| Sunday, 13th September 2026, 1:03 pm

ഇന്ത്യൻ ടീമിൽ അവന്റെ സ്ഥാനം എവിടെയാണ്? ചോദ്യവുമായി ഡി.കെ

സുദേവ് എ

ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് ഇന്ന് തുടക്കമാവും. പരമ്പരയിലെ ആദ്യ മത്സരം ദൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. നീണ്ട ഇടവേളക്കുശേഷം മലയാളി സൂപ്പർ താരം സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഇപ്പോൾ ഈ പരമ്പര തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ടീമിലെ സഞ്ജുവിന്റെ സ്ഥാനം എവിടെയാണെന്ന് ചോദിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന താരമായ സഞ്ജുവിനെ ഇംഗ്ലണ്ട് പരമ്പരയിൽ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചും ദിനേശ് കാർത്തിക് സംസാരിച്ചു. തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പ്രതികരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

‘ബാറ്റിങ് ഓർഡർ എങ്ങനെയായിരിക്കും? വൈഭവ് സൂര്യവംശി ഏത് സ്ഥാനത്താണ് കളിക്കുക? സഞ്ജു സംസണിന്റെ കാര്യത്തിൽ എന്താണ് തീരുമാനം? അദ്ദേഹത്തെ ടീമിൽ എങ്ങനെ ഉൾപ്പെടുത്തും. ലോകകപ്പിൽ സഞ്ജു പ്രധാനപ്പെട്ട താരമായിരുന്നു. എന്നിട്ടും ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനം ടീമിൽ എവിടെയാണ്?,’ ദിനേശ് കാർത്തിക് പറഞ്ഞു.

സിംബാബ്വേക്കെതിരായ ടി-20 പരമ്പരയിൽ സഞ്ജുവിന് ടീമിൽ സ്ഥാനം ഉണ്ടായിരുന്നില്ല. അയർലാൻഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത്. ഇപ്പോൾ ഈ പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്താനായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, യാഷ് താക്കൂർ.

Content Highlight: Dinesh Karthik talks about Sanju Samson

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more