2025ലെ ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തിരശീല ഉയരുന്നത്.
എന്നാല്‍ മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരെ ഇന്ത്യ സ്‌ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. ഇതോടെ പല താരങ്ങളും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ അയ്യരെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. അയ്യര്‍ ടീമിലില്ലാത്തത് വലിയ ചോദ്യമാണെന്നും അഞ്ച് റിസര്‍വ് താരങ്ങളുടെ ലിസ്റ്റില്‍ പോലും അയ്യരില്ലാത്തത് അത്ഭുതമാണെന്നും കാര്‍ത്തിക് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശ്രേയസ് അയ്യര്‍ എവിടെ? അതൊരു വലിയ ചോദ്യമാണ്. ഇന്ത്യയുടെ വിജയ ഫലങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവന്‍ കഴിഞ്ഞ 20 മത്സരങ്ങളില്‍ 17 എണ്ണത്തിലും വിജയിച്ചു. എന്നിട്ടും അവന്‍ 15 കളിക്കാരുടെ ഭാഗമായിരുന്നില്ല. എന്നാല്‍ ടി-20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ അദ്ദേഹത്തെ അഞ്ച് റിസര്‍വ് കളിക്കാരുടെ ഭാഗമാക്കാത്തതും അത്ഭുതമായി തോന്നുന്നു. അവന് മുന്നില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത് അന്യായമാണ്. ഒരു നേതാവെന്ന നിലയിലും സമ്മര്‍ദ ഘട്ടത്തിലും ശ്രേയസ് മികച്ച പ്രകടനം കാഴ്ചവെച്ചു,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.
മാത്രമല്ല 2025 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും അയ്യര്‍ നടത്തിയ മികച്ച പ്രകടനത്തെ മുന്‍ നിര്‍ത്തിയും കാര്‍ത്തിക് സംസാരിച്ചു. മാത്രമല്ല അയ്യരെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണമെന്നല്ല പറയുന്നതെന്നും, കുറഞ്ഞത് അദ്ദേഹത്തെ ടീമിലെടുക്കുകയെങ്കിലും ചെയ്യണമെന്നും കാര്‍ത്തിക് ചൂണ്ടിക്കാണിച്ചു.
‘അദ്ദേഹം ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു, പഞ്ചാബ് കിങ്‌സിനെ ഫൈനലിലേക്ക് പോലും നയിച്ചു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടി. അയ്യരെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണമെന്നല്ല പറയുന്നത്, കുറഞ്ഞത് അവനെ ടീമില്‍ തെരഞ്ഞടുക്കുകയെങ്കിലും വേണം. അവന്‍ മുഖത്ത് വിയോജിപ്പ് പ്രകടിപ്പിക്കുന്നില്ലെന്നേ ഉള്ളൂ. പക്ഷേ അയ്യര്‍ നിരാശനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്ന ശ്രേയസ് മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്. 2014ന് ശേഷം ആദ്യമായി പഞ്ചാബിനെ ഫൈനലില്‍ എത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് അയ്യര്‍. മാത്രമല്ല സീസണില്‍ 17 ഇന്നിങ്‌സില്‍ നിന്ന് 175.5 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 604 റണ്‍സാണ് താരം അടിച്ചെടുത്തത്. 2023 ഓസ്‌ട്രേലിയക്ക് എതിരായിരുന്നു അയ്യരുടെ അവസാന ടി-20. 51 മത്സരങ്ങളില്‍ നിന്ന് 136.12 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 1104 റണ്‍സാണ് താരം നേടിയത്.
മാത്രമല്ല കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം അയ്യരായിരുന്നു. അഞ്ച് ഇന്നിങ്‌സില്‍ നിന്നും 243 റണ്‍സാണ് ഇന്ത്യക്കുവേണ്ടി താരം നേടിയത്.
Content Highlight: Dinesh Karthik Supports Shreyas Iyer