| Wednesday, 26th November 2025, 12:17 pm

നിങ്ങളാരാ നോളനാണോ? കിഷ്‌കിന്ധാ കാണ്ഡത്തിന്റെ കഥ കേട്ട് ആസിഫ് ബാഹുലിനോട് ചോദിച്ചു: ദിന്‍ജിത്ത് അയ്യത്താന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിഷ്‌കിന്ധാ കാണ്ഡത്തിന്റെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ ഇതെന്താ ക്രിസ്റ്റഫര്‍ നോളന്റെ കഥയാണോ എന്നാണ് നടന്‍ ആസിഫ് അലി ആദ്യം ബാഹുലിനോട് ചോദിച്ചതെന്ന് പറയുകയാണ് സംവിധായകനായ ദിന്‍ജിത്ത് അയ്യത്താന്‍. എക്കോ സിനിമയുമായി ബന്ധപ്പെട്ട് റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

‘2020 ലാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ കഥ പറയാനായി ആസിഫിനെ സമീപിച്ചത്. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ രാത്രി ഒമ്പതോടെയാണ് ആസിഫിനോട് ഞാനും ബാഹുലും കഥ പറയുന്നത്. കഥ കേട്ടതിനു ശേഷം സിനിമ ചെയ്യാമെന്ന് പറയുന്നതിന് പകരം ഞങ്ങളെ രണ്ടുപേരെയും കെട്ടിപിടിക്കുകയാണ് ആസിഫ് ചെയ്തത്.

എന്നിട്ട് ബാഹുലിനോട് നിങ്ങളാരാ നോളനാണോ എന്നു ചോദിച്ചു. നോളന്‍ ഐറ്റമാണല്ലോ എഴുതി വെച്ചിരിക്കുന്നത് എന്നും പറഞ്ഞു. ആ ഒരു കെട്ടിപിടുത്തത്തില്‍ തന്നെ ഞങ്ങള്‍ ഭയങ്കര കോണ്‍ഫിഡന്റായി.

ആസിഫ് അലി Photo: Asif Ali/ Instagram

കാരണം ആസിഫിനെ പോലൊരു താരം ഞങ്ങളുടെയടുത്ത് അത്രയധികം ഇഷ്ടത്തോടെ പെരുമാറുകയാണ്. ചിത്രം ചെയ്യാമെന്ന് പറയുന്നതിന് പകരം ഞങ്ങള്‍ രണ്ടുപേരെയും കെട്ടിപിടിച്ചതില്‍ തന്നെയുണ്ടായിരുന്നു ആസിഫിന്റെ എല്ലാ മറുപടിയും.

തുടക്കക്കാരെന്ന നിലയില്‍ എന്നെയും ബാഹുലിനെയും സംബന്ധിച്ച് എല്ലാക്കാലതും ചെറിഷ് ചെയ്യാന്‍ പറ്റിയ നിമിഷമായിരുന്നു അത്’ ദിന്‍ജിത്ത് പറയുന്നു.

ദിന്‍ജിത്ത് അയ്യത്താനും സന്ദീപ് പ്രദീപും Photo: Sceen Grab/ Red FM Malayalam

‘ഒരുപാട് ലെയറുകളുള്ള കഥാപാത്രമാണ് ബാഹുലിന്റെ തിരക്കഥയിലേത്, അത് മനസ്സിലാക്കിയെടുക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. തിരക്കഥയിലുള്ള പോലെ കഥാപാത്രങ്ങളുടെ ലെയറുകള്‍ നഷ്ടപെടാതെ വിഷ്വലൈസ് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. പക്ഷേ ബാഹുലും ഞാനും തമ്മില്‍ ആദ്യ ചിത്രം മുതലുള്ള കെമിസ്ട്രി എക്കോ യുടെ ചിത്രീകരണത്തിലും വലിയ രീതിയില്‍ സഹായകരമായിട്ടുണ്ട്.

ഞങ്ങള്‍ രണ്ടു പേരും ചിന്തിക്കുന്ന രീതി ഒന്നായതുകൊണ്ടാണ് എക്കോയും കിഷ്‌കിന്ധാ കാണ്ഡവും മികച്ച രീതിയില്‍ പ്രേക്ഷകരിലേക്കെത്തിക്കാനായത്. രണ്ടു ചിത്രത്തിലും തിരക്കഥാകൃത്തും ഛായാഗ്രാഹകനും ഒരാള്‍ തന്നെയായത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി’ സംവിധായകന്‍ പറഞ്ഞു.

സന്ദീപ് പ്രദീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ വിനീത്, അശോകന്‍, ബിനു പപ്പു, നരെന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ മ്യൂസിക് ചെയ്തിരിക്കുന്നത് മുജീബ് മജീദാണ്.

Content Highlight: Dinjith Ayyathan about Actor Asif ali and Christopher Nolan

We use cookies to give you the best possible experience. Learn more