കഴിഞ്ഞ വർഷം മലയാള സിനിമയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ ചിത്രങ്ങളിലൊന്നാണ് ബഹുൽ രമേശിന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’. മലയാളത്തിൽ മാത്രമല്ല, ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ശ്രദ്ധ നേടിയ ചിത്രം തിയേറ്റർ റിലീസിന് പിന്നാലെയും ഒ.ടി.ടി റിലീസിന് ശേഷവും ശക്തമായ ചർച്ചകൾക്ക് വഴി തെളിച്ചു. ഓപ്പൺ എൻഡിങ്ങോടെ അവസാനിക്കുന്ന സിനിമ പ്രേക്ഷകർക്കിടയിൽ നിരവധി അർത്ഥങ്ങൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു.
‘എക്കോ’യുടെ ഷൂട്ടിങ് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് നേരത്തെ തന്നെ താരങ്ങളും സംവിധായകനും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ കാസ്റ്റിങ് ഘട്ടത്തിൽ നേരിട്ട ചില വെല്ലുവിളികളെക്കുറിച്ച് പറയുകയാണ് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ.
എക്കോ, Photo: IMDb
ചിത്രത്തിലെ പ്രധാന കഥാപാത്രമായ മ്ലാത്തിച്ചേട്ടത്തിയുടെ ചെറുപ്പകാലം അവതരിപ്പിച്ച സിം ഷി ഫെയ്യെ സിനിമയിലേക്ക് എത്തിച്ചതിന് പിന്നിലെ അനുഭവങ്ങളാണ് സംവിധായകൻ പങ്കുവച്ചത്.
‘ഷൂട്ടിങ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴും ആ കഥാപാത്രത്തിനായി യോജിച്ച ഒരാളെ കണ്ടെത്താനായിരുന്നില്ല. പ്രൊഡ്യൂസർ ജയറാം നിരവധി പ്രൊഫൈലുകൾ അയച്ചുതന്നെങ്കിലും ഒന്നും ഫൈനൽ ആയില്ല. ഒടുവിൽ അവസാന നിമിഷമാണ് സിം ഷി ഫെയിയുടെ ഫോട്ടോ കാണിക്കുന്നത്. ആക്റ്റിങ് പരിചയം ഒന്നുമില്ലെങ്കിലും ഒരു ചെറിയ ഓഡിഷൻ നടത്തി, അവർ അയച്ച വീഡിയോ കണ്ടപ്പോൾ എന്തോ ഒരു ആത്മവിശ്വാസത്തിൽ അവളെ തന്നെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു,’ ദിൻജിത്ത് പറഞ്ഞു.
എക്കോ, Photo: IMDb
എന്നാൽ ലാസ്റ്റ് മിനിറ്റിൽ മകളെ ഷൂട്ടിങിനയക്കാൻ സിംഷി ഫെയിയുടെ മാതാപിതാക്കൾ ആദ്യം തയ്യാറായിരുന്നില്ലെന്നും, അവരെ കൺവിൻസ് ചെയ്യാൻ പ്രൊഡ്യൂസർ ജയറാം നടത്തിയ ശ്രമങ്ങൾ വളരെ വലുതായിരുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
സിം ഷി ഫെയിയുടെ മാതാപിതാക്കൾക്ക് തുടക്കത്തിൽ മലയാള സിനിമാ ലോകത്തെക്കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നുവെന്നും, ആദ്യ ദിവസങ്ങളിൽ അച്ഛൻ മകളെ ആരോടും കൂട്ടുകൂടാൻ അനുവദിക്കാതെ കർശനമായി പ്രൊട്ടക്ട് ചെയ്തിരുന്നുവെന്നും ദിൻജിത്ത് പറഞ്ഞു.
‘ഒരു അഞ്ചു ദിവസം അദ്ദേഹം അങ്ങനെ തന്നെ നിന്നു. പക്ഷേ പിന്നീട് നമ്മളെല്ലാം നല്ല ആളുകളാണെന്ന് അവർക്ക് മനസ്സിലായി. നമ്മുടെ സംസ്കാരവും സമീപനവും കണ്ടപ്പോൾ അവർക്ക് വലിയ ആത്മവിശ്വാസം വന്നു. ഒടുവിൽ അത് അവർക്കൊരു അഭിമാനമായി മാറി,’ എന്നും സംവിധായകൻ പറഞ്ഞു.
Content Highlight: Dinjith Ayyathan talks about the crisis he faced in casting the character Soyi