മലയാളചലച്ചിത്രരംഗത്ത അഭിനേതാവ് എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും സജീവ സാന്നിധ്യമായ വ്യക്തിയാണ് ദിനേശ് പണിക്കർ. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ കിരീടത്തിന്റെ സഹ നിർമാതാവ് കൂടിയാണ് ദിനേശ് പണിക്കർ. ഇപ്പോൾ കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോൽ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ദിനേശ് പണിക്കർ. മൂവി വേൾഡ് ഒറിജിനൽസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയ്യായിരുന്നു അദ്ദേഹം.
‘സത്യത്തിൽ ‘കിരീടം’ കാരണമാണ് ഞങ്ങൾ എല്ലാവരും ജീവിതത്തിൽ രക്ഷപ്പെട്ടത്. ‘കിരീടത്തിന്റെ’ രണ്ടാം ഭാഗം ചെങ്കോൽ എടുക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ണി എന്നെ വിവരം അറിയിച്ചു. അപ്പോൾ ഞാൻ ഒരു വിയോജിപ്പ് പങ്കുവെച്ചു. കിരീടത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായിരുന്ന എന്നെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കണമെന്നായിരുന്നു അത്.
ദിനേശ് പണിക്കർ.Photo:Youtube
ഞാൻ പണം ആവശ്യപ്പെട്ടതല്ല, കുറഞ്ഞപക്ഷം ഒരു ‘താങ്ക്സ് കാർഡെ’ങ്കിലും വെക്കാമായിരുന്നു. പക്ഷേ അതുപോലും എനിക്ക് ലഭിച്ചില്ല. അതിന്റെ പേരിൽ അന്ന് ഞാൻ ചെറിയൊരു എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എങ്കിലും ‘ചെങ്കോൽ’ വിജയമായതിൽ ഞാൻ ഒരുപാട് സന്തോഷിക്കുകയാണുണ്ടായത്.
ആദ്യ ദിനം തന്നെ ഞാനും കുടുംബവും പോയി ചിത്രം കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടെങ്കിലും, ‘കിരീടത്തി’ന്റെ തിരക്കഥയിലുണ്ടായിരുന്ന ആ ഒരു പോസിറ്റീവ് എനർജി ‘ചെങ്കോലിൽ’ എവിടെയോ നഷ്ടപ്പെട്ടതായി തോന്നി. കിരീടത്തിൽ ഒരു കുറ്റം പോലും ചൂണ്ടിക്കാണിക്കാൻ ഇല്ലായിരുന്നു. എന്നാൽ ചെങ്കോലിൽ കുറ്റങ്ങൾ പറയാൻ ഒരുപാടുണ്ട് എന്നാണ് പൊതുജനാഭിപ്രായം.
ചെങ്കോൽ.Photo:Youtube
ഒന്നാം ഭാഗത്തിൽ ഭയാനകമായ പ്രതിസന്ധികളെയും കുടുംബപ്രശ്നങ്ങളെയും കരുത്തോടെ നേരിട്ട ‘തിലകൻ ചേട്ടന്റെ’ കഥാപാത്രം, രണ്ടാം ഭാഗത്തിലെത്തിയപ്പോൾ വളരെ ദുർബലനായിപ്പോയി. അത് വളരെ മോശമായിപ്പോയി എന്നാണ് പ്രേക്ഷകർ പറയുന്നത്.
ചിത്രം മുഴുവനായി കണ്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടെങ്കിലും, ഇപ്പോഴും ആലോചിക്കുമ്പോൾ മോഹൻലാലിന്റെ കഥാപാത്രത്തെ (സേതുമാധവനെ) ഒടുവിൽ കൊല്ലേണ്ടിയിരുന്നില്ല എന്ന് തോന്നും. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, അണിയറപ്രവർത്തകർക്ക് വേണമെങ്കിൽ അതിന്റെ മൂന്നാം ഭാഗം കൂടി എടുക്കാമായിരുന്നു’, ദിനേശ് പണിക്കർ പറയുന്നു.
Content Highlight:Dinesh Panicker felt Mohanlal’s character didn’t need to die in Chenkol