| Saturday, 1st August 2026, 7:11 pm

ലോകകപ്പില്‍ അവനില്ലെങ്കില്‍ നമ്മുടെ ബൗളര്‍മാര്‍ അടിവാങ്ങിക്കൂട്ടും; യുവതാരങ്ങള്‍ മികച്ചവരെങ്കിലും അവന്റെ ക്ലാസിനോളമെത്തില്ല: ഡി.കെ

ആദർശ് എം.കെ.

2027 ലോകകപ്പില്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ദിനേഷ് കാര്‍ത്തിക്. മുഹമ്മദ് ഷമി എന്തുതന്നെയായാലും ടീമിലുണ്ടാകണമെന്നും, ഐ.സി.സി ഇവന്റുകളില്‍ മികച്ച പ്രകടനം പുറത്തെക്കുന്ന ബൗളറെ എങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമെന്നും ഡി.കെ ചോദിച്ചു.

ദിനേഷ് കാര്‍ത്തിക്കിനെ ഉദ്ധരിച്ച് പ്രമുഖ കായികമാധ്യമമായ ക്രിക്കറ്റ് അഡിക്ടറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദിനേഷ് കാര്‍ത്തിക്

‘എന്തുതന്നെ വന്നാലും മുഹമ്മദ് ഷമി സൗത്ത് ആഫ്രിക്കയില്‍ ഉണ്ടായേ തീരൂ. ഷമിയില്ലെങ്കില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തല്ലുവാങ്ങിക്കൂട്ടുകയും അത് വലിയ പ്രയാസമുണ്ടാക്കുകയും ചെയ്യും.

ഐ.സി.സി ടൂര്‍ണമെന്റുകളിലെ നിങ്ങളുടെ ഏറ്റവും മികച്ച ബൗളറെ നിങ്ങള്‍ക്ക് എങ്ങനെ അവഗണിക്കാന്‍ കഴിയും?

മുഹമ്മദ് ഷമി. Photo: BCCI/x.com

മുന്‍കാലങ്ങളില്‍ ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തുന്ന ഒരു മെഷീന്‍ തന്നെയായിരുന്നു അദ്ദേഹം. മികച്ച സീം പൊസിഷനുണ്ട്, പന്ത് മനോഹരമായി സ്വിങ് ചെയ്യിക്കാന്‍ കഴിയും, ഇപ്പോഴും നല്ല വേഗതയുമുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് സ്ഥാനമില്ല.

നമ്മുടെ യുവ ബൗളര്‍മാര്‍ മിടുക്കരാണ്, പക്ഷേ ഷമിയുടെ ആ ക്ലാസിനോളം എത്താന്‍ അവര്‍ക്കായിട്ടില്ല. ഇനിയും സമയമുണ്ട്, ബി.സി.സി.ഐയും ഗൗതം ഗംഭീറും അദ്ദേഹത്തോട് സംസാരിക്കണം.

ഈയിടെയായി വലിയ രീതിയിലുള്ള ആശയവിനിമയക്കുറവ് നിലനില്‍ക്കുന്നുണ്ട്. തീര്‍ച്ചയായും ഇതിലും മികച്ചൊരു യാത്രയയപ്പ് (അവസാനം) അദ്ദേഹം അര്‍ഹിക്കുന്നുണ്ട്,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

മുഹമ്മദ് ഷമി. Photo: BCCI/x.com

2023 ലോകകപ്പിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു മുഹമ്മദ് ഷമി. ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തില്‍ നെടുംതൂണായതും ഷമിയുടെ പ്രകടനമായിരുന്നു.

ഹര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിന് പിന്നാലെ മാത്രം ടീമിലേക്കെത്തിയ ഷമി പന്തെറിഞ്ഞ ഏഴ് മത്സരത്തില്‍ നിന്നും 10.70 ശരാശരിയില്‍ 24 വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 57 റണ്‍സിന് ഏഴ് വിക്കറ്റുകളും താരം പിഴുതെറിഞ്ഞു. ഏകദിന ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ കൂടിയാണിത്.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഷമി സെലക്ടര്‍മാരുടെ റഡാറിന് പുറത്താണ്. ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും സെലക്ടര്‍മാര്‍ താരത്തെ പൂര്‍ണമായും അവഗണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദിനേഷ് കാര്‍ത്തിക് ഷമിയെ 2027 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്.

മുഹമ്മദ് ഷമി. Photo: BCCI/x.com

അടുത്ത വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ എന്നിവര്‍ സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്. 24 വര്‍ഷത്തിന് ശേഷമാണ് ആഫ്രിക്കന്‍ മണ്ണില്‍ ലോകകപ്പെത്തുന്നത്.

14 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കാനെത്തുക. 12 വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും.

Content highlight: Dinesh Karthik says Mohammed Shami should be included in the 2027 World Cup squad.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more