മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അകമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്. സഞ്ജു ശാന്തത പാലിച്ചതില്‍ താന്‍ അത്ഭുതപ്പെടുന്നുവെന്നും അമിതമായ വികാരങ്ങള്‍ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലെന്നും ഏറ്റവും മികച്ച രീതിയില്‍ സഞ്ജു സാംസണ്‍ കാര്യങ്ങള്‍ ചെയ്‌തെന്നും കാര്‍ത്തിക് പറഞ്ഞു. എപ്പോഴും പുഞ്ചിരിയോടെ ഊഷ്മളമായ രീതിയില്‍ സംസാരിക്കുന്ന ആളാണ് സഞ്ജുവെന്നും പക്ഷെ ഉള്ളില്‍ സഞ്ജു തിളച്ചുമറിയുകയായിരുന്നുവെന്നും അദ്ദേഹം പഞ്ഞു.
‘കഴിഞ്ഞ മാസം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതായിരുന്നു. വാസ്തവത്തില്‍, കഴിഞ്ഞ ആറ് മാസമായി. പക്ഷേ, ഈ യാത്രയിലുടനീളം നിങ്ങള്‍ ശാന്തത പാലിച്ചതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. അമിതമായ വികാരങ്ങള്‍ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല, സ്വയം വിശദീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ഏറ്റവും മികച്ച രീതിയില്‍ സഞ്ജു സാംസണ്‍ കാര്യങ്ങള്‍ ചെയ്തു. അതാണ് നിങ്ങളെ വളരെ പ്രത്യേകതയുള്ളവനാക്കുന്നത്, എപ്പോഴും പുഞ്ചിരിയോടെ ഊഷ്മളമായ രീതിയില്‍ സംസാരിക്കുന്ന ആളാണ് സഞ്ജു. എന്നാല്‍ ഉള്ളില്‍ നിങ്ങള്‍ തിളച്ചുമറിയുകയായിരുന്നു എന്നതാണ് സത്യം.
നല്ലതും ചീത്തയുമായ സമയങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരേയൊരു വ്യക്തി നിങ്ങള്‍ മാത്രമാണെന്ന് നിങ്ങള്‍ക്കറിയാമായിരുന്നു. നിങ്ങള്‍ പരിശീലനം നടത്തി. പക്ഷെ ലോകകപ്പിന് മുമ്പുള്ള ദ്വിരാഷ്ട്ര മത്സരത്തില്‍ കാര്യങ്ങള്‍ ഉദ്ദേശിച്ചതുപോലെ നടന്നില്ല.
ലോകകപ്പിലെ പ്ലെയിങ് ടീമിന്റെ ഭാഗമാകാന്‍ നിങ്ങള്‍ കഠിനമായി ശ്രമിച്ചു, പക്ഷേ അത് വിജയിച്ചില്ല. പക്ഷേ, സൗത്ത് ആഫ്രിക്കയ്ക്കെതിരായ മത്സരത്തിന് ശേഷം ഇന്ത്യയ്ക്ക് നിങ്ങളെ അത്രയും ആവശ്യമായിരുന്നു. നിങ്ങള്‍ തിരിച്ചുവരവ് നടത്തി. സഞ്ജു ഒരു പുതിയ വഴിത്തിരിവായി,’ ദിനേശ് കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89ഉം നേടിയിരുന്നു.
Content Highlight: Dinesh Kartik Praises Sanju Samson For Great Performance In T20 World Cup 2026