‍ മികച്ച തുടക്കമായിരുന്നു ലഭിച്ചത്, എന്നാല്‍ ആ തുടക്കം മുതലാക്കാന്‍ പിന്നാലെ വന്നവര്‍ക്കായില്ല.

ലങ്കന്‍ സ്‌കോര്‍ 25ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ചമാരിയെ പുറത്താക്കി ദീപ്തി ശര്‍മയാണ് തുടങ്ങിത്. 11 പന്തില്‍ നിന്നും ആറ് റണ്‍സ് മാത്രമായിരുന്നു ചമാരിയുടെ സമ്പാദ്യം. ടീം സ്‌കോര്‍ 40 കടക്കും മുമ്പേ അടുത്ത വിക്കറ്റും വീണു.

പിന്നീടങ്ങോട്ട് ഇന്ത്യന്‍ ബൗളര്‍മാരുടെ തേരോട്ടമായിരുന്നു കണ്ടത്. ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റ് വീഴുമ്പോഴും ഒരറ്റത്ത് ഹാസിനി പെരേര പിടിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 18.2 ഓവറില്‍ 109 റണ്‍സിന് ലങ്കയുടെ അവസാന വിക്കറ്റും വീഴുകയായിരുന്നു.

ഇന്ത്യക്കായി ദയാലന്‍ ഹേമലത മൂന്നും പൂജ വസ്ത്രാര്‍ക്കര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രാധ യാദവ് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് പേര്‍ റണ്‍ ഔട്ടായി.

ഇന്ത്യക്കനുകൂലമായി മത്സരം തിരിച്ച ജെമിയ റോഡ്രിഗസാണ് കളിയിലെ താരം.

ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. മലേഷ്യയാണ് എതിരാളികള്‍.

Content Highlight: Dipti Sharma’s incredible fielding performance in India vs Sri Lanka Asia Cup

Latest Stories

We use cookies to give you the best possible experience. Learn more