| Sunday, 30th November 2025, 9:23 am

കുറഞ്ഞ സമയത്തില്‍ നായ്ക്കളെ പരിശീലിപ്പിക്കല്‍ എളുപ്പമായിരുന്നില്ല; വായിച്ചപ്പോള്‍ തന്നെ സിനിമ വിജയിക്കുമെന്ന് തോന്നി: ദിന്‍ജിത്ത് അയ്യത്താന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിഷ്‌കിന്ധാ കാണ്ഡം ചെയ്യുന്നതിന് മുമ്പ് തന്നെ എക്കോയുടെ സബ്ജക്ട് വായിക്കാന്‍ ബാഹുല്‍ രമേഷ് തന്നിരുന്നുവെന്ന് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍. വായിച്ചപ്പോള്‍ത്തന്നെ ഇത് വിജയിക്കുമെന്ന ധൈര്യം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

Eko/Theatrical poster

തിയേറ്ററില്‍ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ് സന്ദീപ് നായക വേഷത്തിലെത്തിയ എക്കോ. സിനിമയില്‍ വിനീത്, നരേന്‍, ബിയാനോ മോമിന്‍, സൗരഭ് സച്ച്‌ദേവ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോള്‍ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ എക്കോ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ദിന്‍ജിത്ത്  അയ്യത്താന്‍.

‘സിനിമ വിജയിക്കുമെന്ന് ആദ്യമേ തോന്നിയിരുന്നു. ഇപ്പോഴത്തെ കാലഘട്ടത്തില്‍ ആളുകളെ പിടിച്ചിരുത്തുക എന്നത് വലിയ ടാസ്‌കാണ്. കാഴ്ചക്കാര്‍ മാറി, അവരുടെ ആസ്വാദനശൈലിയും മാറി. എല്ലാത്തിനും പുതുമ തേടുന്നവരാണ് കാഴ്ചക്കാര്‍. അതുകൊണ്ടുതന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ നമ്മള്‍ വേറിട്ട് നില്‍ക്കണമെന്ന തോന്നലുണ്ടായി.

പക്ഷേ, പിയൂസ് എന്ന കേന്ദ്ര കഥാപാത്രത്തെ ആര് ചെയ്യും എന്ന പേടി ഇതിന് പുറകിലും ഉണ്ടായിരുന്നു. 45 ദിവസമായിരുന്നു ഷൂട്ടിങ്. മഴ, കോടമഞ്ഞ് എല്ലാം വലിയ വെല്ലുവിളിയായെങ്കിലും കൂട്ടായ പ്രയത്‌നത്തിന്റെ ഭാഗമായി സിനിമ ചിത്രീകരിക്കാനായി,’ ദിന്‍ജിത്ത് അയ്യത്താന്‍ പറയുന്നു.

പട്ടികളെ തെരഞ്ഞെടുക്കുന്നതിലും അതിന്റെ നിറം തെരഞ്ഞെടുക്കുന്നതില്‍പ്പോലും വ്യത്യസ്തത വേണമെന്ന് തോന്നിയെന്നും പരിശീലിപ്പിച്ച നായ്ക്കളെ അന്വേഷിച്ചപ്പോള്‍ വലിയ തുക പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു. കുറഞ്ഞ സമയത്തിനകം പരിശീലനവും എളുപ്പമായിരുന്നില്ലെന്നും ദിന്‍ജിത്ത് കൂട്ടിച്ചേര്‍ത്തു. എങ്കിലും 40 നായ്ക്കളെ തെരഞ്ഞെടുത്തുവെന്നും ഒരുമാസം കൊണ്ട് പരിശീലനം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദ് തന്നെയാണ് എക്കോയുടെയും സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാം നിര്‍മിച്ച സിനിമ നവംബര്‍ 21നാണ്  തിയേറ്ററുകളിലെത്തുന്നത്.

Content highlight: Dinjith Ayyathan shares the joy of Eko’s success

We use cookies to give you the best possible experience. Learn more