| Wednesday, 22nd July 2026, 1:10 pm

ലാലിനെ പരിചയപ്പെടുത്തിയപ്പോൾ ഇവൻ ഏത് സിനിമാക്കാരൻ എന്ന് കളിയാക്കി: ദിനേശ് പണിക്കർ

കെ.എസ് ഷാബിന

മലയാളചലച്ചിത്രരംഗത്ത അഭിനേതാവ് എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും സജീവ സാന്നിധ്യമായ വ്യക്തിയാണ് ദിനേശ് പണിക്കർ. ‘കിരീടം’, ‘ചെപ്പടിവിദ്യ’, ‘മായപ്പൊൻമാൻ’, ‘പ്രണയവർണ്ണങ്ങൾ’, ‘ഉദയപുരം സുൽത്താൻ’ തുടങ്ങി പ്രേക്ഷകർ നെഞ്ചിലേറ്റിയ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ച അദ്ദേഹം, നടനെന്ന നിലയിൽ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ്.

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ കിരീടത്തിന്റെ സഹ നിർമാതാവ് കൂടിയാണ് ദിനേശ് പണിക്കർ. ഇപ്പോൾ മോഹൻലാലുമായുള്ള സുഹൃത് ബന്ധത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ദിനേശ്.

ദിനേശ് പണിക്കർ.Photo:X.com

‘1980 മുതലാണ് എനിക്ക് ലാലിനെ (മോഹൻലാൽ) പരിചയം. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമ റിലീസ് ആകുന്നതിനു മുൻപ്, ‘സഞ്ചാരി’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി ലാൽ ഉദയാ സ്റ്റുഡിയോയിൽ വന്നതാണ്. അന്ന് ഞാൻ താമസിക്കുന്നത് ഉദയാ സ്റ്റുഡിയോയുടെ എതിർവശത്തായിരുന്നു. അതുകൊണ്ടുതന്നെ അവിടെ ഏത് സിനിമയുടെ ഷൂട്ടിംഗ് നടന്നാലും കയറി കാണാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു.

ആ സമയത്ത് പ്രേം നസീർ, ശോഭന, ജി.കെ. പിള്ള തുടങ്ങി നിരവധി ആർട്ടിസ്റ്റുകൾ അവിടേക്ക് വരുമായിരുന്നു. അന്ന് മോഹൻലാലിനെ ആർക്കും അറിയില്ലായിരുന്നു, കാരണം ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസായിരുന്നില്ല. അപ്പോഴാണ് കുറച്ച് തടിച്ച്, മുടിയൊക്കെ വളർത്തിയ ഒരു ചെറുപ്പക്കാരൻ നടന്നു വരുന്നത് ഞാൻ കാണുന്നത്. എനിക്ക് അതേ പ്രായം തോന്നിയത് കൊണ്ട് ഞാൻ ചെന്ന് പരിചയപ്പെട്ടു.

മോഹൻലാൽ.ദിനേശ് പണിക്കർ :Photo:Facebook

ഞാനും അന്ന് അറിയപ്പെടുന്ന ആളൊന്നുമല്ല, ഒരു സാധാരണ പയ്യൻ. ലാലും അതുപോലെ തന്നെയായിരുന്നു. അങ്ങനെ ഞങ്ങൾ അന്നുമുതൽ നല്ല സുഹൃത്തുക്കളായി. അന്ന് ലാൽ എന്നെ ‘അണ്ണാ’ എന്നാണ് വിളിച്ചിരുന്നത്. വൈകുന്നേരമായാൽ എന്റെ ബൈക്കിൽ ഞങ്ങൾ ആലപ്പുഴ ടൗണിൽ കറങ്ങാൻ പോകും. ടൗണിലെ വിശേഷങ്ങളൊക്കെ ലാലിന് കാണിച്ചുകൊടുക്കുക എന്നതായിരുന്നു അന്ന് എന്റെ ജോലി. കൂടെയൊരു സിനിമാക്കാരൻ ഉള്ളതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്.

പിന്നീടാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസാകുന്നത്. അതിനു മുൻപ് ഒരു ദിവസം ഞാൻ ലാലിനെയും കൂട്ടി എന്റെ കൂട്ടുകാർ താമസിക്കുന്ന മുറിയിൽ പോയി. ‘എന്റെ ഒരു സുഹൃത്താണ് മോഹൻലാൽ, ഒരു സിനിമാനടനാണ്’ എന്ന് ഞാൻ പരിചയപ്പെടുത്തിയപ്പോൾ അവർ ‘ഇവൻ ഏത് സിനിമാക്കാരൻ’ എന്ന മട്ടിൽ ഒന്ന് നോക്കി. കാരണം ലാലിന്റെ ഒരു സിനിമ പോലും അന്ന് റിലീസായിരുന്നില്ല.

വർഷങ്ങൾക്കു ശേഷം മോഹൻലാൽ വലിയ സൂപ്പർസ്റ്റാറായി മാറിയപ്പോൾ, ഈ കൂട്ടുകാർ ഇപ്പോഴും എന്നോട് പറയും: ‘ഡാ, നീ അന്ന് ഞങ്ങളുടെ മുറിയിൽ കൊണ്ടുവന്നത് ഇന്നത്തെ ഈ സൂപ്പർസ്റ്റാറിനെയായിരുന്നല്ലേ! ഞങ്ങൾക്ക് അന്ന് അത് അറിയില്ലായിരുന്നു.’ അന്ന് ഒന്നുമല്ലാതിരുന്ന കാലത്തുപോലും ലാലിന്റെ അഭിനയത്തോടുള്ള ആത്മാർത്ഥത ഞാൻ കണ്ടിട്ടുണ്ട്,’ ദിനേശ് പണിക്കർ പറഞ്ഞു.

Content Highlight: Dinesh panicker talks about his friendship with mohanlal

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more