| Thursday, 15th October 2026, 4:54 pm

കേന്ദ്രസര്‍ക്കാര്‍ 'ദല്‍ഹിയെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയായി മാറ്റി'; അഭിജീത് ദീപ്‌കെ

ദേവിക ജയചന്ദ്രന്‍

ദല്‍ഹി: എസ്.ഐ.ആര്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍, ഒക്ടോബര്‍ 15 വ്യാഴാഴ്ച ‘പ്രസ് ക്ലബ് ഓഫ് ഇന്ത്യ’യില്‍ വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ നേതാക്കളും അഭിഭാഷകരും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി.

ഐസ പ്രസിഡന്റ് നേഹ ബോറ, സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ, നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാംഗ്, കപില്‍ സിബല്‍ തുടങ്ങിയവര്‍ മാധ്യമങ്ങളോട് സംസാരിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയുടെ രാജി ആവശ്യപ്പെടുന്ന സമാധാനപരമായ പ്രതിഷേധക്കാര്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ക്കെതിരെ ഭരണകൂടം സ്വീകരിച്ച കര്‍ശന നടപടികളെ ദിപ്‌കെ രൂക്ഷമായി വിമര്‍ശിച്ചു.

‘രാവിലെ ജന്തര്‍ മന്തറില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ അശുതോഷും സൗരവും എത്തിയപ്പോള്‍, അവരെ പിടികൂടുകയും ജയിലിലടയ്ക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയയ്ക്കുകയും ചെയ്തു. ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് പോലും നിയമലംഘനമായി കണക്കാക്കപ്പെട്ടു. ആര്‍ക്ക്? ഗ്യാനേഷ് കുമാറിന്,’ ദീപ്‌കെ പറഞ്ഞു.

ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ സുരക്ഷാ വീഴ്ച വരുത്തിയെന്നാരോപിച്ച്, സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും തിഹാര്‍ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് ഈ വാര്‍ത്താ സമ്മേളനം നടന്നത്.

തലസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷാ സന്നാഹങ്ങള്‍, റോഡ് തടസങ്ങള്‍, ഗതാഗത തടസങ്ങള്‍ എന്നിവയില്‍ കടുത്ത രോഷം പ്രകടിപ്പിച്ച ദിപ്‌കെ, ജനങ്ങളുടെ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ദല്‍ഹിയെ ഒരു കോട്ട പോലെ മാറ്റിയെന്ന് പറഞ്ഞു.

‘നിങ്ങള്‍ ദല്‍ഹിയെ സ്തംഭിപ്പിച്ചു; റെയില്‍വേയും മെട്രോയും അടച്ചുപൂട്ടി, ദല്‍ഹിയെ ഒരു അതിര്‍ത്തിയായി,അതായത് ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി പോലെ മാറ്റിയിരിക്കുന്നു. എല്ലാ സേനാ വിഭാഗങ്ങളെയും നിങ്ങള്‍ ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥി സംഘടനകളെയും പ്രതിപക്ഷത്തെയും മുന്‍ മുഖ്യമന്ത്രിമാരെയും തെരുവിലൂടെ വലിച്ചിഴച്ചു. ഇതെല്ലാം ഗ്യാനേഷ് കുമാര്‍ ഒരാള്‍ക്ക് വേണ്ടി മാത്രമോ? നരേന്ദ്ര മോദിക്ക് ഗ്യാാനേഷ് കുമാര്‍ അത്ര പ്രധാനപ്പെട്ട ആളാകുന്നത് എന്തുകൊണ്ടാണ്?’

ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിനായി, യുവ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കുന്നതും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതും ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കേന്ദ്ര നേതൃത്വം കടക്കുന്നത് എന്തുകൊണ്ടാണെന്ന് ദിപ്‌കെ ചോദിച്ചു. ദേശീയ പതാക വീശുന്നത് പോലുള്ള സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും ഭരണകൂടം കുറ്റകൃത്യമായി ചിത്രീകരിക്കുകയാണെന്നും ദീപ്‌കെ ചൂണ്ടിക്കാട്ടി.

എസ്.ഐ.ആര്‍ പ്രക്രിയയില്‍ സുതാര്യത ആവശ്യപ്പെട്ടുകൊണ്ടും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടും നടത്തുന്ന തങ്ങളുടെ പ്രക്ഷോഭം പോലീസ് നടപടികളും തടങ്കലുകളും നിയമപരമായ തടസ്സങ്ങളും ഉണ്ടായിരുന്നിട്ടും രാജ്യത്തുടനീളം കൂടുതല്‍ ശക്തമായി തുടരുമെന്ന് സി.ജെ.പി നേതൃത്വം വ്യക്തമാക്കി.

Content Highlight: Dipke accuses Modi, Shah of waging ‘war against own countrymen’ to protect Gyanesh Kumar.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more