| Thursday, 23rd July 2026, 8:16 pm

ഒരു പൈസ പോലും മേടിക്കാതെയാണ് കിരീടത്തിന്റെ റൈറ്റ്സ് ഞാൻ ഉണ്ണിക്ക്എഴുതിക്കൊടുത്തത്: ദിനേശ് പണിക്കർ

കെ.എസ് ഷാബിന

മലയാളചലച്ചിത്രരംഗത്ത അഭിനേതാവ് എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും സജീവ സാന്നിധ്യമായ വ്യക്തിയാണ് ദിനേശ് പണിക്കർ. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ കിരീടത്തിന്റെ സഹ നിർമാതാവ് കൂടിയാണ് ദിനേശ് പണിക്കർ. ഇപ്പോൾ കിരീടം സിനിമയുടെ സഹ നിർമാതാവായ കിരീടം ഉണ്ണിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് ദിനേശ് പണിക്കർ.

‘ഞാൻ ജീവിതത്തിൽ ഒരിക്കലും നെഗറ്റീവ് ആയി ചിന്തിക്കുന്ന ഒരാളല്ല. വളരെ പോസിറ്റീവായി കാര്യങ്ങളെ കാണുന്നയാളാണ്. കാരണം, കഴിഞ്ഞത് കഴിഞ്ഞു. ഉണ്ണിയുമായുള്ള പാർട്ണർഷിപ്പ് അവസാനിപ്പിക്കാൻ ഞാൻ തന്നെയാണ് തീരുമാനമെടുത്തത്. ആദ്യ പടം കഴിഞ്ഞപ്പോൾ ഞങ്ങൾ അത്ര നല്ല രീതിയിലല്ല പിരിഞ്ഞത്. അക്കാലത്ത് ഞാൻ സിനിമാരംഗത്ത് അത്യാവശ്യം നല്ല നിലയിൽ നിൽക്കുന്ന സമയമായിരുന്നു.

ദിനേശ് പണിക്കർ.Photo:Youtube

പിന്നീടൊരിക്കൽ ഉണ്ണി എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘എനിക്ക് സിനിമയല്ലാതെ വേറെ വഴിയില്ല’ എന്ന്. കിരീടത്തിന്റെ റൈറ്റ്സ് തരുകയാണെങ്കിൽ അതിന്റെ രണ്ടാം ഭാഗം എടുക്കാമെന്നും, ആ പേരിൽ മറ്റ് സിനിമകൾ ചെയ്യാനാകുമെന്നും പറഞ്ഞ് ഒരു എഗ്രിമെന്റുമായാണ് പുള്ളി വന്നത്.

ഞങ്ങൾ തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലായിരുന്നിട്ടു കൂടി ഞാൻ പറഞ്ഞു, ‘എടുത്തോളൂ, കുഴപ്പമില്ല.’ എനിക്ക് വേണമെങ്കിൽ അത് തടഞ്ഞു വെക്കാമായിരുന്നു, അല്ലെങ്കിൽ എഗ്രിമെന്റിൽ കർശനമായ നിബന്ധനകൾ വെക്കാമായിരുന്നു. എന്നാൽ ഞാൻ അതൊന്നും ചെയ്തില്ല. കിരീടത്തിന്റെ നെഗറ്റീവ് റൈറ്റ്സ് ചോദിച്ചപ്പോൾ ഒരു പൈസ പോലും വാങ്ങാതെ ഞാൻ അത് ഉണ്ണിക്ക് എഴുതിക്കൊടുത്തു.

ദിനേശ് പണിക്കർ.Photo:Screengrab/Youtube

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്കതിൽ ഒട്ടും വിഷമമില്ല. അറ്റ്ലീസ്റ്റ് ഒരാളെങ്കിലും അതുകൊണ്ട് നന്നായല്ലോ എന്ന് പോസിറ്റീവായി മാത്രമേ ഞാൻ ചിന്തിക്കാറുള്ളൂ. അതിന് പുള്ളിക്ക് എന്നോട് ബഹുമാനമുണ്ടോ, അല്ലെങ്കിൽ എന്നെ നന്ദിയോടെ ഓർക്കാറുണ്ടോ എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. പക്ഷെ ആ തീരുമാനമാണ് ഉണ്ണിയുടെ ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടാക്കിയത്. പുള്ളി രക്ഷപ്പെട്ടതും ആദ്യമായി കാറ് വാങ്ങുന്നതുമെല്ലാം ‘കിരീടം’ കൊണ്ടാണ്. സത്യത്തിൽ ‘കിരീടം’ കാരണമാണ് ഞങ്ങൾ എല്ലാവരും ജീവിതത്തിൽ രക്ഷപ്പെട്ടത്.

പിന്നീട് ‘കിരീടത്തിന്റെ’ രണ്ടാം ഭാഗം ചെങ്കോൽ എടുക്കാൻ തീരുമാനിച്ചപ്പോൾ പുള്ളി എന്നെ വിവരം അറിയിച്ചു. അപ്പോൾ ഞാൻ ഒരു വിയോജിപ്പ് പങ്കുവെച്ചു. കിരീടത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായിരുന്ന എന്നെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കണമെന്നായിരുന്നു അത്. ഞാൻ പണം ആവശ്യപ്പെട്ടതല്ല, കുറഞ്ഞപക്ഷം ഒരു ‘താങ്ക്സ് കാർഡെ’ങ്കിലും വെക്കാമായിരുന്നു. പക്ഷേ അതുപോലും എനിക്ക് ലഭിച്ചില്ല. അതിന്റെ പേരിൽ അന്ന് ഞാൻ ചെറിയൊരു എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എങ്കിലും ‘ചെങ്കോൽ’ വിജയമായതിൽ ഞാൻ ഒരുപാട് സന്തോഷിക്കുകയാണുണ്ടായത്’,ദിനേശ് പണിക്കർ പറഞ്ഞു.

Content Highlight:Dinesh Panicker claims he gave the Kireedam movie rights to “Kireedam” Unni for free

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more