| Sunday, 1st March 2026, 7:46 pm

എക്കോ കണ്ടതിന് പിന്നാലെ ധനുഷിനെ നേരില്‍ കണ്ട് ദിന്‍ജിത്ത് അയ്യത്താന്‍; വൈറലായി പോസ്റ്റ്

ഐറിന്‍ മരിയ ആന്റണി

2025ലെ മികച്ച സിനിമയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട ചിത്രമായിരുന്നു ബാഹുല്‍ രമേശ് തിരക്കഥയൊരുക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. ഫ്രം ദി മേക്കേഴ്സ് ഓഫ് കിഷ്‌കിന്ധാ കാണ്ഡം എന്ന ഘടകം തന്നെയായിരുന്നു ഏതൊരു പ്രേക്ഷകനെയും എക്കോയിലേക്ക് അടുപ്പിച്ചത്.

തിയേറ്റര്‍ റിലീസിന് ശേഷം സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയില്‍ നിറഞ്ഞു നിന്ന എക്കോ ഒ.ടി.ടി റിലീസിന് ശേഷം അന്യഭാഷകളിലും ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. നടനും സംവിധായകനുമായി ധനുഷ് സിനിമയെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

സിനിമയില്‍ ബിയാനാ മോമിന്‍ അവതരിപ്പിച്ച മ്ലാത്തി ചേടത്തിയെന്ന കഥാപാത്രം പ്രത്യേക   കയ്യടിയര്‍ഹിക്കുന്നുണ്ടെന്നായിരുന്നു ധനുഷ് എക്‌സില്‍ കുറിച്ചത്. ഇപ്പോഴിതാ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ സമൂഹമാധ്യങ്ങളിലൂടെ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

‘ധനുഷ് സാറിനെ കാണാനുള്ള ഭാഗ്യമുണ്ടായി’ എന്ന അടിക്കുറിപ്പോടെ ദിന്‍ജിത്ത് പങ്കുവെച്ച പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളില്‍ നിറഞ്ഞു. ‘എക്കോ, കിഷ്‌കിന്ധാ കാണ്ഡം എന്നീ സിനിമകള്‍ അദ്ദേഹത്തിന് ഇഷ്ടമായി. മ്ലാത്തി ചേട്ടത്തിയുടെ പെര്‍ഫോമന്‍സ് നന്നായി ഇഷ്ടപ്പെട്ടു. കിഷ്‌കിന്ധാകാണ്ഡത്തിലെ വിജയരാഘവന്‍ സാറിന്റെ പെര്‍ഫോമന്‍സിനെയും അദ്ദേഹം അഭിനന്ദിച്ചു,’ ദിന്‍ജിത്ത് അയ്യത്താന്‍ കുറിച്ചു.

മിസ്റ്ററി ഴോണര്‍ വിഭാഗത്തില്‍ ഒരുങ്ങിയ എക്കോയില്‍ സന്ദീപ് പ്രദീപ്, ബിയാനോ മോമിന്‍, വിനീത്, നരേന്‍, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാം നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടി നേടിയിരുന്നു.

പടക്കളത്തിന് ശേഷം സന്ദീപ് നായക വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു എക്കോ. അഞ്ച് കോടി ബജറ്റില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ 50 കോടിയാണ് സ്വന്തമാക്കിയത്. മുജീബ് മജീദ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് തന്നെയാണ്.

Content Highlight: Dinjith Ayyathan meets Dhanush in person after watching Eko  post goes viral

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more