| Monday, 1st September 2025, 10:52 pm

അവന്‍ ഇന്ത്യന്‍ ടീമിലെത്തിയതിന് കാരണമുണ്ട്: തുറന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

2025ലെ ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയും ഇടം പിടിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരം ക്യാപ്റ്റനായും കളത്തില്‍ ഇറങ്ങിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച് ഐ.പി.എല്ലില്‍ തിളങ്ങാനും താരത്തിന് സാധിച്ചു. ഇപ്പോള്‍ താരം ഇന്ത്യന്‍ ടീമില്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ കഴിയുമെന്ന് ജിതേഷ് ശര്‍മ ഒരിക്കലും കരുതിക്കാണില്ലെന്നും ഐ.പി.എല്ലില്‍ താരം ഭയമില്ലാത്ത ബാറ്റിങ് കാഴ്ചവെച്ചെന്നും കാര്‍ത്തിക് പറഞ്ഞു. ഐ.പി.എല്ലിലെ പ്രകടനമാണ് താരത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ കഴിയുമെന്ന് അവന്‍ ഒരിക്കലും കരുതിക്കാണില്ല. ഐ.പി.എല്ലില്‍ അവന്‍ ഭയമില്ലാത്ത ബാറ്റിങ് കാഴ്ചവെച്ചു, അതാണ് അവനെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കാരണമായത്. ടീമിനെ മികച്ച സ്‌കോറിലെത്തിക്കാനാണ് അവന്‍ ശ്രമിച്ചത്.

മത്സരങ്ങള്‍ ജയിക്കാന്‍ കഴിയുന്ന ഒരു വലിയ ഇന്നിങ്‌സ് എങ്ങനെ നിര്‍മിക്കാമെന്നോ ആദ്യ ഇന്നിങ്‌സില്‍ ശക്തമായ ഒരു സ്‌കോര്‍ എങ്ങനെ സൃഷ്ടിക്കാമെന്നോ അറിയാതെ അവന്‍ പലപ്പോഴും ചെറിയ വേഷങ്ങളില്‍ കളിച്ചു. അത് ചെയ്യാന്‍ എന്താണ് വേണ്ടതെന്ന് എനിക്ക് ഒരു ധാരണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈവശമുള്ള കഴിവുകള്‍ ഉപയോഗിച്ച് വളരെയധികം മുന്നോട്ട് പോയി. എനിക്ക് അവന്റെ കെട്ട് പൊട്ടിക്കേണ്ടി വന്നു,’ ദിനേശ് കാര്‍ത്തിക് ക്രിക്ക്ബസിനോട് പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്ലില്‍ 11 ഇന്നിങ്സുകളില്‍ നിന്ന് 37.28 ശരാശരിയിലും 176.35 എന്ന സ്‌ട്രൈക്ക് റേറ്റിലും 261 റണ്‍സാണ് ജിതേഷ് നേടിയത്. എല്‍.എസ്.ജിക്കെതിരെയാണ് ജിതേഷിന്റെ ഏറ്റവും മികച്ച സ്‌കോര്‍. 228 റണ്‍സ് പിന്തുടരാന്‍ 33 പന്തില്‍ നിന്ന് 85* റണ്‍സ് നേടിയാണ് താരം മികവ് പുലര്‍ത്തിയത്. ആര്‍സിബിയുടെ ടോപ്-ടു ഫിനിഷറായി. 2024 ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്

Content Highlight: Dinesh Karthik Talking About Jithesh Sharma

We use cookies to give you the best possible experience. Learn more