2025ലെ മികച്ച മലയാള സിനിമകളിലൊന്ന് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട സിനിമയാണ് എക്കോ. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ തിയേറ്റര്‍ സക്‌സസിന് ശേഷം ഇപ്പോള്‍ ഒ.ടി.ടിയിലും മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്.
ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്‌കിന്ധാ കാണ്ഡം എന്ന എലമെന്റ് തന്നെയാണ് ഏതൊരു പ്രേക്ഷകനെയും എക്കോയിലേക്ക് അടുപ്പിച്ചത്. ആനിമല്‍ ട്രിലോജിയിലെ അവസാന ചിത്രമായാണ് എക്കോ ഒരുങ്ങിയിരുന്നത്. ഇപ്പോഴിതാ രേഖാ മേനോനുമായുള്ള അഭിമുഖത്തില്‍ ഷൂട്ടിങ്ങില്‍ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ദിന്‍ജിത്ത്.
എക്കോ / Screengrab/ youtube.com
‘എക്കോയുടെ ഷൂട്ട് തുടങ്ങിയത് മുതല്‍ ഏത് സ്ഥലത്ത് പോയിട്ടുണ്ടെങ്കിലും ഒരു നായയെ കാണാന്‍ പറ്റും. അത് ഞാന്‍ പലയിടത്തും കണ്ടു. നായ എന്തോ നമ്മളെ ശ്രദ്ധിക്കുന്നത് പോലെ തോന്നും. നായകളുടെ കൂട്ടത്തില്‍ കുറെ നിന്നത് കൊണ്ടാണെന്ന് തോന്നുന്നു എനിക്കെപ്പോഴും നായ്ക്കള്‍ നമ്മളെ ശ്രദ്ധിക്കുന്നത് പോലെ തോന്നിയിരുന്നു.
ഒരു നായ ഉണ്ട് നമ്മളെ തന്നെ ശ്രദ്ധിക്കുന്നു, എന്ന് ഞാന്‍ സെറ്റില്‍ വെച്ച് അവരോട് പറയുകയും ചെയ്തു. എന്തുകൊണ്ടാണെന്നറിയില്ല, എവിടെ പോകുമ്പോഴും ഏതെങ്കിലും ഒരു നായ ഉണ്ടാകും. സിനിമ റിലീസാകുന്ന ദിവസം ഒരു കഫയില്‍ വെച്ച് ഞങ്ങള്‍ എല്ലാവരും കൂടിയുള്ള പാര്‍ട്ടി ഉണ്ടായിരുന്നു. അവിടെ ഇരിക്കുമ്പോള്‍, പുറത്ത് നിന്ന് ഒരു നായ നമ്മളെ ഇങ്ങനെ ശ്രദ്ധിക്കുന്നു. ഞാനതിന്റെ ഫോട്ടോ പോലും എടുത്തു വെച്ചിരുന്നു,’ ദിന്‍ജിത്ത് പറഞ്ഞു.
സിനിമയിലെ കാര്യങ്ങള്‍ കൂടുതലും സ്പൂണ്‍ഫീഡ് ചെയ്യേണ്ട എന്ന തീരുമാനം ആദ്യം മുതല്‍ക്കെ ഉണ്ടായിരുന്നുവെന്നും ഇപ്പോഴത്തെ കാലഘട്ടത്തില്‍ ആരെയും സ്പൂണ്‍ഫീഡ് ചെയ്യേണ്ട ആവശ്യമില്ലെന്നും ദിന്‍ജിത്ത് പറഞ്ഞു.
പ്രേക്ഷകര്‍ ഒരുപാട് വളര്‍ന്നിട്ടുണ്ടെന്നും ഇപ്പോഴത്തെ പ്രേക്ഷകര്‍ക്ക് ഒന്നും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലെന്നും ദിന്‍ജിത്ത് കൂട്ടിച്ചേര്‍ത്തു. ഡയലോഗുകള്‍ അനാവശ്യമായി വരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും ബാഹുല്‍ അത്തരം കാര്യങ്ങള്‍ കൃത്യമായി നോട്ട് ചെയ്യുന്നയാളാണെന്നും ദിന്‍ജിത്ത് പറഞ്ഞു.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാം നിര്‍മിച്ച ചിത്രത്തില്‍ സന്ദീപ് പ്രദീപ്, ബിയാനോ മോമിന്‍, വിനീത്, നരേന്‍, സൗരഭ് സച്ച്ദേവ തുടങ്ങിയവരാണ്പ്രധാനവേഷങ്ങളിലെത്തിയിരുന്നത്.
Content Highlight: Dinjith Ayyathan talks about his experience shooting for the movie Eko